UPDATES

കായികം

ഒരു വിദേശ പര്യടനത്തില്‍ ആയിരം റണ്‍സ്: ദക്ഷിണാഫ്രിക്കയില്‍ കോഹ്ലിയെ കാത്തിരിക്കുന്ന പുതിയ റെക്കോഡ്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് മാത്രമാണ് മുമ്പ് ഒരു പര്യടനത്തില്‍ ആയിരം റണ്‍സ് തികച്ചിട്ടുള്ളത്

റെക്കോഡുകള്‍ ഭേദിക്കുകയെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരു ശീലമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ 27 വര്‍ഷത്തിനിടയ്ക്ക് ഏതെങ്കിലും ഒരു കളിക്കാരന്‍ ഏകദിന റാങ്കിങ്ങില്‍ നേടിയിട്ടുള്ള ഏറ്റവും വലിയ പോയിന്റ് എന്ന നേട്ടവും കോഹ്ലി സ്വന്തമാക്കിയിരിക്കുന്നു. 909 പോയിന്റാണ് ഏകദിന റാങ്കിങ്ങില്‍ കോഹ്ലിയ്ക്ക് നിലവിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ 912 പോയിന്റാണ് ഇന്ത്യന്‍ ക്യാപ്റ്റനുള്ളത്.

ഒരേസമയം ഏകദിനത്തിലും ടെസ്റ്റിലും 900ന് മുകളില്‍ പോയിന്റ് നേടിയിട്ടുള്ളത് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും കോഹ്ലിയും മാത്രമാണെന്നും ഓര്‍ക്കേണ്ടതുണ്ട്. കൂടാതെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ആദ്യ മൂന്ന് സ്ഥാനത്തുള്ള ഏക ബാറ്റ്‌സ്മാനും കോഹ്ലി തന്നെയാണ്. ഏകദിന ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി ടെസ്റ്റില്‍ 947 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാമതാണ്. ട്വന്റി20യില്‍ ആകട്ടെ 786 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസമിനും 784 പോയിന്റുള്ള ആരോണ്‍ ഫിഞ്ചിനും പിന്നില്‍ മൂന്നാം സ്ഥാനത്തും.

1991ല്‍ ഓസ്‌ട്രേലിയയുടെ ഡീന്‍ ജോണ്‍സിന് ശേഷം ഏകദിന റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരവും കോഹ്ലി തന്നെ. 1985ല്‍ വിവിയന്‍ റിച്ചാര്‍ഡ് നേടിയ 935, 83ല്‍ സഹീര്‍ അബ്ബാസ് നേടിയ 931, 1981ല്‍ ഗ്രെഗ് ചാപ്പല്‍ നേടിയ 921, 83ല്‍ ഡേവിഡ് ഗോവര്‍ നേടിയ 919, 87ല്‍ ജാവേദ് മിയാന്‍ദാദ് നേടിയ 910 എന്നിങ്ങനെയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന റാങ്കിംഗ് പോയിന്റുകള്‍. അതേസമയം 900ല്‍ അധികം പോയിന്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കോഹ്ലിയാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും തന്റെ മിന്നും പ്രകടനം ആവര്‍ത്തിക്കുന്ന കോഹ്ലി ഇവിടെ ഈ പര്യടനത്തില്‍ ഇതുവരെ പത്ത് കളികളാണ് കളിച്ചത്. ഇതില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവുമായിരുന്നു അവ. പര്യടനത്തില്‍ ഇനി രണ്ട് ട്വന്റി മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഈ പത്ത് മത്സരങ്ങളില്‍ നിന്നായി കോഹ്ലി ഇതുവരെ നാല് സെഞ്ചുറികളും രണ്ട് അര്‍ദ്ധ സെഞ്ചുറികളും നേടി. അതേസമയം ഒരു വിദേശ പര്യടനത്തില്‍ ആയിരം റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാന്‍ കോഹ്ലിയ്ക്ക് ഇനി 130 റണ്‍സ് കൂടി മതി. ഇതുവരെ 870 റണ്‍സാണ് ഈ പര്യടനത്തില്‍ ഇതുവരെ നേടിയിരിക്കുന്നത്. 10 കളികളിലെ 13 ഇന്നിംഗ്‌സുകളില്‍ നിന്നായി 87.00 ശരാശരിയില്‍ 82.38 സ്‌ട്രൈക്ക് റേറ്റിലാണ് കോഹ്ലി ചരിത്ര നേട്ടത്തിനരികിലെത്തി നില്‍ക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് മാത്രമാണ് മുമ്പ് ഒരു പര്യടനത്തില്‍ ആയിരം റണ്‍സ് തികച്ചിട്ടുള്ളത്. 1976ല്‍ ഇംഗ്ലണ്ടില്‍ നടന്ന പര്യടനത്തില്‍ 1045 റണ്‍സ് ആയിരുന്നു റിച്ചാര്‍ഡ്‌സിന്റെ സമ്പാദ്യം. എന്നാല്‍ ഇതില്‍ 216 റണ്‍സ് ഏകദിന മത്സരങ്ങളിലും 829 റണ്‍സ് നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമായിരുന്നു. അതേസമയംമൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ ആറ് ഇന്നിംഗ്‌സുകളില്‍ നിന്നും ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടെ 286 റണ്‍സ് മാത്രമെടുത്ത കോഹ്ലി ആറ് ഏകദിനങ്ങളില്‍ നിന്നായി 558 റണ്‍സ് നേടി. ആദ്യ ട്വന്റി20യില്‍ 26 റണ്‍സാണ് കോഹ്ലി നേടിയത്.

അതേസമയം കോഹ്ലിയുടെ ഫോം പരിഗണിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പുതയൊരു റെക്കോഡ് കൂടി തന്റെ പേരില്‍ സ്ഥാപിച്ച് മടങ്ങാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. എന്നാല്‍ ടെസ്റ്റില്‍ 21ഉം ഏകദിനത്തില്‍ 35ഉം സെഞ്ചുറികള്‍ നേടിയിട്ടുള്ള കോഹ്ലി അന്താരാഷ്ട്ര ട്വന്റി20യില്‍ ഇന്നുവരെ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍