UPDATES

ട്രെന്‍ഡിങ്ങ്

ISL: മറ്റെന്തും സഹിക്കും, പക്ഷേ, ഫുട്ബോളില്‍ നിന്ന് മാറ്റിനിര്‍ത്തി മലബാറിനെ തോല്‍പ്പിക്കാമെന്ന് കരുതരുത്

പുതുതായി 3 ടീമുകള്‍ക്ക് കൂടി ഐസ്എല്ലില്‍ ഇടം നല്‍കുമ്പോള്‍ മലബാറിനെ തഴഞ്ഞ് തിരുവനന്തപുരത്തിന് ബിഡ് നല്‍കിയതിന്റെ മാനദണ്ഡമെന്ത്?

ചരിത്രപരമായിത്തന്നെ മലബാര്‍ മേഖല കേരളത്തിലെ വിവേചനത്തിന്റെ ഭൂപടമാണ്. പറഞ്ഞു തേഞ്ഞ വിവേചന കണക്കുകളിലേക്ക് ഇപ്പോള്‍ പുതിയൊരു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പതിപ്പ് കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു. ഐഎസ്എല്‍ പൂരം വിജയത്തിന്റെ ആഘോഷങ്ങളുടെ നാലാം പതിപ്പിലേക്ക് ചുവടു വെക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഹരം പകരുന്നൊരു വാര്‍ത്ത കൂടി പുറത്തു വന്നിട്ടുണ്ട്. പുതുതായി മൂന്ന് ടീമുകള്‍ക്ക് കൂടി ഐസ്എല്‍ ഇടം നല്‍കുന്നുവെന്നതും, സാധ്യതാ പട്ടികയിലുള്ള നഗരങ്ങളിലൊന്ന് നമ്മുടെ തിരുവനന്തപുരമാണെന്നതും സന്തോഷം തന്നെ. എങ്കിലും ഐസ്എല്ലിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നിന്റെ ലംഘനമാണ് മലപ്പുറം പോലെ ഫുടബോളിനെ ജീവവായുവാക്കിയ നഗരത്തെ തഴഞ്ഞ് തിരുവനന്തപുരത്തിന് നറുക്കു കൊടുക്കുന്നത്.

ഐസ്എല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ഒന്‍പതു നഗരങ്ങളുടെ വലിപ്പച്ചെറുപ്പങ്ങളിലേക്കും ഫുട്‌ബോള്‍ സാധ്യതകളിലേക്കും തല്‍ക്കാലം കടക്കുന്നില്ല. ഇവിടെ നമ്മുടെ കേരളത്തിന്റെ രണ്ടാം ഐസ്എല്‍ ടീമിന് തിരുവനന്തപുരത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടതിന്റെ ചെറിയൊരു വിലയിരുത്തല്‍ മാത്രമാണിത്. ഫുട്‌ബോളിനുള്ള ജനപ്രീതിയും ഫുടബോളിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളുമാണ് ഐസ്എല്‍ ഫ്രാഞ്ചൈസി അനുവദിക്കുന്നതിന് പ്രാഥമിക മാനദണ്ഡം, പിന്നെയുള്ളത് സാമ്പത്തിക താല്‍പര്യങ്ങളാണ്. ഇതിലേതു മാനദണ്ഡങ്ങളിലാണ് തിരുവനന്തപുരം മലപ്പുറത്തിന് മുന്നിലെത്തുക? ഇനി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്ന സ്റ്റാറ്റിറ്റ്യൂട്ടറി പദവി ഇല്ലാത്തതാണ് മലപ്പുറത്തിന്റെ വഴിയടച്ചതെങ്കില്‍, അത്തരമൊരു സാങ്കേതിക പദവി നിലവിലുള്ള കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങള്‍ എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല?

മലബാറിന്റെ ഫുട്ബോള്‍ നേട്ടങ്ങളുടെ ചരിത്രം 1956 മെല്‍ബണ്‍ ഒളിമ്പിക്‌സ് (ഒളിമ്പ്യന്‍ റഹ്മാന്‍) മുതല്‍ ഐഎസ്എല്ലിന്റെ തന്നെ ചുവടു പിടിച്ചു തുടങ്ങിയ മലബാര്‍ പ്രീമിയര്‍ ലീഗ് (MPL) 2015 വരെ നീളുന്നതാണ്. ഇതിനിടയിലുള്ള എണ്ണിയാലൊടുങ്ങാത്ത ആവേശത്തിന്റെ കാല്‍പ്പന്തുകളി കൂടിയാണ് മലബാറിന്റെ ചരിത്രം. മഴക്കാലത്തെ മാറ്റി നിര്‍ത്തിയാല്‍ എവിടെയും ഫുട്‌ബോള്‍ മേളകള്‍ കാണാനാവുന്നൊരു കുഞ്ഞു ബ്രസീലോ അര്‍ജന്റീനയോ ആണ് മലബാര്‍. ഇവിടെ ഉത്സവകാലങ്ങളിലെ പൂരവും ഫുട്‌ബോള്‍ പൂരങ്ങളും എണ്ണത്തില്‍ തുല്യമാണെന്നത് അതിശയോക്തിയല്ല.

കാരണം മലബാറിന്റെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ സിരകളിലോടുന്നത് ഫുട്‌ബോളാണ്. ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളെല്ലാം വാനോളം പുകഴ്ത്തിയ, കഴിഞ്ഞ സീസണുകളില്‍ കൊച്ചിയുടെ നിറഞ്ഞു കവിഞ്ഞ ഗ്യാലറികളില്‍ സിംഹഭാഗവും ഒരു ദിവസത്തെ സകല ജീവിതവും മാറ്റി വെച്ച് ഫുടബോളിനെ നെഞ്ചേറ്റിയ മലപ്പുറത്തിന്റെ ഖല്‍ബാണ്. ഇന്ത്യയിലെ ഫുട്‌ബോളിന്റെ മെക്കയായ മലപ്പുറത്ത് ഫുടബോളിനു വളരാനുള്ള സാഹചര്യമില്ലെന്ന് ആര്‍ക്കു പറയാനാവും? കാര്യങ്ങള്‍ ഇങ്ങനെയാവുമ്പോള്‍ സാമ്പത്തിക നേട്ടത്തിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ഫുട്‌ബോളില്‍ കണ്ണുമടച്ചു വിശ്വസിച്ച് നിക്ഷേപകര്‍ക്ക് പണം ഇറക്കാന്‍ കഴിയുന്നയിടമാണ് മലബാര്‍. ഇവിടെ നിങ്ങളുടെ സാമ്പത്തിക നേട്ടത്തിന്റെ കണക്കുകള്‍ ഊഹിക്കാന്‍ പോലുമാകില്ലെന്നുറപ്പ്.

യഥാര്‍ത്ഥത്തില്‍ കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയവും ഇനി വരാനിരിക്കുന്ന തിരുവനന്തപുരത്തിന്റെ സ്റ്റേഡിയവും ആവേശക്കടലാവുന്നത് മലപ്പുറത്തിന്റെ, മലബാറിന്റെ കറ കളഞ്ഞ കാല്‍പ്പന്തു കളിയോടുള്ള പ്രേമം ഒന്നു കൊണ്ട് മാത്രമാണ്. പരാതി പറയാതെ ഫുട്‌ബോളിനെ അത്രമേല്‍ സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്നൊരു ജനതയുടെ മതമാണത്. അതുകൊണ്ട് മാത്രം കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം ഇനിയും വാനോളമുയര്‍ന്നേക്കാം… ആഘോഷിക്കപ്പെട്ടേക്കാം… ഒരുപക്ഷേ അന്നും സാങ്കേതികതയുടെ വിവേചനക്കുരുക്കുകള്‍ മാറ്റമില്ലാതെ നില നിന്നേക്കും. ഭാവിയില്‍ മറ്റൊരു തൃശൂര്‍ എഫ്‌സിയോ കോട്ടയം എഫ്‌സിയോ വീണ്ടും ഐഎസ്എല്ലില്‍ ഇടം കണ്ടേക്കും. എഴുതി അവസാനിപ്പിക്കേണ്ടത് ഇങ്ങനെയാവുന്നതില്‍ ദുഃഖമുണ്ട്. സാധാരണയായി എഴുത്ത് അവസാനിപ്പിക്കേണ്ടത് പ്രതീക്ഷ പുലര്‍ത്തിക്കൊണ്ടാണ്. പക്ഷെ വായിച്ച മലബാര്‍ ചരിത്രങ്ങളിലൊന്നും അങ്ങനെ ഒരു പ്രതീക്ഷ കാണാനാവുന്നില്ല.

ഒന്നുകൂടി, മലബാറിനോട് ബാക്കിയുള്ള എന്തു കാര്യത്തിനും വിവേചനമോ ചതിയോ കാട്ടിയാല്‍ ചിലപ്പോള്‍ സഹിച്ചെന്നിരിക്കും, ക്ഷമിച്ചെന്നിരിക്കും, പക്ഷെ ഫുട്‌ബോളില്‍ കളിക്കിറങ്ങാതെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ക്ഷമിച്ച് തരില്ല ഈ ജനത. അത് കൂടി ഓര്‍ക്കുന്നത് നല്ലതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഷ്‌റഫ് പുളിക്കമത്ത്

അഷ്‌റഫ് പുളിക്കമത്ത്

മദ്രാസ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍