UPDATES

കായികം

അടിതെറ്റി ബ്ലാസ്റ്റേഴ്‌സ്; മെല്‍ബണ്‍ സിറ്റിയടിച്ചത് അര ഡസണ്‍ ഗോളുകള്‍

ഓരോ ഗോളും വഴങ്ങുമ്പോഴും തോറ്റവരുടെ ശരീര ഭാഷയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്. ഇത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഒരു ഗോളെങ്കിലും പിറന്നു കാണാന്‍ കാത്തിരുന്ന മഞ്ഞപ്പടയ്ക്ക് നിരാശരായി മടങ്ങാനായിരുന്നു യോഗം. 28ന് ലാലിഗ ക്ലബ് ജിറോണാ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ലാ ലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിക്കെതിരെ മറുപടിയില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പരാജയം. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ അടിച്ച മെല്‍ബണ്‍ രണ്ടാം പകുതിയില്‍ നാല് തവണ കൂടി ലക്ഷ്യം കണ്ടു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും മെല്‍ബണ്‍ പ്രതിരോധം ഫലപ്രദമായി ഇടപെട്ടതിനാൽ ആശ്വാസ ഗോൾ പോലും അകന്നു നിന്നു.

30-ാം മിനിറ്റില്‍ ദാരിയോ വിദോസിചിന്റെ ഹെഡറിലൂടെ മെല്‍ബണ്‍ സിറ്റി എഫ് സി ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു. അതിന്റെ ഞെട്ടലില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് വിമുക്തരാകും മുമ്പേ മൂന്ന് മിനിറ്റുകള്‍ക്കപ്പുറം വീണ്ടും ബ്ലാസ്റ്റേഴ്സ് വല കുലുങ്ങി. റിലേ മക്ഗ്രിയുടെ കാലില്‍ നിന്ന് തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റാതെ ബ്ലാസ്റ്റേഴ്സ് വല കുലുക്കി. സ്കോർ 2 -0.

രണ്ടാം പകുതിക്കു മൂന്നു മിനുട്ട് മാത്രം പ്രായമുള്ളപ്പോൾ മെൽബൺ എഫ് സി ഗോളുകളുടെ എണ്ണം മൂന്നാക്കി ഉയർത്തി. ഇടതുപാർശ്വത്തിലുടെ ബ്ലാസ്റ്റേഴ്സ് ബോക്സിനകത്ത് ഗോൾ രേഖയ്ക്ക് സമാന്തരമെന്നോണം മൈക്കൽ ഒ ഹലോറൻ. ഷോട്ട്, ധീരജിന്റെ കൈകളിൽനിന്നു വഴുതി. പന്തുവീണ്ടും മെൽബൺ താരങ്ങളുടെ കാലിലേക്ക്. രണ്ടാമത്തെ ഷോട്ടിൽ ലാക്ലാൻ വെയ്ൽസ് ലക്ഷ്യം കണ്ടു. സ്കോർ മെൽബൺ എഫ് സി 3 കേരളം ബ്ലാസ്റ്റേഴ്‌സ് 0 .

56-ാം മിനിറ്റില്‍ വീണ്ടും റിലേ മക്ഗ്രീയുടെ ഗോളിലൂടെ നാലാം ഗോള്‍ പിറന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും മെല്‍ബണ്‍ പ്രതിരോധം ഫലപ്രദമായി ഇടപെട്ടു കൊണ്ടിരുന്നു. 73-ാം മിനിറ്റില്‍ ഒന്നിലധികം മെല്‍ബണ്‍ താരങ്ങളെ കബളിപ്പിച്ച് പെക്കൂസണ്‍ നല്‍കിയ പാസ്സ് പക്ഷേ, മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് സാധിച്ചില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ മുനയൊടിഞ്ഞ മുന്നേറ്റത്തിന് മിനുറ്റുകൾക്കകം ഗോളിലൂടെ മെൽബൺ എഫ് സി യുടെ മറുപടി. 75-ാം മിനുട്ടിൽ
വലതുവശത്തു കൂടി ബോക്സിൽ കയറിയ കോണർ മെറ്റ്കാൽഫെയുടെ ഷോട്ട് ജിങ്കൻ നിലത്തുവീണ് അടിച്ചകറ്റാൻ ശ്രമിച്ചു, പക്ഷേ പുല്ലിൽ നിറഞ്ഞ വെള്ളത്തിൽ അതു ഫലിച്ചില്ല. റാമി നജ്ജറിൻ പന്തടിച്ചു വലയ്ക്കകത്താക്കി.

79-ാം മിനിറ്റില്‍ ഉറുഗ്വൻ താരം ബ്രൂണോ ഫൊര്‍ണറോലിയും ലക്ഷ്യം കണ്ടതോടെ മെല്‍ബണിന്റെ ഗോള്‍ നേട്ടം ആറായി. ഓരോ ഗോളും വഴങ്ങുമ്പോഴും തോറ്റവരുടെ ശരീര ഭാഷയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്. ഇത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഒരു ഗോളെങ്കിലും പിറന്നു കാണാന്‍ കാത്തിരുന്ന മഞ്ഞപ്പടയ്ക്ക് നിരാശരായി മടങ്ങാനായിരുന്നു യോഗം. 28ന് ലാലിഗ ക്ലബ് ജിറോണാ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍