ഒട്ടേറെത്തവണ അടിതെറ്റി മൈതാനത്തു വീണെങ്കിലും വൈശാഖ് എഴുന്നേറ്റുവരിക തന്നെ ചെയ്തു. കഷ്ടപ്പാടുകള്‍ സഹിച്ചാണെങ്കിലും നിരന്തരമായി പരിശീലനത്തിനൊടുവില്‍ ക്രച്ചസുപയോഗിച്ചു തന്നെ കാല്‍പ്പന്തുകളിയിലെ താളം വൈശാഖ് തിരിച്ചു പിടിച്ചു.
കാല്‍പന്തുകളിയിലെ മിശിഹ മെസിയുടെയും പെരാമ്പ്രകാരന്‍ വൈശാഖിന്റെയും ഇടങ്കാല്‍ ഷോട്ടില്‍ പായുന്ന പന്ത് ഏത് ഗോളിയെയും ഒന്ന് ഭയപ്പെടുത്തും. അതുകൊണ്ട് തന്നെയാണ് ഗോള്‍പോസ്റ്റ് ലക്ഷ്യം വച്ച് വൈശാഖ് പന്തുമായി ഓടിയെത്തുമ്പോള്‍ ഗാലറികളൊന്നിച്ച് ആര്‍പ്പു വിളിക്കുകയും അവന്റെ പേര് ഉച്ചത്തിലാര്‍ക്കുകയും ചെയ്യുന്നത്. കളിയാരവത്തിനിടെ പന്തിനു പിറകേ കുതിക്കുന്ന വൈശാഖിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം പേര്‍ കാണുന്നത്. കാല്‍പ്പന്തുകളി ജീവവായുവാക്കിയ വൈശാഖിന്റെ കുതിപ്പുകള്‍ പക്ഷേ, ഊന്നുവടിയിലൂന്നിയാണ്.
കഴിഞ്ഞ ജനുവരി ഇരുപതിനാണ് ഊന്നുവടികളുമായി മറ്റു കളിക്കാര്‍ക്കൊപ്പം പ്രത്യേക പരിഗണനകളില്ലാതെ മൈതാനത്തില്‍ ഓടിയെത്തുന്ന വൈശാഖിന്റെ ദൃശ്യം ട്വിറ്ററില്‍ പോസ്റ്റു ചെയ്യപ്പെട്ടത്. ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്ത വിവേക് പൊതുവാളിനും വൈശാഖിന്റെ കഥയോ സ്ഥലമോ കൃത്യമായി അറിവില്ലായിരുന്നു. എന്നാല്‍, കല്ലാനോട് നടന്ന ടൂര്‍ണമെന്റില്‍ മലബാര്‍ യുണൈറ്റഡിനു വേണ്ടി വൈശാഖ് കളിക്കാനിറങ്ങിയപ്പോള്‍ എടുത്ത വീഡിയോ ആണിതെന്ന് തിരിച്ചറിയാന്‍ കോഴിക്കോട്ടുകാര്‍ക്ക് അധികനേരം വേണ്ടിവന്നില്ല. കോഴിക്കോട്ട് പേരാമ്പ്രയില്‍ നിന്നുള്ള വൈശാഖിന്റെ മനഃസ്സാന്നിധ്യവും കാല്‍പ്പന്തുകളിയോടുള്ള പ്രണയവും പേരാമ്പ്രക്കാര്‍ക്ക് അത്രയധികം സുപരിചിതമാണ്.
More than a game. From Kerala. pic.twitter.com/3at91lgWNv
— ⚽ (@vivekpoduval) January 20, 2019
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം വരെ മറ്റു കുട്ടികളെപ്പോലെ ഫുട്ബോളും വോളിബോളും കളിച്ചു നടന്നിരുന്ന, അവയിലെല്ലാം മികവു പുലര്‍ത്തിയിരുന്ന കായികതാരമായിരുന്നു വൈശാഖ്. പതിമൂന്നു വയസ്സുള്ളപ്പോള്‍ കോഴിക്കോട്ടു നടന്ന സെലക്ഷന്‍ ടെസ്റ്റില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് വൈശാഖ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നതും, കെ.എസ്.ആര്‍.ടി.സിയുടെ പിന്‍ചക്രം കയറിയിറങ്ങിയ വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവരുന്നതും. അപകടത്തിനു ശേഷം കൂട്ടുകാര്‍ പന്തുകളിക്കുന്നതു നോക്കി ആശയറ്റ് ഇരിക്കേണ്ടവനല്ല താനെന്ന് തിരിച്ചറിഞ്ഞയിടത്താണ് വൈശാഖ് വ്യത്യസ്തനാകുന്നത്. വീട്ടിനകത്തിരിക്കുമ്പോഴും, വീല്‍ചെയര്‍ ഉപയോഗിച്ചിരുന്ന ആദ്യ കാലത്തും, പരിമിതികള്‍ക്കകത്തു നിന്നും കൂട്ടുകാര്‍ക്കൊപ്പം പന്തുതട്ടിയിരുന്നു വൈശാഖ്. വീല്‍ ചെയറിലിരുന്ന് കളിക്കാവുന്ന കളികള്‍ക്കെല്ലാം വൈശാഖിന്റെ നാട്ടിലെ കൂട്ടുകാരും അവനൊപ്പം കൂടി. കൂട്ടുകാരുടെ പിന്തുണയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ തനിക്ക് ഊര്‍ജ്ജമായതെന്നാണ് വൈശാഖിന്റെ പക്ഷം.
ക്രച്ചസുപയോഗിച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ കൂട്ടുകാര്‍ക്കൊപ്പം വൈശാഖ് തിരികെ മൈതാനത്തെത്തി. ഊന്നുവടിയില്‍ കളിക്കാനും കൂട്ടുകാര്‍ക്കൊപ്പം ഓടിയെത്താനുമുള്ള പരിശ്രമമായിരുന്നു പിന്നീട്. ഒട്ടേറെത്തവണ അടിതെറ്റി മൈതാനത്തു വീണെങ്കിലും വൈശാഖ് എഴുന്നേറ്റുവരിക തന്നെ ചെയ്തു. കഷ്ടപ്പാടുകള്‍ സഹിച്ചാണെങ്കിലും നിരന്തരമായി പരിശീലനത്തിനൊടുവില്‍ ക്രച്ചസുപയോഗിച്ചു തന്നെ കാല്‍പ്പന്തുകളിയിലെ താളം വൈശാഖ് തിരിച്ചു പിടിച്ചു. തങ്ങളിലൊരാളായിക്കണ്ട്, യാതൊരു പരിഗണനയും കൊടുക്കാതെ ഒപ്പം കളിച്ച കൂട്ടുകാര്‍ തന്നെയായിരുന്നു വൈശാഖിന്റെ പിന്‍ബലം. കളിക്കളത്തില്‍ മറ്റെല്ലാവര്‍ക്കുമുള്ള അവസരങ്ങള്‍ക്കപ്പുറം പ്രത്യേകമായി മറ്റൊന്നും അവര്‍ വൈശാഖിന് അനുവദിച്ചുകൊടുത്തില്ല. പരിമിതികള്‍ തിരിച്ചറിയാത്ത വിധം സ്വാഭാവികമായി കളിക്കാന്‍ അതാവശ്യവുമായിരുന്നു. അധികം താമസിയാതെ പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ വൈശാഖ് പതിവു സാന്നിധ്യമായി. മറ്റു കളിക്കാര്‍ക്കൊപ്പം സാധാരണമായിത്തന്നെ കളി തുടര്‍ന്നു.
കേരളത്തിന്റെ ആംപ്യൂട്ടി വോളിബോള്‍ ടീമിലാണ് വൈശാഖിനെ പിന്നീട് കാണുന്നത്, അതും ക്യാപ്റ്റനായിത്തന്നെ. ആംപ്യൂട്ടി വോളിബോളില്‍ ഇന്ത്യന്‍ ടീമിലെ അംഗമായി അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട് ഈ ഇരുപത്തിനാലുകാരന്‍. ആംപ്യൂട്ടി ഫുട്ബോള്‍ ടീമില്ലാതിരുന്ന കാലത്ത് വോളിബോള്‍ കളിച്ച് ഇന്ത്യന്‍ ടീമിലെത്തിയ വൈശാഖ് ഇപ്പോള്‍ കേരളത്തിനായി രൂപീകരിക്കപ്പെട്ട ആംപ്യൂട്ടി ഫുട്ബോള്‍ ടീമിന്റെ നട്ടെല്ലും പ്രധാന താരവുമാണ്. ആംപ്യൂട്ടി ഫു്ടബോളിലും കേരളത്തിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പാരാലിംപിക്സ് വോളിബോള്‍ ടീമിലും അംഗമായിരുന്നു. ജീവിതം തകര്‍ത്തു എന്നു ലോകം കരുതിയ അപകടത്തിനു പത്തു വര്‍ഷം ഇപ്പുറം, വൈശാഖ് തിരിച്ചു പിടിക്കുന്നത് പണ്ടു കണ്ടിരുന്ന സ്വപ്നങ്ങളോരോന്നുമാണ്.
I would love to invite this guy and give him a day at our club and be part of our team for a day. What a fantastic determination and commitment to be part of society and participate. Fantastic !! Respect !! https://t.co/duzMIYUpyY
— Eelco Schattorie (@ESchattorie) January 22, 2019
പേരാമ്പ്രക്കാര്‍ക്ക് സുപരിചിതനായ വൈശാഖ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് നേരത്തേ പറഞ്ഞ ഒന്നരമിനുട്ട് ട്വിറ്റര്‍ വീഡിയോയിലൂടെയാണ്. സമൂഹമാധ്യമങ്ങളില്‍ വൈശാഖിന്റെ കളി കണ്ടവരില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബ്ബിന്റെ പരിശീലകന്‍ എല്‍കോ ഷറ്റോരിയുമുണ്ടായിരുന്നു. ഈ ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തെ ബഹുമാനിക്കുന്നെന്നും, ഇദ്ദേഹത്തെ ഒരു ദിവസം ക്ലബ്ബിനൊപ്പം പരിശീലനത്തിനായി ക്ഷണിക്കാന്‍ ആഗ്രഹമുണ്ടെന്നും സൂചിപ്പിക്കുന്ന കുറിപ്പോടെ ഷറ്റോരി വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. അല്‍പ നേരത്തിനകം തന്നെ ഫുട്ബോള്‍ ആരാധകരെല്ലാം ഷറ്റോരിയുടെ ട്വീറ്റ് വൈറലാക്കി.
വൈശാഖ് ഇപ്പോള്‍ ഗുവാഹത്തിയിലാണ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രത്യേക ക്ഷണിതാവായി. ക്ലബ്ബംഗങ്ങള്‍ക്കൊപ്പം പരിശീലിച്ച്, ഇന്ത്യന്‍ ഫുട്ബോളിലെ താരങ്ങളെ പലരേയും പരിചയപ്പെട്ട്, നാളെ ചെന്നൈയിന്‍ എഫ്.സിയുമായി നടക്കുന്ന ഹോംമാച്ചിനും സാക്ഷ്യം വഹിച്ച ശേഷമാണ് വൈശാഖ് മടങ്ങുക. കാല്‍പ്പന്തുകളി ജീവിതമാക്കിയ ഒരാള്‍ക്ക് സ്വപ്നം കാണാവുന്ന ഉയരങ്ങളിലേക്ക് ഓരോന്നായി കീഴടക്കി അടുത്തുകൊണ്ടിരിക്കുകയാണ് വൈശാഖ്.
കോഴിക്കോട് സെയ്ന്റ് ജോസഫ് കോളേജില്‍ നിന്ന് ബി എസ് സി സുവോളജി പൂര്‍ത്തിയാക്കിയ വൈശാഖ് എസ് ആര്‍ ഇപ്പോള്‍ ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനാണ്.