UPDATES

ജീവിക്കാന്‍ വേണ്ടി ലോട്ടറി കച്ചവടം നടത്തിയിരുന്നു ഈ ഏഴാം ക്ലാസ്സുകാരന്‍; ഡിസ്കസ് ത്രോയില്‍ സ്വപ്ന വിജയം നേടി നാഷണല്‍ സെലക്ഷന്‍ നേടിയ കായിക താരത്തിന്റെ ജീവിതം

സ്‌കൂള്‍ പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ആലപ്പുഴയുടെ വഴിയോരങ്ങളില്‍ ലോട്ടറി വിറ്റുകൊണ്ട്ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടി വന്നിരുന്നു ഈ ഏഴാം ക്ലാസുകാരന്

അതിരാവിലെ അഞ്ച് മണി കഴിയുമ്പോഴേക്കും കലവൂര്‍ റോഡിന് സമീപത്ത് ജെഴ്‌സിയും ട്രാക്ക് സ്യൂട്ടും അണിഞ്ഞ് ഒരു ഏഴാം ക്ലാസുകാരന്‍ വരുന്ന വണ്ടികള്‍ക്ക് ലിഫ്റ്റ് ചോദിച്ചുകൊണ്ട് നില്‍പ്പുണ്ടാകും. 13 കിലോമീറ്റര്‍ അപ്പുറമുള്ള താന്‍ പഠിക്കുന്ന ലിയോ തേര്‍ട്ടീന്ത് സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി എത്താനുള്ള ഓട്ടത്തിലാണ് മഹേഷിന്റെ ഓരോ ദിവസവും തുടങ്ങുന്നത്. ആറ് മണിക്ക് എത്തുക, പരിശീലകരുടെ നിര്‍ദ്ദേശപ്രകാരം പ്രാക്ടീസ് ചെയ്യുക, സ്‌കൂളില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കുക, പഠിക്കുക, വൈകുന്നേരം വീണ്ടും പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് ഓടുക; കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മഹേഷിന്റെ ജീവിതം ഇങ്ങനെയാണ് ഓടുന്നത്.

പക്ഷേ രണ്ട് വര്‍ഷം മുന്നെ മഹേഷിന്റെ ജീവിതം മറ്റൊന്നായിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ആലപ്പുഴയുടെ വഴിയോരങ്ങളില്‍ ലോട്ടറിക്കെട്ടുമായി മഹേഷ് നിലയുറപ്പിക്കും. അച്ഛനും അമ്മയും തനിച്ചാക്കി പോയ ബാല്യത്തിന് ജീവിതമാര്‍ഗം കണ്ടെത്താന്‍ വേറെ വഴിയുണ്ടായിരുന്നില്ല. പക്ഷേ വഴിയരികില്‍ ലോട്ടറി വില്‍ക്കുന്ന മഹേഷിനെ സ്‌കൂളിലെ തന്നെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അദ്ധ്യാപകന്‍ കാണുന്നതോടെയാണ് കഥ മാറിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഡിസ്‌കസ് ത്രോയില്‍ സ്വപ്‌ന ദൂരങ്ങള്‍ താണ്ടി ഒന്നാം സ്ഥാനം നേടി, വരാനിരിക്കുന്ന നാഷണല്‍ സ്‌കൂള്‍ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മഹേഷ്.

‘എനിക്ക് സ്‌പോര്‍ട്‌സൊക്കെ ഇഷ്ടമായിരുന്നു. നാലാം ക്ലാസ് മുതല്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ തുടങ്ങി. അങ്ങനെയൊരു ദിവസം കളിച്ചോണ്ടിരിക്കുമ്പോഴാണ് കിരണ്‍ സാര്‍ എന്നോട് അത്‌ലറ്റിക്‌സ് ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചത്. അപ്പോള്‍ ഞാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഒരു ടീച്ചറും സാറും വന്ന് എന്നെക്കൊണ്ട് ട്രയല്‍സ് ചെയ്ത് സ്റ്റാമിനയുണ്ടോന്ന് ചെക്ക് ചെയ്തു. പിന്നീട് റോഷന്‍ സാറിന്റെ പരിശീലനത്തിലാണ് ഡിസ്‌കസ് ത്രോ പരിശീലിക്കാന്‍ തുടങ്ങിയത്.’ മഹേഷ് ഓര്‍മ്മിച്ചു.

‘മഹേഷ് എക്‌സ്ട്രാ എനര്‍ജറ്റികാണ്. നല്ല പൊട്ടന്‍ഷ്യലുള്ള അത്‌ലറ്റാണെന്ന് കണ്ടാണ് അഞ്ചാം ക്ലാസില്‍ വെച്ച് അവനെ ത്രോ ഐറ്റംസിലേക്ക് കൊണ്ടുവന്നത്. ട്രയലില്‍ തന്നെ അവന് കഴിവുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി.’ മഹേഷിന്റെ പരിശീലകനായ റോഷന്‍ പറഞ്ഞു. ‘ലിയോ തേര്‍ട്ടീന്‍ത് അക്കാദമിയില്‍ തന്നെയാണ് പരിശീലനമെല്ലാം നല്‍കുന്നത്. ലിയോ തേര്‍ട്ടീന്‍ത് ഏകദേശം 150 വര്‍ഷം പഴക്കമുള്ള സ്‌കൂളാണ്. 11 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഒരു സ്‌പോര്‍ട്‌സ് അക്കാദമി രൂപീകരിച്ചത്. 11 പരിശീലകരും വിവിധ ഇനങ്ങളില്‍ പരിശീലനം നല്‍കും.’

മഹേഷിന്റെ അച്ഛന്‍ നേപ്പാള്‍ സ്വദേശിയാണ്. അമ്മ ആലപ്പുഴക്കാരിയും. പക്ഷേ മഹേഷിന് 9 മാസം പ്രായമുള്ളപ്പോള്‍ കുടുംബപ്രശ്‌നം കാരണം അച്ഛനും അമ്മയും നേപ്പാളിലേക്ക് പോയി. ‘അച്ഛനും അമ്മയും നേപ്പാളിലാണ്. എന്നെയും ചേച്ചിയെയും അപ്പൂപ്പനും അമ്മൂമ്മയുമാണ് വളര്‍ത്തിയത്. ചേച്ചിയുടെ കല്യാണം കഴിഞ്ഞു. അപ്പൂപ്പന് ദേഹം തളര്‍ന്നു പോയത് കൊണ്ട് ജോലിക്കൊന്നും പോകാന്‍ പറ്റില്ല. രക്തം കട്ട പിടിക്കുന്ന അസുഖമാണ്. അമ്മൂമ്മക്ക് 53 വയസായി. വേറെ ജോലിക്കൊന്നും പോകാന്‍ പറ്റാത്ത സ്ഥിതിയിലാണ്. അങ്ങനെയിരിക്കുമ്പോഴാണ് ലോട്ടറി വില്‍ക്കാനൊക്കെ പോയിത്തുടങ്ങിയത്.’ മഹേഷ് തന്റെ ജീവിതം പറഞ്ഞു തുടങ്ങി.’ മുമ്പ് കുറച്ച് പേര്‍ക്ക് കടം കൊടുത്തിരുന്ന കാശ് തിരികെ വാങ്ങിയാണ് ഇപ്പോള്‍ വീട്ടുചിലവ് നോക്കുന്നത്.’

2016ല്‍ അമ്മയെയും അച്ഛനെയും കാണാന്‍ മഹേഷും അപ്പൂപ്പനും അമ്മൂമ്മയും നേപ്പാളില്‍ പോയിരുന്നു. പക്ഷേ അപ്പോഴും അവര്‍ കൂടുതല്‍ മിണ്ടിയില്ലയെന്നാണ് മഹേഷ് വിഷമത്തോടെ പറയുന്നത്. ‘രണ്ട് മാസം അവരോടൊപ്പം ചെലവഴിച്ചു. പക്ഷേ അവര്‍ കൂടുതലൊന്നും ഞങ്ങളോട് സംസാരിച്ചിരുന്നില്ല. ഞാന്‍ ഇങ്ങനെ സ്‌പോര്‍ട്‌സൊക്കെ ചെയ്യുന്നുണ്ടെന്ന് കൂടി അവര്‍ക്ക് അറിയില്ല.

മഹേഷ് സംസാരിക്കുന്നതിനിടയില്‍ വിഷമിക്കുന്നത് കണ്ട് പരിശീലകന്‍ റോഷല്‍ ഇടപെട്ടുകൊണ്ട് വിഷയം മാറ്റി. ‘സത്യത്തില്‍ നാല്‍പത്തിയഞ്ച് മീറ്ററാണ് മഹേഷിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ്. ഇവിടെ അവന് അത്രയും ദൂരത്തേക്ക് എത്താനായിട്ടില്ല. ഇവിടെ 38 മീറ്ററേ ചെയ്യാനായുള്ളൂ. അടുത്ത വര്‍ഷം ത്രോസ് ഐറ്റമായ ഹാമര്‍ കൂടെ അവനെ പഠിപ്പിക്കണം. സ്‌കൂളില്‍ നിന്ന് 21 പേര്‍ മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 6 മെഡലുകള്‍ ഇപ്രാവശ്യം ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ആലപ്പുഴയില്‍ സിന്തറ്റിക് ട്രാക്കില്ല എന്നത് ഞങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. സ്‌കൂളില്‍ ഒരു ചെറിയ ഗ്രൗണ്ട് മാത്രമാണുള്ളത്. അതില്‍ ത്രോസ് ഐറ്റങ്ങള്‍സുള്ള പിറ്റ് മാത്രമേയുള്ളൂ. സ്പ്രിന്റ് ഇവന്റ് പരിശീലിപ്പിക്കാനുള്ള സ്ഥലമൊന്നും ലഭ്യമല്ല. അതുകൊണ്ട് തന്നെ ട്രാക്കിലും ജംപിലും നല്ല രീതിയില്‍ കുട്ടികള്‍ക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റാറില്ല.’ മഹേഷ് ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കി റോഷല്‍ തുടര്‍ന്നു.

‘ജോലിക്ക് പോകുന്ന ആരും മഹേഷിന്റെ കുടുംബത്തിലില്ല. അതുകൊണ്ട് തന്നെ വളരെ പാവപ്പെട്ട സ്ഥിതിയില്‍ നിന്നാണ് മഹേഷ് വരുന്നത്. വാടകവീട്ടിലാണ് അവനും സുഖമില്ലാത്ത അപ്പൂപ്പനും വയസായ അമ്മൂമ്മയും താമസിക്കുന്നത്. കഴിഞ്ഞ മാസം അവര്‍ നേപ്പാളിലേക്ക് പോകാനൊരുങ്ങിയതാണ്. ഞങ്ങളാണ് അവരെ ഇവിടെ പിടിച്ചുനിര്‍ത്തിയത്. മഹേഷ് ശനിയും ഞായറും ദിവസങ്ങളില്‍ ലോട്ടറി വില്‍ക്കാന്‍ പോകുമായിരുന്നു. ഒരു ദിവസം വൈകുന്നേരം ലോട്ടറി വില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ അത് നിര്‍ത്തിക്കുകയായിരുന്നു. അതിന് ശേഷം സ്‌കൂളില്‍ നിന്നും ഇവന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.’

അപ്പൂപ്പനെയും അമ്മൂമ്മയെയും വിജയിച്ച കാര്യം അറിയിച്ചോ എന്ന് ചോദിച്ചപ്പോള്‍ മഹേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. ‘അവര്‍ക്ക് ഇതിനെക്കുറിച്ചൊന്നും അറിയാന്‍ പാടില്ല. ജയിച്ചുവെന്നറിഞ്ഞപ്പോള്‍ സന്തോഷമുണ്ടായിരുന്നു. പക്ഷേ എന്താണ് സ്‌പോര്‍ട്‌സ് എന്നറിയില്ല.’

‘എന്നോട് ആകെ പറഞ്ഞത് മഹേഷിനെ നോക്കിയേക്കണം എന്ന് മാത്രമാണ്. അതിന് അപ്പുറത്തേക്ക് എന്താണെന്ന് അവര്‍ക്ക അറിയില്ല.’ റോഷല്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ സ്‌പോര്‍ട്‌സ് പെഴ്‌സണ്‍ തന്നെ ആകാനാണോ ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ ഇന്ത്യന്‍ നേവിയില്‍ ചേരണമെന്നാണ് മഹേഷ് പറയുന്നത്.

‘മഹേഷിന് നാഷണല്‍ സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. അതൊരു സന്തോഷവാര്‍ത്തയാണ്. സാധാരണഗതിയില്‍ ത്രോസ് ഐറ്റംസിന് നാഷണല്‍ സെലക്ഷന്‍ കിട്ടാറില്ല. അതുകൊണ്ട് സെലക്ഷന്‍ കിട്ടിയത് ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്. നാല്പത്തഞ്ച് മീറ്റര്‍ ചെയ്യാനായാല്‍ മഹേഷിന് അവിടെയും ജയിക്കാനാകും. അവിടുത്തെ ബെസ്റ്റ് ദൂരം നാല്പത്തിമൂന്നാണ്. അതിനുള്ള പരിശീലനങ്ങളാണ് ഇനി മഹേഷിനുള്ളത്.’ മഹേഷിന്റെ ഭാവി പരിശീലനം കണക്കുകൂട്ടിക്കൊണ്ട് മഹേഷ് പറഞ്ഞു.

ട്രാക്കല്ല ജീവിതം; ഈ ഒളിമ്പ്യന് അന്തിയുറങ്ങാന്‍ ഒരു വീടും സ്വന്തമെന്ന് പറയാന്‍ സ്ഥലവും വേണം

തെരുവിന്റെ ക്യാപ്റ്റന്‍; ബാലവേലക്കാരിയില്‍ നിന്നും സോക്കര്‍ സംഗീതയായി മാറിയ ഒരത്ഭുത പെണ്‍കുട്ടിയുടെ ജീവിതം

പ്രിയപ്പെട്ട പി.യു ചിത്ര, നീ കാതറിന്‍ സ്വിട്‌സറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പത്രറിപ്പോര്‍ട്ടുകള്‍ തള്ളി ചിത്ര; ആദ്യം കിട്ടിയത് റെയില്‍വേ ജോലി; പക്ഷേ കേരള സര്‍ക്കാരിന് വേഗതക്കുറവുണ്ടായോ?

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍