UPDATES

ഇത് തുടക്കം മാത്രം, ഹിമ ആകാശങ്ങള്‍ കീഴടക്കും: പരിശീലകന്‍ നിപോണ്‍ ദാസ്/ അഭിമുഖം

ഒരു ഹിമ ലോകം കീഴടക്കുന്നത് നമ്മള്‍ കണ്ടു. ലോകത്തിനു ഇതുപോലുള്ള നിരവധി ഹിമമാരെ നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- നിപോണ്‍

IANS-ന് വേണ്ടി നിവേദിത, നിപോണ്‍ ദാസുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്നും

കുറച്ചു ദിവസങ്ങള്‍ മുമ്പ് വരെ ധിങിലെ ഈ നെല്‍കൃഷിക്കാരന്റെ മകളെ ലോകം അറിയുന്നുണ്ടായിരുന്നില്ല, വലിയ വിജയത്തിനായുള്ള അവളുടെ ലക്ഷ്യങ്ങളെയും. ഇപ്പോള്‍ 20 വയസിനു താഴെയുള്ളവരുടെ ലോക അത്ലറ്റിക് മീറ്റില്‍ വനിതകളുടെ 400 മീറ്ററില്‍ ജേത്രിയായതോടെ അഭിനന്ദനങ്ങളും ലോകശ്രദ്ധയും അവളുടെ മേലാണ്.

ഒരു ബോളിവുഡ് സിനിമപോലെ നാടകീയമാണ് ഹിമ ദാസിന്റെ വിജയത്തിലേക്കുള്ള യാത്രയും. എന്നാല്‍ ഇത് ഹിമയുടെ വിജയയാത്രയിലെ തുടക്കം മാത്രമാണെന്നും ഏഷ്യന്‍ കായിക മേളയിലും അവള്‍ പതക്കം നേടുമെന്നുമാണ് പരിശീലകന്‍ നിപോണ്‍ ദാസിന്റെ വിശ്വാസം. ‘തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്സാഹവും സമര്‍പ്പണവും അവള്‍ക്കെല്ലായ്പ്പോഴുമുണ്ട്. 2017 ജനുവരിയില്‍ ഞാനവളെ ആദ്യം കണ്ടപ്പോള്‍ത്തന്നെ അവള്‍ ആകാശത്തോളമെത്തുമെന്നും രാജ്യത്തിനുവേണ്ടി മഹത്തായ കാര്യമാണ് ചെയ്യുമെന്നും എനിക്കറിയാമായിരുന്നു’ എന്നുമാണ് നിപോണ്‍ പറയുന്നത്.

അസമിലെ ഒട്ടും അറിയപ്പെടാത്ത ഒരു ഗ്രാമത്തില്‍ നിന്നും വന്ന ഹിമ ഫിന്‍ലാന്റിലെ ടംപേരെയില്‍ നടന്ന 20 വയസിനു താഴെയുള്ളവരുടെ IAAF ലോക അത്ലറ്റിക് മത്സരത്തില്‍ വനിതകളുടെ 400 മീറ്ററില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു. പക്ഷെ ഈ വലിയ വിജയത്തിന് മുമ്പ്, 18 വയസുകാരി ഹിമയ്ക്കു നെല്‍പ്പാടങ്ങള്‍ക്കടുത്തുള്ള മണ്‍നിലങ്ങളില്‍ ഫുട്‌ബോള്‍ പരിശീലിക്കേണ്ടി വന്നു. നിപോണ്‍ അവളെ കാണുന്നതിന് മുമ്പായിരുന്നു അത്.

ഗുവഹാത്തിയിലേക്ക് അവളെ പറഞ്ഞയക്കണമെന്ന് നിപോണ്‍ അവളുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തി. അവിടെയുള്ള സംസ്ഥാന അക്കാദമിയില്‍ ബോക്‌സിംഗും പന്തുകളിയും മാത്രമേ പരിശീലിപ്പിച്ചിരുന്നുള്ളൂ. അയാളും സംസ്ഥാന പരിശീലകന്‍ നബജിത് മലകരും ഹിമയുടെ മികവ് കണ്ട് അവളെ വായ്പ സംഘടിപ്പിച്ച് ആ വര്‍ഷം കെനിയയില്‍ നടന്ന ലോക യുവജന കായിക മേളക്ക് അയച്ചു.

അസാമിലെ വയലുകളില്‍ നിന്ന് വന്ന് സ്വര്‍ണം കൊയ്ത ഹിമ ദാസിനെ അറിയാം

കളിയോടുള്ള ഹിമയുടെ അര്‍പ്പണത്തെക്കുറിച്ച് നിപോണ്‍ പറയുന്നു: അവള്‍ 100, 200 മീറ്റര്‍ ഓട്ടത്തിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. നന്നായി ഓടുകയും ചെയ്തു. പക്ഷെ അവള്‍ക്കു 400 മീറ്ററില്‍ കൂടുതല്‍ തിളങ്ങാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് തോന്നി. ഞാനവളെ 400 മീറ്റര്‍ ഓട്ടത്തിന് കൊണ്ടുപോയി. അവള്‍ നന്നായി ഓടി. അതിനു ശേഷം അവളുടെ 400 മീറ്റര്‍ പരിശീലനം തുടങ്ങി.

‘ഹിമ കഠിനമായി പരിശ്രമിക്കുകയും സമര്‍പ്പണവും നല്ല മാനസിക കരുത്തുമുള്ള ഒരാളാണ്. കാര്യങ്ങള്‍ നിരീക്ഷിച്ചു മനസിലാക്കും. മൈതാനത്തുള്ളപ്പോള്‍, ചെയ്യുന്ന പ്രവര്‍ത്തിയിലല്ലാതെ മറ്റൊന്നും അവളുടെ ശ്രദ്ധയാകര്‍ഷിക്കില്ല’ നിപോണ്‍ പറഞ്ഞു. ആണ്‍കുട്ടികളോടൊപ്പം പരിശീലിക്കാനാണ് ഹിമയുടെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

‘അതൊരു തന്ത്രമായിരുന്നു. ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിക്കൊപ്പം പരിശീലിച്ചാല്‍ അവളുടെ പ്രകടനം മെച്ചപ്പെടും. അവള്‍ക്കു വലിയ ആത്മവിശ്വാസമാണ്. ഒരു കാര്യം ചെയ്യാന്‍ നിശ്ചയിച്ചയാള്‍, അത് ചെയ്യും.’ അവളുടെ കുടുംബത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു.

‘ഗുവഹാത്തിയിലേക്കു മാറണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ ആദ്യം പറഞ്ഞത്- ‘എനിക്കെന്റെ വീട്ടുകാരോട് ചോദിക്കണം എന്നാണ്. അവര്‍ ഉടനെ സമ്മതവും തന്നു. അവരെ സംബന്ധിച്ച് അവള്‍ രാജ്യത്തിനു വേണ്ടി വലിയൊരു കാര്യം ചെയ്യാന്‍ പോവുകയായിരുന്നു. അവളുടേത് ഒരു കൂട്ടുകുടുംബമാണ്, അവരെല്ലാവരും നല്ല പിന്തുണ നല്‍കി.’

‘ഇപ്പോള്‍ അവളുടെ ഇളയ സഹോദരിയെയും പരിശീലിപ്പിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ആസാമിലേക്കു പോകാനും കായികരംഗത്തെ വലിയ കാര്യങ്ങള്‍ നേടാനും ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിയുന്ന പ്രതിഭകളെ തേടാനും പദ്ധതിയുണ്ട്. ഹിമയ്ക്കും അതെ പദ്ധതിയാണ്,’ നിപോണ്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചുദിവസങ്ങള്‍ക്കു മുമ്പുവരെ ഹിമ ആരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു, എന്നാല്‍ ഇപ്പോള്‍ ലോകം മാറിയിരിക്കുന്നു. ‘സാധ്യമായ എല്ലാ വഴിയിലും ഹിമയെ സഹായിക്കാമെന്ന് പറഞ്ഞുകൊണ്ട് ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്. അതേപോലെ മറ്റുള്ള കായികതാരങ്ങളെയും സഹായിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്, അതാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു ഹിമ ലോകം കീഴടക്കുന്നത് നമ്മള്‍ കണ്ടു. ലോകത്തിനു ഇതുപോലുള്ള നിരവധി ഹിമമാരെ നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ നിപോണ്‍ പറഞ്ഞു.


ഹിമയുടെ ഭാവി പരിപാടികളെക്കുറിച്ച് പറയവേ അവള്‍ ഏഷ്യന്‍ മേളയില്‍ വലിയ വിജയം നേടുമെന്നതില്‍ നിപോണിന് സംശയമില്ല. ‘ഏഷ്യന്‍ മേളയിലും അവള്‍ വിജയിക്കുമെന്നതില്‍ എനിക്ക് സംശയമില്ല. അവള്‍ക്കു എന്നെക്കാള്‍ ആത്മവിശ്വാസമാണ്. അവളെന്നോട് എപ്പോഴും പറയും, ‘സാര്‍, ഞാന്‍ പതക്കങ്ങള്‍ക്ക് പിന്നാലെയാണ്, സമയത്തിനെതിരെയാണ് ഓടിയിട്ടുള്ളത്. ഒരോട്ടം പൂര്‍ത്തിയാക്കാന്‍ കുറച്ചു സമയം എടുത്താല്‍ തീര്‍ച്ചയായും ഞാന്‍ സ്വാഭാവികമായും വിജയിക്കും.’ ഏഷ്യന്‍ മേളയിലും അവള്‍ ഇന്ത്യക്കു അഭിമാനിക്കാവുന്ന നിലയുണ്ടാക്കും.’

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പലെംബാങ്കിലുമാണ് ഓഗസ്റ്റ് 18 മുതല്‍ 2018-ലെ ഏഷ്യന്‍ കായികമേള നടക്കുന്നത്. സമൂഹത്തിന്റെ നാനാകോണുകളില്‍ നിന്നും അവള്‍ക്കു അഭിനന്ദന സന്ദേശങ്ങള്‍ കിട്ടിയപ്പോള്‍, അവളുടെ ജാതി തിരഞ്ഞവരും അതിനിടയില്‍ ഉണ്ടായിരുന്നു.

ആളുകളുടെ കാഴ്ച്ചപ്പാട് മാറാന്‍ സമയമെടുക്കും എന്ന് പറഞ്ഞുകൊണ്ട് നിപോണ്‍ പറഞ്ഞു, ‘ചിലര്‍ മാത്രമാണ് നിഷേധാത്മകമായി ചിന്തിക്കുന്നത്. ആരെങ്കിലും വിജയിക്കുന്നത് കാണാന്‍ അവര്‍ക്കിഷ്ടമില്ല. എല്ലാവര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമുണ്ട്. പക്ഷെ വിമര്‍ശനം ക്രിയാത്മകമാകണം. എന്നാല്‍ ആളുകള്‍ എങ്ങനെ ചിന്തിക്കണം എന്ന് നിയന്ത്രിക്കാന്‍ നമുക്കാവില്ല. ഇതും സ്വഭാവത്തിന്റെ ഭാഗമാണ്, അതില്‍ നിയന്ത്രണം നടക്കില്ല.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍