UPDATES

കായികം

‘ഇനി മുതല്‍ ഞാന്‍ ഒരു അര്‍ജന്റീന ആരാധകന്‍ മാത്രം’; മഷരാനോ ബൂട്ടഴിച്ചു

സെന്റര്‍ ബാക്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിക്കുന്ന മഷെരാനോ 147 മത്സരങ്ങളില്‍ മൂന്നു ഗോളുകളടിച്ചിട്ടുണ്ട്.

‘ആ കഥ അവസാനിച്ചിരിക്കുന്നു. അവസാന നിമിഷം വരെ ഞങ്ങള്‍ പോരാടി. പരമാവധി ശ്രമിച്ചു. കൈയിലുള്ളതെല്ലാം നല്‍കി. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് പിഴച്ചു. പക്ഷേ ആ കഥ അവസാനിച്ചിരിക്കുന്നു. ഗോളടിക്കാനുള്ള അവരുടെ ഓരോ ശ്രമങ്ങളും ഞങ്ങളെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. അത് ടീമിനുണ്ടാക്കിയ തകരാര്‍ ചെറുതല്ല. ഇനി മുതല്‍ ഞാന്‍ ഒരു അര്‍ജന്റീന ആരാധകന്‍ മാത്രമാണ്.’

റഷ്യന്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറിലേറ്റ തോല്‍വിക്ക് പിന്നാലെ ബൂട്ടഴിച്ചു കൊണ്ട് മഷരാനോ പറഞ്ഞതാണീ വാക്കുകള്‍. ഇനി അര്‍ജന്റീനയുടെ ജഴ്സിയില്‍ മഷരാനോയുണ്ടാവില്ല. റഷ്യന്‍ ലോകകപ്പിന് ശേഷം അര്‍ജന്റീനയുടെ ജഴ്സി അഴിക്കുമെന്ന് മഷരാനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2003-ലാണ് താരം അര്‍ജന്റീനയ്ക്കു വേണ്ടി ആദ്യ മല്‍സരത്തിനിറങ്ങുന്നത്. 147 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. അര്‍ജന്റീനയ്ക്കായി ഏറ്റവും അധികം കളികള്‍ കളിച്ച താരമെന്ന റെക്കോഡും മഷരാനോയുടെ പേരിലാണ്. ഈ ലോകകപ്പില്‍ ഐസ്ലാന്‍ഡിനെതിരെയുള്ള മത്സരത്തിലാണ് അദ്ദേഹം ഈ ചരിത്രനേട്ടത്തിനു ഉടമയായത്. ജിവിയെര്‍ സനെറ്റിയുടെ റെക്കോഡാണ് താരം മറികടന്നത്.

2014-ല്‍ ലോകകപ്പ് ഫൈനലിലും 2015, 2016 കോപ്പ അമേരിക്ക ഫൈനലിലും കളിച്ച അര്‍ജന്റീന ടീമില്‍ മഷരാനോയും അംഗമായിരുന്നു. സെന്റര്‍ ബാക്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിക്കുന്ന മഷെരാനോ 147 മത്സരങ്ങളില്‍ മൂന്നു ഗോളുകളടിച്ചിട്ടുണ്ട്. 2007 മുതല്‍ 2010 വരെ ലിവര്‍പൂളിന്റെ താരമായിരുന്ന മഷരാനോ 2010 മുതല്‍ എട്ടു വര്‍ഷം ബാഴ്സലോണയിലും കളിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡ് ആയിരുന്നു മഷരാനോ കളിച്ച മറ്റൊരു യൂറോപ്യന്‍ ഫുട്ബാള്‍ ക്ലബ്. നിലവില്‍ ചൈനീസ് ക്ലബ്ബ് ഹെബെയ് ചൈന ഫോര്‍ച്യൂണ്‍ എഫ്.സിയുടെ താരമാണ്. ക്ലബ് ഫുട്ബാളില്‍ തുടരും എന്ന് താരം അറിയിച്ചിട്ടുണ്ട്.

റഷ്യന്‍ ലോകകപ്പില്‍ ഒന്‍പതു ഗോളുകളാണ് അര്‍ജന്റീന വഴങ്ങിയത്, ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മോശം ഡിഫന്‍സ് ആണ്. മഷരാനോ നേതൃത്വം നല്‍കുന്ന പ്രതിരോധ നിര ലോകകപ്പിലുടനീളം അബദ്ധങ്ങളുടെ ഘോഷയാത്ര നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. ലോകകപ്പിലെ നിരാശാജനകമായ തോല്‍വിക്ക് ശേഷം വിരമിച്ച കളിക്കാരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.. ആ ലിസ്റ്റിലെ ഒടുവിലത്തെ പേരായിരിക്കും ജാവിയര്‍ മഷരാനോ.

ഫ്രാന്‍സിനെതിരേ 4-3 നായിരുന്നു അര്‍ജന്റീനയുടെ തോല്‍വി.

മിശിഹയ്ക്കുമടങ്ങാം; ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം

കവാനി കവര്‍ന്നു റൊണാള്‍ഡോയുടെ സ്വപ്നം

ഈ ലോകകപ്പ് മിസ് ചെയ്യുന്നത് കൊളീനയെ

‘ഇറാനിയന്‍ മെസി’ വിരമിച്ചു: അമ്മയുടെ ആരോഗ്യം മോശമായത് താന്‍ അപമാനിക്കപ്പെട്ടതില്‍ മനം നൊന്തെന്ന് ആരോപണം

ANALYSIS: ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിലെ അപ്രതീക്ഷിത വീഴ്ചകളും ഉയര്‍ച്ചകളും

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍