UPDATES

ഗിരീഷ്‌ ഇപ്പോള്‍ എവിടെയാണ്? ഉസൈന്‍ ബോള്‍ട്ടുമാരെ നമ്മള്‍ ‘കൊല്ലുന്നത്’ ഇങ്ങനെയാണ്

ട്രാക്കിലെ ഈ മിന്നല്‍ താരത്തിന് കിടപ്പാടമില്ല; കൂലിപ്പണിയില്ലെങ്കില്‍ കുടുംബം പട്ടിണിയിലുമാവും

കണ്ണൂരിലെ കൊട്ടിയൂര്‍ സ്വദേശി ഗിരീഷിനെ ഇന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളിലൂടെ കേരളത്തിലെ ഒട്ടുമിക്ക ആളുകളും ഗിരീഷിനെ അറിഞ്ഞിരുന്നു. അത്‌ലറ്റിക്‌സിലെ ഗ്ലാമര്‍ ഇനമായ 100 മീറ്ററിലും 200 മീറ്ററിലും മിന്നല്‍ വേഗ പ്രകടനം കൊണ്ട് ഈ ചെറുപ്പക്കാരന്‍ ഇന്ത്യന്‍ കായിക രംഗത്ത് തന്നെ പ്രതീക്ഷയായിരുന്നു. ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ ലോക കായികലോകത്തെ ഇന്ത്യയുടെ ഉസൈന്‍ ബോള്‍ട്ടായി ഈ യുവാവ് മാറിയേനെ.

കണ്ണൂരിലെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ നിന്നു തുടങ്ങി പിന്നീട് തിരുവനന്തപുരം, പാലക്കാട്, കോട്ടയം മീറ്റുകളിലെല്ലാം സ്വര്‍ണമണിഞ്ഞ് കോതമംഗലം സെന്റ് ജോര്‍ജിന്റെ താരമായി ഗിരീഷ് ഓടിക്കയറിയത് മലയാളി കായികപ്രേമികളുടെ ഹൃദയങ്ങളിലേക്കായിരുന്നു. 2006 മുതല്‍ 2008 വരെ ദേശീയ മീറ്റുകളിലും ഗിരീഷ് വിജയമാവര്‍ത്തിച്ചപ്പോള്‍ വാഗ്ദാനങ്ങള്‍ പെരുമഴപോലെ വന്നു. സര്‍ക്കാര്‍ വക സ്ഥലം, വീട്, ജോലി പത്രത്താളുകള്‍ ഗിരീഷിന് നല്‍കിയ സര്‍ക്കാര്‍ വാഗ്ദാനങ്ങളെ പാടിപുകഴ്ത്തി.

വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു, ട്രാക്കിലും ഫീല്‍ഡിലും പുതിയ സമയങ്ങളും വേഗങ്ങളും കുറിക്കപ്പെട്ടിരിക്കുന്നു. ഗിരീഷ് ഇപ്പോള്‍ എവിടെയാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ജോലിയും ചെയ്ത് കുടുംബവുമായി സുഖജീവിതം നയിക്കുകയാണോ? അത്തരമൊരു കൗതുകത്തില്‍ നിന്നാണ് ഗീരീഷിനെ തേടിയിറങ്ങിയത്. കണ്ണൂര്‍ കൊട്ടിയൂര്‍ മന്ദംചേരിയിലെ ആദിവാസികോളനിയില്‍ ഇന്നും ഗിരീഷുണ്ട്. കാലം ഒരു പതിറ്റാണ്ട് മുന്നോട്ടാണ് ചലിച്ചതെങ്കിലും ഗിരീഷിന്റെ ജീവിതം പക്ഷേ പിറകിലോട്ടാണ് ചലിച്ചതെന്ന് അവിടെയെത്തുമ്പോള്‍ ആര്‍ക്കും തോന്നും. ട്രാക്കില്‍ നിന്നു നേടിയ മെഡലുകള്‍ പോലും സൂക്ഷിക്കാന്‍ ഇടമില്ലാത്ത ഒരു കൊച്ചുവീട്ടില്‍ ഗിരീഷും അമ്മയും ഭാര്യയും രണ്ടുമക്കളും ജീവിക്കുന്നു. മീറ്റുകളിലെ ട്രാക്കില്‍ കുതിപ്പിന്റെ കഥകള്‍ മാത്രം അവശേഷിപ്പിച്ച ഗിരീഷ് പക്ഷേ ജീവിതത്തിന്റെ ട്രാക്കില്‍ കിതയ്ക്കുകയാണ്.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടോ ജോലിയോ ഒന്നും കൊട്ടിയൂരിലെ ഈ കോളനിയിലേക്കെത്തിയിട്ടില്ല. അവയൊക്കെ ഇപ്പോഴും തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ ഇടനാഴികളിലെവിടെയോ പൊടിപിടിച്ച് ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നുണ്ട്. ‘കേരളത്തിനു വേണ്ടിയാണ് ഞാന്‍ മെഡലുകള്‍ നേടിയത്. പക്ഷേ എന്നിട്ടും സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഒരുപാട് പ്രതീക്ഷിച്ചു. വീടോ ജോലിയോ ഒന്നും നല്‍കിയില്ല. പലവട്ടം പലര്‍ക്കും നിവേദനം നല്‍കി. എല്ലാ വാതിലുകളും മുട്ടി. ഒരനുകൂല തീരുമാനത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. എന്നെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ട് പോകുന്നത്. കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പലനാളായി അതും ഇല്ലാത്ത അവസ്ഥയാണ്. കുറച്ചുകാലം ഏഴിമല നേവല്‍ അക്കാദമിയില്‍ അത്‌ലറ്റുകളുടെ പരിശീലകനായി താല്‍ക്കാലിക ജോലി ലഭിച്ചിരുന്നു. കാലാവധി തീര്‍ന്നപ്പോള്‍ അതും നഷ്ടമായി. മക്കളെ നന്നായി പഠിപ്പിക്കണമെന്നുണ്ട്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒരു താല്‍ക്കാലിക ജോലിയെങ്കിലും തരാന്‍ പറ്റില്ലേ..’

ഗിരീഷിന്റെ കഥ

കൊട്ടിയൂര്‍ മന്ദംചേരിയിലെ ആദിവാസി കോളനിയില്‍ നിന്നു എറണാകുളം കോതമംഗലം സെന്റ്‌ജോര്‍ജിന്റെ കായികകളരിയിലേക്ക് എത്തിപ്പെട്ടത്തോടെ ഗിരീഷ് എന്ന പയ്യന്റെ ജീവിതം മാറി. ചിട്ടയായ പരിശീലനം നേടിയ ഗിരീഷ് ട്രാക്കിലെ വേഗങ്ങള്‍ക്ക് പുതുചരിത്രമെഴുതി. കണ്ണൂരില്‍ തന്റെ ആദ്യ മീറ്റില്‍ തന്നെ 100 മീറ്ററില്‍ സ്വര്‍ണം. പിന്നെ തുടര്‍ച്ചയായ മൂന്നു കായിക മേളകളില്‍ കൂടി ഗിരീഷിന്റെ കുതിപ്പ് തുടര്‍ന്നു. 2006 മുതല്‍ തന്റെ ദേശീയ മീറ്റില്‍ 100 മീറ്ററിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടി ദേശീയശ്രദ്ധ ആകര്‍ഷിച്ചു. പിന്നീട് 2008 ല്‍ കൊല്‍ക്കത്ത ദേശീയ ഗെയിംസില്‍ 100 മീറ്ററില്‍ വീണ്ടും സ്വര്‍ണമണിഞ്ഞ ആകാശത്തേക്കു കൈകളുയര്‍ത്തി നില്‍ക്കുന്ന ഗിരീഷിന്റെ ചിത്രം ഇന്നും പല കായികപ്രേമികളുടെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. അപ്പോഴേക്കും വാഗ്ദാനങ്ങള്‍ പെരുമഴപോലെ വന്നു. പിന്നെ ജീവിത പ്രരാബ്ദങ്ങള്‍ വിലങ്ങുതടിയായപ്പോള്‍ ഗിരീഷ് ട്രാക്കിനോട് താല്‍ക്കാലികമായി വിടപറയാന്‍ നിര്‍ബന്ധിതനായി.

2012-ല്‍ യു.ഡി.എഫ് സര്‍ക്കാറിലെ പട്ടികജാതി ക്ഷേമ വികസന മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മി ഗിരീഷിനെ കാണാന്‍ കോളനിയിലേക്ക് നേരിട്ടെത്തി. ഗിരീഷിന്റെ ദുരവസ്ഥ മനസിലാക്കി സര്‍ക്കാര്‍ ജോലിയും വീടും സ്ഥലവും അടക്കമുള്ള വാഗ്ദാനങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. പത്രത്താളുകളില്‍ വീണ്ടും വാര്‍ത്ത നിറഞ്ഞു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ ഭൂമി കിട്ടിയതു മാത്രം മിച്ചം. ബാക്കിയെല്ലാം സ്വപ്‌നങ്ങളായി തന്നെ ഇപ്പോഴും കിടക്കുന്നു.

നാടിന്റെ യശസ് വാനോളമുയര്‍ത്തിയ ഒരു കായികതാരത്തിനാണ് ഇത്തരമൊരു അവഗണന നേരിടേണ്ടി വരുന്നത്. ഗിരീഷിന് ലഭിക്കുന്ന അംഗീകാരങ്ങളാണ് വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് പ്രോത്സാഹനമായി മാറേണ്ടത്.

കായിക മന്ത്രിയെ അറിയിക്കാനായി ഗിരീഷ് പറഞ്ഞ കാര്യം ഒന്നു കൂടി ആവര്‍ത്തിക്കുകയാണ് ‘സാര്‍, ജീവിക്കാന്‍ വേണ്ടിയാണ് സഹായം അഭ്യര്‍ഥിക്കുന്നത്. ഒരു താല്‍ക്കാലിക ജോലിയെങ്കിലും ലഭ്യമാക്കുക. അതെങ്കിലും പ്രതീക്ഷിക്കുന്നു.’

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍