UPDATES

ട്രെന്‍ഡിങ്ങ്

ഫാൻസുകാർ കണ്ണു തുറന്ന് കാണണം: അവരും നിങ്ങളും കളിക്കുന്നത് ഫുട്ബോളല്ല; മറ്റൊരു മെസ്സിയുണ്ട് മറ്റൊരു റൊണാൾഡോയും!

ഫുട്ബോളിലേക്ക് വൻതോതിൽ മൂലധനം ഒഴുകി വരുന്ന പുതിയ കാലത്ത്, മൈതാനത്തിനകത്തും പുറത്തും സംഭവിയ്ക്കുന്നതെല്ലാം കേവലം യാദൃശ്ചികമല്ല. അതൊന്നും അത്രമേൽ നിഷ്കളങ്കവുമല്ല.

കളിക്കളത്തിന് അകത്തും പുറത്തുമുള്ള കളികളിൽ ആണ്ടുമുഴുകിയിരിക്കുന്നവർ എല്ലാ ‘കളി’കളും കാണുന്നുണ്ടോ? കളിയിലെ മൂലധന പെരുമാറ്റം അവർ ശ്രദ്ധിക്കുന്നുണ്ടോ? കളിക്കാരും ആരാധകരും ഒരേ കളിയാണോ കളിക്കുന്നത്? ഫേസ്ബുക്ക് ഡയറിയിൽ ഇന്ന് ജയദേവൻ കിഴക്കേപ്പാട്ടിന്റെ നിരീക്ഷണങ്ങൾ.

സ്പെയിനിനെതിരായ കളിയിൽ, തന്റെ ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ആഘോഷത്തിനിടെ വായുവിൽ ഉയർന്നു ചാടി കീഴ്ത്താടിയിൽ പ്രത്യേകമായ ഒരാംഗ്യം കാണിച്ചത് ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. താടിയുള്ളത് തനിക്കാണ് എന്ന ആ പ്രഖ്യാപനം, കളിക്കളത്തിൽ അയാളുടെ എതിരാളിയായി കണക്കാക്കപ്പെടുന്ന ലയണൽ മെസ്സിക്ക് മാത്രമുള്ളതായിരുന്നില്ല. അത് സ്പോർട്സ് ഉപകരണ നിർമ്മാണ മേഖലയിലെ ആഗോള ഭീമനായ ജർമ്മൻ കമ്പനി എഡിഡാസിനുള്ള (ADIDAS) നുള്ള മറുപടി കൂടിയായിരുന്നു.

എഡിഡാസിന്റെ ബ്രാൻറ് അംബാസഡർ മെസ്സിയാണ്. ലോക മാർക്കറ്റിലെ രണ്ടാം സ്ഥാനക്കാരായ ‘എഡിഡാസ് ‘ കഴിഞ്ഞ വർഷം 27 മില്യൻ ( ‘1 മില്യൻ = 10 ലക്ഷം) യു.എസ്. ഡോളറാണ് പരസ്യയിനത്തിൽ മെസ്സിക്ക് നൽകിയത്.ഈയിടെ ‘ GOAT ‘ എന്ന പേരിൽ, കൂറ്റനൊരു മുട്ടനാടിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന മെസ്സിയുടെ ചിത്രം ‘എഡിഡാസ് ‘ പുറത്തുവിടുകയുണ്ടായി. ഈ GOAT പക്ഷേ, വെറുമൊരു ആടല്ല. Greatest Of All Time ചുരുങ്ങിയുണ്ടായ ഒരാടാണ്. അതായത്, ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ കളിക്കാരനാണ് മെസ്സി എന്നാണ് എഡിഡാസ് പറയുന്നത്. അതും ഒരു പരസ്യചിത്രത്തിലൂടെ.

എന്നാൽ ആ ആട് താനാണ് എന്ന് പറയുന്ന റൊണാൾഡോ ,ഇന്നലെ ചെറിയൊരു കുറ്റിത്താടിയുമാണ് മൈതാനത്തെത്തിയത്. മെസ്സിയും അയാളുടെ സ്പോൺസർമാരും മാത്രമല്ല; അമേരിക്കൻ ഭീമനായ ‘നൈകി’ (Nike) കമ്പനിയുടെ ഭാരവാഹികളും തന്റെയീ പ്രകടനം കാണുന്നുണ്ടാകുമെന്ന് അയാൾക്ക് തീർച്ചയുണ്ട് ..’നൈകി’ യുടെ അംബാസഡറാണ് ക്രിസ്റ്റ്യാനോ. ഫോബ്സ് മാസികയുടെ അനൗദ്യോഗികമായ ഒരു റിപ്പോർട്ട് പ്രകാരം, 1 ബില്യൻ (1 ബില്യൻ = 100 കോടി) യു.എസ്. ഡോളറിനാണ് അവർ ക്രിസ്റ്റ്യാനോയുമായി ആജീവനാന്ത കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. അതായത്, കളിക്കളത്തിലെ മികച്ചവരുടെ പിറകിൽ വിപണിയിലെ മികച്ചവരുമുണ്ട് എന്നർത്ഥം.

ഫുട്ബോളിന്റെ ആരാധകർ, താരങ്ങളുടെ പിറകിലുള്ള ഈ കച്ചവടക്കാരെ കണ്ണ് തുറന്ന് കാണണം. ക്രിസ്റ്റ്യനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ സൃഷ്ടിച്ച വലിയ കളിക്കാരിൽ രണ്ട് പേരാണ്. പക്ഷേ, ആവേശം മൂത്ത്, അവർ ഇതിഹാസങ്ങളാണ്, ചങ്കാണ്, കരളാണ്, കോപ്പാണ് എന്നൊക്കെ പറയുന്നവർ ഇതിഹാസങ്ങളെ കണ്ടവരാകില്ല എന്നതോ പോകട്ടെ.അവർ മെസ്സിയുടേയും റൊണാൾഡോയുടേയും വരെ മികച്ച കളികളൊന്നും കണ്ടവർ പോലുമാകില്ല. എന്നിട്ടും ഇജ്ജാതി തട്ടൊക്കെ തട്ടുന്നത്, പത്രങ്ങളും ടെലിവിഷനും ഈ ഭാഷയിൽ സംസാരിക്കുന്നത് കൊണ്ടാണ്. അവരുടെ ഭാഷ ഇത്രമേൽ അലങ്കാരമാകാനുള്ള കാരണമാകട്ടെ, വിപണിയിലെ ഒന്നും രണ്ടും ഭീമന്മാരാണ് മൈതാനത്തെ ഒന്നും രണ്ടും താരങ്ങളുടെ പിറകിൽ എന്നതുമാണ്. അപ്പോൾ ഉള്ളതിനേക്കാൾ വലിപ്പം മെസ്സിക്കും റൊണാൾഡോയ്ക്കുമുണ്ട് എന്ന് ലോകം കരുതേണ്ടത് ഫുട്ബോളിന്റെ ആവശ്യമല്ല. നൈകിയുടേയും എഡിഡാസിന്റേയും ആവശ്യമാണ്.

ഫുട്ബോളിലേക്ക് വൻതോതിൽ മൂലധനം ഒഴുകി വരുന്ന പുതിയ കാലത്ത്, മൈതാനത്തിനകത്തും പുറത്തും സംഭവിയ്ക്കുന്നതെല്ലാം കേവലം യാദൃശ്ചികമല്ല. അതൊന്നും അത്രമേൽ നിഷ്കളങ്കവുമല്ല.

ദേശരാഷ്ട്രം എന്ന സങ്കൽപ്പത്തെപ്പോലും മൂലധനം അപ്രസക്തമാക്കും എന്ന മാർക്സിന്റെ പ്രവചനത്തിന് ഫുട്ബോളിലുമുണ്ട് ഗംഭീരമായൊരു സാംഗത്യം. ലയണൽ മെസ്സിയുടെ കാര്യം തന്നെയെടുക്കൂ – അയാളുടെ രാജ്യം അർജൻറീനയാണ്, ക്ലബ്ബ് സ്പെയിനിലെ ബാഴ്സലോണ. പരസ്യം ചെയ്യുന്നത് ജർമ്മനിയിലെ എഡിഡാസിന്. റൊണാൾഡോയുടെ കാര്യത്തിലാണെങ്കിൽ, രാജ്യം പോർച്ചുഗൽ. ക്ലബ്ബ്, സ്പാനിഷ് ഭീമൻ റയൽ മാഡ്രിഡ്. പരസ്യം അമേരിക്കയിലെ നൈകിക്ക്..! അപ്പോൾ യഥാർത്ഥത്തിൽ ഇവർ ആരുടെയൊക്കെയാണ്…? ആർക്കെല്ലാം വേണ്ടിയാണ് ഇവരെല്ലാം കളിക്കേണ്ടി വരുന്നത്…?

ഫേൻസ് അസോസിയേഷൻ ഭാരവാഹികൾ ക്ഷമിക്കുക -നാം മനസ്സിലാക്കിയാലും ഇല്ലെങ്കിലും ആധുനിക ഫുട്ബോളിൽ ഫുട്ബോൾ മാത്രമല്ല ഉള്ളത്. മെസ്സിയും റൊണാൾഡോയും ഫുട്ബോളിലൂടെ സൃഷ്ടിക്കപ്പെട്ട ലോകപൗരന്മാരാണ്. അതായത്, നമ്മുടെയെല്ലാം സ്വന്തം. അവരെ കാണുക, അവരിലൂടെ ആനന്ദിക്കുക, ഒരുമയുടേയും പ്രതിരോധത്തിന്റേയും ആക്രമണത്തിന്റേയും പാഠങ്ങൾ അവരിലൂടെ പഠിക്കുക.

എന്നാൽ മറ്റൊരു മെസ്സിയുണ്ട്; മറ്റൊരു റൊണാൾഡോയും. എല്ലാ മനുഷ്യാനുഭവങ്ങളേയും റൊക്കം പണത്തിന്റെ മഞ്ഞു വെള്ളത്തിലാഴ്ത്തിയ ലാഭമോഹിതമായ മൂലധനം സൃഷ്ടിച്ച രണ്ടു പേർ. ദൗർഭാഗ്യത്തിന്, നമ്മുടെ തെരുവുകളിൽ നിറയെ അവരാണ്. റൊണാൾഡോയോട് കണ്ടം വഴി ഓടാനാവശ്യപ്പെടുന്ന മെസ്സിയും, മെസ്സിയോട് ആണൊരുത്തനായ ഞാനുണ്ടെങ്കിൽ പിന്നെ നീയെന്തിന് എന്ന് ചോദിയ്ക്കുന്ന റൊണാൾഡോയും ഫുട്ബോളിന് വെളിയിലുള്ളവരാണ്. അവരിലൂടെ ഉണ്ടാകുന്നത് ഫുട്ബോളിന്റെ ആഴമേറിയ വികാര-വിചാര ലോകങ്ങളല്ല. വിപണിയുടെ ആഴം കുറഞ്ഞ കെട്ടുകാഴ്ച്ചകളും പലതരം മാലിന്യങ്ങളുടെ (പ്ലാസ്റ്റിക്/സാംസ്കാരിക/ദൃശ്യ മാലിന്യങ്ങൾ) തിരുതകൃതിയായ കച്ചവടങ്ങളുമാണ്. അതു കൊണ്ട് തെരുവ് ബോഡുകളിലെ അശ്ലീലം നിറഞ്ഞ താരങ്ങളെ, പറ്റുമെങ്കിൽ ഇന്നു തന്നെ അഴിച്ചു വെയ്ക്കുക. പകരം മൈതാനത്തെ പന്താട്ടക്കാരെ പിന്തുടരുക. അങ്ങനെ ഫുട്ബോളിലെ ഫുട്ബോളിനെ തിരിച്ചറിയുക. അതൊരു കാഴ്ച്ചയല്ല; ഇടപെടലാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ലോകകപ്പ് മെസിയോട് നീതി കാട്ടുമോ?

ഇനി അര്‍ജന്‍റീനയുടെ സാധ്യത ഇങ്ങനെ; ഭാഗ്യദേവത കൂടി കടാക്ഷിച്ചാല്‍….

എന്നാണ് നമ്മള്‍ ‘വാമോസ് മെസി’ക്കൊപ്പം ‘കമോണ്‍ട്രാ ഛേത്രീ’യെന്ന് തൊണ്ടപൊട്ടുമാറ് അലറുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍