UPDATES

ട്രാക്കല്ല ജീവിതം; ഈ ഒളിമ്പ്യന് അന്തിയുറങ്ങാന്‍ ഒരു വീടും സ്വന്തമെന്ന് പറയാന്‍ സ്ഥലവും വേണം

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള തേലമ്പറ്റയിലെ ഈരംകൊല്ലി ആദിവാസി കോളനിയില്‍ തുടങ്ങി റിയോവരെ നീളുന്ന മാരത്തോണ്‍ ഓട്ടക്കാരന്‍ ഗോപിയുടെ കഥ

റിയോഡി ജനീറയിലെ ആരവങ്ങളില്‍ നിന്നും വിജയത്തിന്റെയും പരാജയത്തിന്റെയും മീതെ അലകളായി കായികലോകം വഴിപിരിഞ്ഞു പറന്നപ്പോള്‍ വയനാട്ടിലെ തോന്നയ്ക്കല്‍ ഗോപി എന്ന ആദിവാസിയായ ഒളിമ്പ്യനെ കാത്ത് ഒരു വീടും ഒരു നാടുമുണ്ടായിരുന്നില്ല. അകലങ്ങളില്‍ ലോക കായിക ഭൂപടത്തിന്റെ നെറുകയില്‍ മകന്‍ വേഗങ്ങളെ പിന്നാലാക്കുന്നതു കാണാന്‍ ഒരു ടെലിവിഷനോ ഈ വാര്‍ത്തകള്‍ തിരയാന്‍ ഒരു പത്രമോ ഇല്ലായിരുന്നു അന്നും നഞ്ചിയെന്ന ആദിവാസി സ്ത്രീക്ക്. മുന്നോട്ടുള്ള ഓരോ കുതിപ്പിനും മനസ്സില്‍ വന്ന് കൈയ്യടിക്കാന്‍ പോലും കുടുംബത്തില്‍ നിന്നും ആരുമില്ല. പച്ചയായ ജീവിത പോരാട്ടങ്ങളോടുള്ള മത്സരമായിരുന്നു ഈ വേദി. ഒടുവില്‍ ലോക മാരത്തണില്‍ ഇരുപത്തിയഞ്ചാമനായി ഫിനിഷിംഗ് പോയിന്റില്‍ കാല്‍പ്പാദമൂന്നുമ്പോഴും ഗോപി എന്ന പേര് ഒളിമ്പിക്‌സ് ഹൈലൈറ്റ്‌സില്‍ പോലും എവിടെയും മിന്നിമറിഞ്ഞില്ല.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത തേലമ്പറ്റയിലെ ഈരംകൊല്ലി കോളനിയില്‍ തുടങ്ങി റിയോവരെ നീളുന്ന ജീവിത ട്രാക്കില്‍ നിന്നും ഗോപിയെ അടര്‍ത്തിയെടുത്താല്‍ ഫിനിഷിങ്ങ് പോയിന്റില്ലാത്ത വലിയ പരാജയങ്ങളുടെ മാത്രം ട്രാക്കില്‍ ഓടിത്തളരുന്ന ഇരുപത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവിനെ കാണാം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട്ടിലെ കാക്കവയല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഒരു സായാഹ്നം. പതിവു കായിക പരിശീലനത്തില്‍ കുട്ടികളെ കളിമൈതാനത്ത് നിരത്തി നിര്‍ത്തി ഓട്ടവും ചാട്ടവും പരിശീലിപ്പിക്കുകയായിരുന്നു വിജയി എന്ന കായികാധ്യാപിക. സ്‌കൂള്‍ കായികമേളയ്ക്കായി കുട്ടികളെ ഒരുക്കുന്ന വേളയില്‍ അത്യാവശ്യം കരുത്തോടെയും താല്‍പ്പര്യത്തോടെയും വാശിയോടും ഓടുകയും ചാടുകയും ചെയ്യുന്ന ഒരു ബാലനെ ശ്രദ്ധയില്‍പ്പെട്ടു. മെലിഞ്ഞ് ഈര്‍ക്കില്‍പോലെയുള്ള കുട്ടിയെ അരികില്‍ വിളിച്ചു പേരു ചോദിച്ചു. ഒച്ച പൊങ്ങാതെ ഗോപിയെന്ന് പറഞ്ഞ് ആ ബാലന്‍ ഓടിയകലുകയായിരുന്നു.

പിന്നീട് ക്ലാസ്സിലെത്തി തെരഞ്ഞുപിടിച്ച് ഗോപിയെ കായിക കരുത്തിന്റെ ട്രാക്കിലേക്ക് വിജയി ടീച്ചര്‍ ആനയിക്കുകയായിരുന്നു. രാവിലെയും വൈകുന്നേരവും കായിക പാഠങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സമയം കണ്ടെത്തിയ വിജയി ടീച്ചര്‍ക്ക് കായിക കരുത്തിന്റെ പുതിയ വേഗങ്ങള്‍ നല്‍കി ഗോപി മുന്‍നിരയിലേക്ക് വന്നു. ചെറുപ്രായത്തിലെ അച്ഛനെ നഷ്ടപ്പെട്ട ഗോപി മത്സരങ്ങളിലെല്ലാം മിന്നല്‍ വേഗങ്ങള്‍ കൊണ്ട് ടീച്ചറെ വിസ്മയിപ്പിച്ചു. സ്വന്തം വീടില്ലാത്തതിനാല്‍ ചെറുപ്പത്തിലേ ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ച് സ്‌കൂളില്‍ പഠിക്കാനെത്തിയ ഗോപിക്ക് അന്നുമുതല്‍ കളിമൈതാനത്ത് നിന്നും ഒരു ടീച്ചറമ്മയെ വീണുകിട്ടുകയായിരുന്നു. രോഗം വന്ന് തളര്‍ന്ന് കിടക്കുന്ന ഭര്‍ത്താവും സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് തളര്‍ന്ന് കിടക്കുന്ന മകനും മാത്രമുള്ള വിജയി ടീച്ചര്‍ക്കാവട്ടെ ജീവിത ട്രാക്കില്‍ നിന്നും വീണുകിട്ടയത് ഒരു മകനെയുമായിരുന്നു. അനേകം ശിഷ്യഗണങ്ങള്‍ക്കിടയില്‍ നിന്നും അന്നുമുതല്‍ തുടങ്ങിയ ഇഴയടുപ്പം ഗുരു ശിഷ്യബന്ധത്തിന്റെ മറ്റൊരു ചരിത്രമായി.

ജില്ലാ സ്‌കൂള്‍ കായികമേളകളില്‍ മിന്നുന്ന താരമായി ഇടിമിന്നല്‍ വേഗത്തില്‍ ഓരോ ട്രാക്കുകളും ഗോപി കീഴടക്കി. ആരവങ്ങള്‍ മുഴങ്ങിയ കളിമൈതാനത്ത് നിന്നകന്ന് അനാഥനാവാന്‍ സ്‌പോര്‍ട്‌സ് ഗോപിയെ വിട്ടുകൊടുത്തതേയില്ല. പുതിയ വേഗങ്ങളെ കാലിലൊളിപ്പിക്കാന്‍ വിശ്രമമില്ലാത്ത പരിശീലനവും വടിയുമായി വിജയി ടീച്ചറും അക്ഷീണം ഒപ്പം നിന്നു. വയനാടന്‍ കായിക കരുത്തിന്റെ അടയാളമായി സംസ്ഥാന തല കായികമേളയിലും ഗോപിയുടെ പേരും ഉശിരും അതോടെ എഴുതപ്പെട്ടു തുടങ്ങി. ഹോസ്റ്റലിന്റെ തണലില്‍ നിന്നും പതിയെ ടീച്ചറുടെ സ്‌നേഹവായ്പിലേക്ക് വളര്‍ന്ന ഈ മകനോട് ഒരിക്കല്‍ ഒളിമ്പിക്‌സില്‍ പോകണമെന്ന് ടീച്ചര്‍ അന്ന് കളിയായി പറയുമായിരുന്നു.

കാക്കവയല്‍ സ്‌കൂളിന്റെ പടിയിറങ്ങി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലായി പിന്നീടുള്ള പഠനം. ഇവിടെ നിന്നും ദീര്‍ഘദൂര ഓട്ടത്തിന്റെ ട്രാക്കിലേക്കായിരുന്നു ചുവടുമാറ്റം. എം.എ.കോളേജിലെ കായികവിഭാഗം തലവനായിരുന്ന പി.ഐ. ബാബുവെന്ന പ്രമുഖ പരിശീലകന്റെ കൈകളില്‍ ഗോപി എന്ന താരത്തിന് നിരാശപ്പേടേണ്ടി വന്നില്ല. സംസ്ഥാന മീറ്റില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണമെഡലുകളുടെ എണ്ണവും ഇവിടെ നിന്നും കൂടുകയായി. ഇക്കണോമിക്‌സ് ബിരുദപഠനത്തിന്റെ രണ്ടാം വര്‍ഷമായപ്പോഴേക്കും പട്ടാളത്തില്‍ ഹവില്‍ദാറായി ജോലിക്കായി കയറി. ഹൈദരബാദിലെ ആര്‍ട്ടിലറി ഇലവന്‍ റെജിമെന്റിലായിരുന്നു നിയമനം. ഇവിടെ നിന്നും 2012 ല്‍ പൂനെ സ്‌പോര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സെലക്ഷന്‍. ജീവിതത്തെ മാറ്റിമറിച്ച യാത്ര ഇവിടെ നിന്നും തുടങ്ങുന്നു. മാര്‍ അത്തനേഷ്യസ് എന്ന കലാലയത്തോട് ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നു.

ആര്‍മിയില്‍ നിന്നും നേടിയ ആറുവര്‍ഷത്തെ ജോലിയും പരിശീലനവുമാണ് റിയോ ഒളിമ്പിക്‌സിലേക്കുള്ള ഗോപിയുടെ വാതില്‍ തുറന്നത്. ആദ്യമായി ട്രാക്ക് പരിചയപ്പെടുത്തിയ വിജയി ടീച്ചറെന്ന ഗുരുനാഥയക്ക് ശിഷ്യന്‍ നല്‍കിയ ഏറ്റവും വലിയ ദക്ഷിണകൂടിയായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായ ഒളിമ്പിക്‌സ് മൈതാനത്തെ ആ കുതിപ്പുകള്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ ഈ ശിഷ്യന്‍ ഇക്കാലത്തിനിടയില്‍ നേടിയ മെഡലുകളെല്ലാം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് കാക്കവയലിലെ ഈ കായികാധ്യാപികയുടെ വീട്ടിലെ അലമാരയിലാണ്. ഒരു ശിഷ്യന്‍ ഗുരുനാഥയ്ക്കായി നല്‍കിയ പകരം വെക്കാനില്ലാത്ത ദക്ഷിണയെന്ന് ഇതിനെ വിളിക്കാം. ഭര്‍ത്താവും മകനും യാത്രയായപ്പോഴും സ്‌കൂളില്‍ നിന്നും വിരമിച്ച് വീട്ടില്‍ ഒറ്റപ്പെട്ടപ്പോഴും അപകടം വന്നു കിടപ്പിലായപ്പോഴും ഈ ശിഷ്യന്‍ നല്‍കിയ സ്‌നേഹത്തിന്റെ തണല്‍ തന്നെയായിരുന്നു വിജയി ടീച്ചര്‍ക്ക് ആശ്വാസമായത്.

കാല്‍ചുവട്ടില്‍ സ്വന്തമെന്ന് പറയാന്‍ ഒരു തരിമണ്ണില്ലാത്ത കിടന്നുറങ്ങാന്‍ ഒരു മേല്‍ക്കൂരയുടെ തണലുമില്ലാത്ത ഒരാള്‍ എങ്ങിനെ ഒളിമ്പിക്‌സ് മെഡലിനെ സ്വപ്നം കാണും. പകരം സ്വതന്ത്രമായി കിടന്നുറങ്ങാനുള്ള ഒരു സങ്കേതം എന്ന ശരാശരി സൗഭാഗ്യങ്ങള്‍ മാത്രമായിരിക്കില്ലേ മനസ്സു മുഴുവനും നിറയുക. ഇതിനെയെല്ലാം മനക്കരുത്തുകൊണ്ട് അതീജീവിച്ചാണ് ഗോപി പട്ടാളത്തില്‍ സൂരീന്ദര്‍ സിങ്ങ് ഭണ്ഡാരിയെന്ന കോച്ചിനരികില്‍ നിന്നത്. അത്‌ലറ്റിക്‌സ് സ്‌കൂളിലെ ചിട്ടയായതും കാഠിന്യമേറിയതുമായ പരിശീലനം ഗോപിക്ക് നല്‍കിയത് രണ്ടാം ജീവിതമാണ്. മനസ്സിനെ മൂടിനിന്ന ദാരിദ്രത്തിന്റെ മൂടുപടങ്ങളെ മറച്ചുപിടിച്ച് ഉത്തരേന്ത്യയിലെ ഉഷ്ണകാറ്റിനോട് മത്സരിച്ച് ഗോപി ഉരച്ചുമിനുക്കിയത് തന്റെ പരുക്കന്‍ ജീവിത പ്രതലങ്ങളെയായിരുന്നു. ചരല്‍മണ്ണില്‍ നിന്നും കാലുകള്‍ പറിച്ച് ഫിനിഷിങ്ങ് പോയിന്റ് ഇല്ലാതെ എങ്ങോട്ടെന്നില്ലാതെ പറന്ന ചെറുപ്പക്കാരിനില്‍ ദ്യോണാചാര്യരും ഒരേ സമയം സുഹൃത്തുമായ സുരീന്ദര്‍ സിങ്ങ് ആത്മവിശ്വാസം എന്ന അഗ്നിയെ ഊതിപെരുപ്പിച്ചു. കോച്ച് സുരീന്ദര്‍ സിങ്ങ് ഗോപിയിലെ വേഗങ്ങളെല്ലാം ഓരോന്നായി പുറത്തെടുത്തു. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന എത്രയോ മത്സരങ്ങളില്‍ സ്വര്‍ണ്ണമായും വെള്ളിയായും പതക്കങ്ങള്‍ ഗോപിയിലൂടെ എത്തി തുടങ്ങി.

പതിനായിരം മീറ്ററില്‍ 2008 ലെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത സുരീന്ദര്‍ തന്റെ അനുഭവങ്ങളെ ചേര്‍ത്ത് ഗോപിയിലൂടെ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിന് കാതോര്‍ത്തിരിക്കുകയായിരുന്നു. അയ്യായിരത്തിന്റെയും പതിനായിരത്തിന്റെ ഏറ്റവും വലുതെന്ന കരുതിയ ട്രാക്കുകളെല്ലാം ഇതോടെ ചെറുതായി വന്നു. മാരത്തണ്‍ എന്ന നീണ്ട ട്രാക്കുകളില്‍ തളര്‍ച്ചയില്ലാതെ കുതിച്ചുപായാന്‍ ഗോപിക്കെങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിന് എല്ലാം സാബ്ജിയോട് ചോദിക്കണമെന്ന് അന്നൊക്കെ ഗോപി ഒറ്റവാക്കില്‍ മറുപടി നല്‍കും.

ആര്‍മിയിലെ പേരെടുത്ത മാരത്തണ്‍ താരങ്ങള്‍ക്കൊപ്പം ആവേശം പകര്‍ന്ന് കൂടെ ഓടുക എന്ന ദൗത്യമാണ് ഇതിനിടയിലെല്ലാം ഗോപിയെ തേടിയെത്തിയത്. തന്റെ വേഗങ്ങള്‍ പുറത്തെടുത്ത പതിനായിരവും അയ്യായിരവും എവിടെയും ഓടാനുള്ള അവസരങ്ങള്‍ കുറയുന്നു എന്നെല്ലാം തോന്നിതുടങ്ങിയ നിമിഷങ്ങള്‍. തല്‍ക്കാലം സഹതാരങ്ങള്‍ക്ക് മടുപ്പുണ്ടാകാതിരിക്കാന്‍ മാരത്തണില്‍ നിയോഗിച്ച പേസ് റണ്ണര്‍ എന്ന ജോലി  തന്നെയെന്ന് മനസ്സിലുറപ്പിച്ചു. സഹതാരങ്ങള്‍ക്കൊപ്പവും മുന്നേറിയും ഒപ്പത്തിനൊപ്പവും നീങ്ങിയ ഈ കുതിപ്പുകള്‍ ഒരു പകരം വീട്ടലിന്റെതായി. (42.195) നാല്‍പ്പത്തി രണ്ടേകാല്‍ കിലോമീറ്ററോളം ആകെ ദൈര്‍ഘ്യമുള്ള മാരത്തണ്‍ ട്രാക്കില്‍ മുപ്പത് കിലോമീറ്റര്‍ വരെയെങ്കിലും കൂടെയോടുക എന്ന ഉത്തരവാദിത്തങ്ങള്‍ മറന്ന് മുംബൈ മാരത്തണില്‍ ഫിനിഷിങ്ങ് പോയിന്റെ ലക്ഷ്യത്തിലേക്കായിരുന്നു ഗോപിയുടെ കാലുകള്‍ പറന്നത്. ഈ ഓട്ടം കാണാന്‍ തന്നെയായിരിക്കണം കോച്ച് സുരീന്ദര്‍ സിങ്ങ് ഗോപിയെ പേസ് റണ്ണറാക്കിയത്. അങ്ങിനെ ഒരു പേസ് റണ്ണര്‍ ആദ്യമായി മാരത്തണ്ണില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. തികച്ചും അപ്രതീക്ഷിതമെന്ന് മുംബൈ മാരത്തണ്‍ ഗോപിയുടെ ഈ വിജയത്തിന് വെളളിമെഡലിനൊപ്പം പുതിയ റെക്കോര്‍ഡ് നല്‍കി. ഗോപിക്ക് പോലും അറിയില്ലായിരുന്നു ഇതൊരു ഒളിമ്പിക്‌സ് യോഗ്യതാമത്സര വിജയമായിരുന്നുവെന്ന്. ഇതായിരുന്നു ഈ ആദിവാസി യുവാവിന് റിയോ ഒളിമ്പികിക്‌സിലേക്ക് വഴികാണിച്ചുകൊടുത്തത്. സ്വന്തം ജീവിതത്തിലെ ഏറ്റവും അപൂര്‍വ്വമായിരുന്നു ആ പകലുകള്‍.

ഒരിക്കലും ഒരു ഒളിമ്പിക്‌സ് കണ്‍മുന്നില്‍ പോലും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നും സ്വയം വെട്ടിയുണ്ടാക്കിയ ഓരോ വഴിത്തിരിവുകള്‍. ലോകം ഒരു ട്രാക്കിലേക്ക് ഒഴുകി വന്നപ്പോള്‍ വിയ്മയങ്ങളോടെ ഒളിമ്പിക് മണ്ണില്‍ കാലുറപ്പിച്ചു. നെഞ്ചിനുള്ളില്‍ ഇരച്ചുകയറിയ സാംബതാളത്തിന്റെ മിടിപ്പുകളില്‍ മറ്റൊന്നും നോക്കാതെ ലക്ഷ്യത്തിലേക്ക് മുന്നോട്ട് പാഞ്ഞു. കറുപ്പും വെളുപ്പും ഇടകലര്‍ന്നവര്‍ക്കിടയിലെ ആ ഓട്ട പന്തയത്തില്‍ പിന്നില്‍ നിന്നുള്ള നിരകളില്‍ നിന്നും എത്രയോ മുന്നിലായിരുന്നു തുടക്കത്തിലെ ഗോപിയുടെ സ്ഥാനം. ഒടുവില്‍ ഫിനിഷിങ്ങ് പോയിന്റില്‍ തൊട്ട് കാലുകള്‍ കുഴഞ്ഞ് വീഴുമ്പോള്‍ 25 എന്ന വലിയ അക്കം പുതിയ വിലാസമെഴുതി. അന്നുവരെ ലോകറാങ്കിങ്ങില്‍ 113 മത്തെ സ്ഥാനത്തിനുടമയായിരുന്ന ഗോപി ഇതോടെ 25 ാം സ്ഥാനത്തേക്കാണ് ഒറ്റയടിക്ക് ഉയര്‍ന്നെത്തിയത്. 2:15:25 സെക്കന്‍ഡ് ഒളിമ്പിക്‌സിലെ മാരത്തണില്‍ ഒരു ഇന്ത്യന്‍താരം കുറിച്ചിടുന്ന ഏറ്റവും നല്ല സമയവുമായിരുന്നു. വലിയ വേഗങ്ങളുടെയും കായിക കുതിപ്പിന്റെ മാത്രം ചരിത്രം രേഖപ്പെടുത്തുന്ന ആ പോരാട്ടങ്ങളിലെ ഗോപിയുടെ 25 ാം സ്ഥാനം ഈ അത്‌ലറ്റിനെ അടുത്തറിയുന്നവര്‍ക്കൊന്നും ഒട്ടും ചെറുതായിരുന്നില്ല. മുംബൈ മാരത്തണില്‍ തന്നെക്കാള്‍ മുന്നിലോടിയ ഇന്ത്യയിലെ നമ്പര്‍ വണ്‍ മാരത്തണ്ണറായ നിതേന്ദ്ര സിങ്ങിന് 84-മായാണ് ഒളിമ്പിക്‌സില്‍ ഫിനിഷ്‌ ചെയ്യാനായത്. ഇതോടെ ഗോപി ഇന്ത്യയിലെ നമ്പര്‍ വണ്‍ മാരത്തണ്‍ താരമായി മാറി.

21 വയസ്സിന്റെ ചെറുപ്പത്തില്‍ ആര്‍മിയില്‍ വന്നുപെട്ടെങ്കിലും പരിശീലനത്തിലും മത്സരത്തിനുമായി ആര്‍മി നല്‍കുന്നതില്‍ കവിഞ്ഞുള്ള ചെലവ് കൈയ്യില്‍ നിന്നും വരും. ട്രാക്ക് ഫീല്‍ഡിലെ ഷൂവിനു പോലും 16000 രൂപയോളം വിലവരും. ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മാസം രണ്ടുജോഡി ഷൂ വാങ്ങിയാല്‍ തീരുന്നതാണ് ശമ്പളം. പരിശീലനത്തിന്റെ മറ്റു ചെലവുകള്‍ക്കുമെല്ലാം ഹവില്‍ദാര്‍ തസ്തികയിലെ കുറഞ്ഞ ശമ്പളം തികയുമായിരുന്നില്ല. സ്ഥലം വാങ്ങി സ്വന്തമായി ഒരു വീടുവെക്കാനുള്ള സ്വപ്നവും ഇതോടെ നീണ്ടുപോയി.

ഒഴിഞ്ഞ കീശയും പ്രതീക്ഷവറ്റിയ മുഖവുമായി നാട്ടിലേക്കുള്ള ഓരോ തിരിച്ചുവരവിലും ഈരംകൊല്ലി കോളനി ഗോപിയോട് ഒന്നും ചോദിച്ചില്ല. ഇല്ലായ്മകളോട് മാത്രം ഇണങ്ങി നിന്ന ഒരു ദിവസത്തെ ജീവിതത്തിനുള്ള സമ്പാദ്യം മത്രം അന്നന്ന് തിരയുന്ന ബന്ധുക്കള്‍ക്കിടയില്‍ അവരില്‍ ഒരാളായി തന്നെ ഈ ഒളിമ്പ്യന്‍ അവധിക്കാലത്തെല്ലാം ജീവിച്ചു. റേഷനരി തിളച്ചുപൊന്തുമ്പോഴുള്ള തീഷ്ണഗന്ധത്തിനും ചുറ്റും കാത്തിരിക്കുന്ന കുരുന്നുകള്‍ക്ക് നടുവില്‍ തിളക്കമില്ലാതെ പോയി കൈയ്യെത്തിപിടിച്ച മെഡലുകളെല്ലാം. ഇതിനിടയിലും സഹായങ്ങള്‍ക്കായി ഒരു വാതിലിലും മുട്ടിയില്ല. ഇന്ത്യന്‍ കായിക ലോകത്തിന് ഇന്നുവരെയും പരിചയമില്ലാത്ത ജീവിത സാഹചര്യമായി ഇതിനെ കാണാം.

ഒളിമ്പിക്‌സിന്റെ ആരവങ്ങളെല്ലാം അടങ്ങി. പലരും വലിയ സ്വീകരണങ്ങള്‍ക്ക് നടുവില്‍ നിന്നും വലിയ പ്രത്യാശകളുമായി പുതിയ ഊര്‍ജ്ജവുമായി തിരികെ മറ്റു പരിശീലനങ്ങളിലേക്ക് നീങ്ങി. ഇതിനിടയിലും ഗോപിക്ക് പ്രതീക്ഷകള്‍ നല്‍കുന്ന ചെറിയ മാറ്റങ്ങള്‍ പോലുമുണ്ടായില്ല. അമ്മയ്ക്കും കുടുംബത്തിനും അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീടില്ലാത്ത അവസ്ഥ ഇപ്പോഴും ശേഷിക്കുന്നു. മനസ്സില്‍ അസ്വസ്ഥതകള്‍ നിറഞ്ഞപ്പോള്‍ ഗോപി മുഖ്യമന്ത്രിക്ക് സ്വന്തം ജീവിതാവസ്ഥകള്‍ വെള്ളക്കടലാസിലെഴുതി നല്‍കി. രാജ്യത്തിന് വേണ്ടി ഒളിമ്പിക്‌സടക്കം നിരവധി അന്താരാഷ്ട്രതലത്തില്‍ മത്സരിച്ച തനിക്ക് അന്തിയുറങ്ങാന്‍ ഒരു വീടും സ്വന്തമെന്ന് പറയാന്‍ സ്ഥലവും വേണം. ആദരവുകള്‍ നല്‍കേണ്ടവര്‍ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ അവസാനം ഈ വഴിമാത്രമായിരുന്നു ഗോപിയുടെ മുന്നിലുണ്ടായിരുന്നത്. വിനയം കലര്‍ന്ന ആ അപേക്ഷയ്ക്ക് അനുതാപങ്ങളില്ല. ഒരു ഒളിമ്പ്യന്‍ ട്രാക്കിനു പുറത്ത് ഇപ്പോഴും ഇങ്ങനെയെല്ലാം തോല്‍ക്കുന്നു.

ആദിവാസി ഭവനപദ്ധതികളും ഇ.എം.എസ് സമ്പൂര്‍ണ്ണഭവനപദ്ധതികളുമുള്ള നാട്ടിലാണ് ഒരു ഒളിമ്പ്യന് ഈ ദുരനുഭവങ്ങള്‍. ആരാലും ശ്രദ്ധിക്കാതെ പോകുന്ന ഈ കായികതാരത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ കാലം ദുരനുഭവങ്ങള്‍ കോര്‍ത്തിടുമ്പോഴും പൂനെയിലും ബാംഗ്‌ളൂരിലും ഊട്ടിയിലുമെല്ലാം ആള്‍ട്ടിറ്റ്യൂഡുകള്‍ മാറി മാറി മറ്റൊരു ട്രാക്ക് ഫീല്‍ഡിനായി ഗോപി തയ്യാറെടുക്കുകയാണ്. നിറയുന്ന അന്ത:സംഘര്‍ഷങ്ങള്‍ പുറത്തുകാണിക്കാതെ സ്വപ്നങ്ങളെ തിരിച്ചുപിടിക്കാനാണ് ഒളിമ്പ്യന്‍ ഗോപിയുടെ ഇനിയുള്ള ഓരോ കുതിപ്പുകളും. ഒളിമ്പിക്‌സിലെ ദീര്‍ഘദൂര ഓട്ടത്തിന്റെ ഇടവേളയില്‍ കിട്ടിയത് അല്‍പ്പദിവസത്തെ വിശ്രമം മാത്രം.

മകന്റെ നേട്ടങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചൊന്നും അമ്മ നഞ്ചിക്കും കൂടുതലായി ഒന്നുമറിയില്ല. വലിയ ഓട്ടക്കാരനാണെന്ന് മാത്രമറിയാം. മകന്‍ ഒളിമ്പിക്‌സിന്റെ ട്രാക്കിലെത്തിയപ്പോള്‍ ഈ അമ്മയുടെ കൈപിടിച്ച് ഒരു അഭിനന്ദന വാക്കുകള്‍ പറയാന്‍ ഈ കോളനിയിലേക്ക് ആരുമെത്തിയില്ല. വൈദ്യുതി പോലും ഇല്ലാത്ത, നിവര്‍ന്നു നിന്നാല്‍ തലമുട്ടുന്ന ഇരുട്ടു തങ്ങുന്ന കോളനിമുറികളില്‍ ഗോപിയെന്ന കായികതാരത്തിന്റെ മികവറിയുന്നവര്‍ പോലും ചുരുക്കമാണ്. പുറമെ നിന്നും വരുന്നവര്‍ ഒളിമ്പ്യന്‍ ഗോപിയുടെ വീടുചോദിച്ചാല്‍ പോലും ഒന്നുമറിയാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന കോളനിവാസികള്‍ക്കിടയില്‍ നിന്നും വേറിട്ട് വളര്‍ന്ന ഈ കായികതാരത്തിന്റെ പരിശ്രമങ്ങള്‍ക്ക് ഒളിമ്പിക് സുവര്‍ണ്ണമെഡലിനേക്കാള്‍ തിളക്കമുള്ളതായി കാണാം.

ഗോപിയുടെ നേട്ടങ്ങള്‍

2013 നാഷണല്‍ ക്രോസ് കണ്‍ട്രി കൊല്‍ക്കത്ത മൂന്നാം സ്ഥാനം
2013 സര്‍വീസ് ക്രോസ് കണ്‍ട്രി രണ്ടാം സ്ഥാനം
2014 നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററില്‍ സ്വര്‍ണ്ണമെഡല്‍ സമയം 29.32 സെക്കന്‍ഡ്
2015 ഫെഡറേഷന്‍ കപ്പ് മംഗലാപുരം 10000 മീറ്റര്‍ വെള്ളി, 5000 മീറ്റര്‍ വെള്ളി
2015 നാഷണല്‍ ഗെയിംസ് കേരളം 10000 മീറ്റര്‍ വെങ്കലം
2015 സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അതലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചെന്നൈ 10000 മീറ്റര്‍ വെള്ളിമെഡല്‍
2015 സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അതലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചെന്നൈ 5000 മീറ്റര്‍ വെള്ളിമെഡല്‍
2015 സര്‍വീസസ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഹൈദരബാദ് 10000 മീറ്റര്‍ സ്വര്‍ണ്ണം
2015 നാഷണല്‍ ക്രോസ് കണ്‍ട്രി പൂനെ വെളളി
2015 സൗത്ത് ഏഷ്യന്‍ ഗെയിംസ് ആസ്സാം 10000 മീറ്റര്‍ സ്വര്‍ണ്ണം പുതിയ റെക്കോഡ് സമയം.29.10
2015 ഏഷ്യന്‍ ക്രോസ് കണ്‍ട്രി ബഹ്‌റൈന്‍ നാലാം സ്ഥാനം
2015 ഡെല്‍ഹി ഹാഫ് മാരത്തണ്‍ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമന്‍ വെള്ളി മെഡല്‍ സമയം 1മണിക്കൂര്‍ 2 മിനുറ്റ് 45 സെക്കന്‍ഡ്
2016 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 10000 മീറ്ററില്‍ സ്വര്‍ണ്ണമെഡല്‍ സമയം 29.10 സെക്കന്‍ഡ്
2016 മുംബൈ മാരത്തണ്‍ ഇന്ത്യക്കാരില്‍ രണ്ടാമന്‍, വെള്ളി മെഡല്‍, സമയം 2 മണിക്കൂര്‍ 16 മിനുറ്റ് 15 സെക്കന്‍ഡ്.

Avatar

രമേഷ്‌കുമാര്‍ വെളളമുണ്ട

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍