UPDATES

കായികം

ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളി; മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

ഏഴു വര്‍ഷം ഇന്ത്യന്‍ ജഴ്സി അണിഞ്ഞ മാനുവല്‍, രണ്ടു ലോകകപ്പില്‍ ഇന്ത്യന്‍ വല കാത്തു.

മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിക്കും. ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളിയാണ് കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്ക്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാര നിര്‍ണയ സമിതി മാനുവല്‍ ഫ്രെഡറിക്കിനെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്. ‘ഗോള്‍മുഖത്തെ കടുവ’ എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്ക്, 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചു വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു. ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളിയെന്ന നേട്ടവും കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്കിനു സ്വന്തം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ഏഴു വര്‍ഷം ഇന്ത്യന്‍ ജഴ്സി അണിഞ്ഞ മാനുവല്‍, രണ്ടു ലോകകപ്പില്‍ ഇന്ത്യന്‍ വല കാത്തു. 1973ല്‍ ഹോളണ്ടില്‍ വെള്ളിയും 1978ല്‍ അര്‍ജന്റീനയില്‍ ആറാം സ്ഥാനവും. ഇംഗ്ലണ്ട്, ഈജിപ്ത്, പാക്കിസ്ഥാന്‍, ഹോളണ്ട്, പൂര്‍വ ജര്‍മനി, പശ്ചിമ ജര്‍മനി, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ടെസ്റ്റ് പരമ്പരകള്‍. എട്ടു രാജ്യാന്തര ടെസ്റ്റ് വിജയം, ആര്‍മി സര്‍വീസ് കോര്‍ ടീമിനായി 21 നാഷനല്‍ കിരീടം, എച്ച്എഎല്ലിനായി ഏഴു നാഷനല്‍ കിരീടം, യുപിക്കും കര്‍ണാടകയ്ക്കും മോഹന്‍ ബഗാനും വേണ്ടി കിരീടങ്ങള്‍ എല്ലാം പുരസ്‌കാരത്തിന് അര്‍ഹനാക്കുന്നു. കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്, ബര്‍ണശേരി ബിഇഎംയുപി സ്‌കൂള്‍ ടീമില്‍ 11ാം വയസ്സില്‍ ഹോക്കി ടീമില്‍ അംഗമായതോടെയാണ് കരിയര്‍ ആരംഭിക്കുന്നത്. സ്‌കൂള്‍ കാലം കഴിഞ്ഞ് മിലിട്ടറിയില്‍ ചേര്‍ന്നതോടെയാണ് ദേശീയ ടീമില്‍ എത്തിയത്. 16 ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ ടൈ ബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഫ്രെഡറിക്കിന് സ്വന്തമാണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍