UPDATES

കായികം

‘അങ്ങനെ ഒരു സംഭവം നടന്നട്ടില്ല’ മാപ്പപേക്ഷിച്ച് മഞ്ഞപ്പട അംഗം; വിനീത് കേസ് പിന്‍വലിച്ചു

മാച്ച് കമ്മീഷണര്‍ സികെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചാരണത്തിലുണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെരെ നല്‍കിയ കേസ് മലയാളി താരം സികെ വിനീത് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ വ്യാജ പ്രചരണം നടത്തിയതിന് മഞ്ഞപ്പട ഗ്രൂപ്പ് അംഗത്തിനെതിരെ ചെന്നൈയിന്‍ എഫ്‌സി താരമായ വിനീത് എറണാകുളം സിറ്റി പൊലീസിന് പരാതി നല്‍കിയിരുന്നു. ആരോപണ വിധേയനെതിരെ പോലീസ് നടപടി ആരംഭിച്ചതോടെ ഖേദം അറിയിച്ച് മഞ്ഞപ്പട അംഗം വിനീതിനോട് രേഖാമൂലം ക്ഷമ ചോദിച്ചതിനെ തുടര്‍ന്നായിരുന്നു വിനീത് കേസ് പിന്‍വലിച്ചത്.

ഫെബ്രുവരി 15ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിന്‍ എഫ്‌സി മത്സരത്തിനിടയില്‍ സികെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മാച്ച് കമ്മീഷണര്‍ സികെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചാരണത്തിലുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വിനീത് പരാതി നല്‍കിയത്. മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചാരണം നടത്തുന്നുണ്ടെന്നും ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പോലീസിനോട് പറഞ്ഞിരുന്നു.

അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും കഥ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും കേരള ബ്ലാസ്റ്റേഴ്സ് അംഗം രേഖാ മൂലം വ്യക്തമാക്കി. മഞ്ഞപ്പടയുടെ എക്സിക്യൂട്ടിവ് മെമ്പറായ ഇയാള്‍ വിനീതിനോടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോടും ക്ഷമ ചോദിച്ചു. വിനീതിായി അയച്ച കത്തിലാണ് ക്ഷമാപണം.

കത്തിന്റെ പൂര്‍ണരൂപം

മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് മെമ്പറായ ഞാന്‍ ഫെബ്രുവരി 15ന് കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിന്‍ എഫ്സി മത്സരത്തിന് ശേഷം മത്സരത്തിന്റെ റിപ്പോര്‍ട്ട് ആയി മഞ്ഞപ്പടയുടെ എക്സിക്യൂട്ടിവ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അവതരിപ്പിച്ച ഒരു വോയ്സ് റെക്കോര്‍ഡ് ഗ്രൂപ്പില്‍ നിന്ന് ലീക്കാവുകയും അത് സികെ വിനീതിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു. ആ മാച്ചിനിടയില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നും തെറ്റായ കാര്യം അടങ്ങിയ ഒരു വോയ്സ് ക്ലിപ്പാണ് ഗ്രൂപ്പില്‍ അയച്ചത് എന്നതിനാല്‍ ബോധ്യപ്പെടുത്തുന്നു. മഞ്ഞപ്പടയ്ക്ക് ഇതില്‍ നേരിട്ടൊരു ബന്ധവുമില്ല. ഇതിന്റെ പേരില്‍ ഉണ്ടായിട്ടുള്ള വിഷമങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സിനോടും സികെ വിനീതിനോടും ക്ഷമ ചോദിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍