UPDATES

കായികം

കെയ്‌ലര്‍ നവാസ് എന്ന ‘ജയന്റ് കില്ലര്‍’; 90 മിനുട്ട് ബ്രസീലിനെ തടഞ്ഞ കോസ്റ്ററിക്കയുടെ സൂപ്പര്‍ ഗോളി

ഇഞ്ചുറി ടൈം ആണ് ബ്രസീലിന്റെ മോഹങ്ങളെ തല്ലിക്കെടുത്തുമായിരുന്ന നവാസിന്റെ ജയന്റ് കില്ലിംഗിനെ, അല്ലെങ്കില്‍ ഗ്രേറ്റ് സേവിംഗിനെ മാറ്റി മറിച്ചത്.

വമ്പന്‍മാരെ വീഴ്ത്തുന്നവരെ ഏത് മത്സരത്തിലും വിളിക്കുന്നത് Giant Killer എന്നാണ്. സാങ്കേതികമായി ലോകകപ്പിലെ ബ്രസീലിനെതിരായ ഗ്രൂപ്പ് മത്സരം കോസ്റ്റ റിക്കയുടെ ഗോളി കെയ്ലര്‍ നവാസിന് ആ പേര് ചാര്‍ത്തിക്കൊടുക്കുന്നില്ല. കാരണം വിജയം ബ്രസീലിന് ഒപ്പമാണ്. എന്നാല്‍ കെയ്‌ലര്‍ നവാസ് എന്ന കോസ്റ്ററിക്കയുടെ സൂപ്പര്‍ ഗോളി ശരിക്കും ഒരു ജയന്റ് കില്ലറാകാന്‍ കഴിയുന്നയാളാണ്. ഇഞ്ചുറി ടൈം ആണ് ബ്രസീലിന്റെ മോഹങ്ങളെ തല്ലിക്കെടുത്തുമായിരുന്ന നവാസിന്റെ ജയന്റ് കില്ലിംഗിനെ, അല്ലെങ്കില്‍ ഗ്രേറ്റ് സേവിംഗിനെ മാറ്റി മറിച്ചത്. ബ്രസീലിനെ ഗോള്‍ രഹിത സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പോലും ജയന്റ് കില്ലര്‍ എന്ന് കെയ്‌ലര്‍ നവാസ് വിശേഷിപ്പിക്കപ്പെടുമായിരുന്നു. ബ്രസീലിന്റെ ചാട്ടുളി പോലുള്ള പന്തടികളെ അത്രയധികം തവണയാണ് തടുത്തിട്ടും പിടിച്ചെടുത്തും കോസ്റ്ററിക്കയെ 90 മിനുട്ടും റയല്‍ മാഡ്രിഡിന്റെ മിന്നും ഗോളിയായ നവാസ് രക്ഷിച്ചത്. 90 മിനുട്ടില്‍ എത്രയോ അവസരങ്ങള്‍ കിട്ടിയിട്ടും ബ്രസീലിന് കോസ്റ്ററിക്കയുടെ വല കുലുക്കാനായില്ല.

കോസ്റ്ററിക്കയുടെ ഉജ്വലമായ ഡിഫന്‍സ് ബ്രസീലിനെ തടഞ്ഞെങ്കിലും നവാസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഇഞ്ചുറി ടൈമിലാണ് കൂടിഞ്ഞോയുടെ മികച്ച ഗോള്‍ പിറക്കുന്നത്. ഇതോടെ കോസ്റ്ററിക്കയുടെ സാധ്യതകള്‍ ഏതാണ്ട് തീര്‍ന്നു. ആറ് മിനുട്ട് പറഞ്ഞ ഇഞ്ചുറി ടൈം ഏഴ് മിനുട്ട് പിന്നിടുമ്പോളാണ് നെയ്മറിന് ഗോളടിക്കാന്‍ അവസരം കിട്ടിയത്. ബ്രസീലിന് 2-0ന്റെ വിജയം. ഇഞ്ചുറി ടൈമിലെ മികച്ച ഗോളിലൂടെ ഫിലിപ്പോ കുടിഞ്ഞോ ബ്രസീലിന്‍റെ രക്ഷകനും മാന്‍ ഓഫ് ദ മാച്ചും ആയെങ്കിലും കെയ്ലര്‍ നവാസ് എന്തുകൊണ്ടും ഇന്നത്തെ കളിയിലെ കേമനാണ്.

തുടക്കത്തില്‍ ഉയരം കുറവെന്ന് പറഞ്ഞ് കോസ്റ്ററിക്ക തള്ളിക്കളഞ്ഞ താരമാണ് കെയ്‌ലര്‍ നവാസ്. പിന്നീട് കോസ്റ്ററിക്കയിലെ ഏറ്റവും വലിയ ക്ലബ് സാപ്രിസ നവാസിനെ ഏറ്റെടുക്കുകയും ഇത് ദേശീയ ടീമിലേയ്ക്കുള്ള വഴിയൊരുക്കുകയുമായിരുന്നു.
2014ലെ ബ്രസീല്‍ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ കോസ്റ്ററിക്ക ഉറുഗ്വായെ 3-1ന് തോല്‍പ്പിച്ചപ്പോള്‍ കെയ്‌ലര്‍ നവാസിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ ആ ഒരേയൊരു ഗോള്‍ മാത്രമാണ് നവാസ് വഴങ്ങിയത്. കോസ്റ്ററിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി രണ്ടാം റൗണ്ടില്‍ കടക്കുകയും ചെയ്തു. ഗ്രീസിനെതിരായ രണ്ടാം റൗണ്ടിലെ മത്സരത്തില്‍ അത്യുജ്വലമായ സേവുകളിലൂടെ നവാസ് മാന്‍ ഓഫ് ദ മാച്ചായി. പെനാള്‍ട്ടി ഷൂട്ട് ഔട്ടില്‍ ഗ്രീസിന്റെ തിയോഫാനിസ് ഗേകാസ് അടിച്ച കിക്ക് തടുത്തിട്ട നവാസ് കോസ്റ്ററിക്കയെ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് നയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്റ്‌സുമായും പെനാള്‍ട്ടി ഷൂട്ട് ഔട്ടിലേയ്ക്ക് എത്തിക്കാന്‍ നവാസിന് കഴിഞ്ഞു. ഷൂട്ട് ഔട്ടില്‍ നെതര്‍ലാന്റ്‌സ് ജയിച്ചെങ്കിലും കെയ്‌ലര്‍ നവാസ് വീണ്ടും കളിയിലെ താരമായി. ഗോള്‍ഡന്‍ ഗ്ലോവ് അവാര്‍ഡിനുള്ള മൂന്ന് നോമിനികളില്‍ ഒരാളായി. റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗുകള്‍ നേടി. ഈ വിജയപരമ്പരയില്‍ കെയ്‌ലര്‍ നവാസിന്റെ പങ്ക് നിര്‍ണായകമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍