അതേസമയം സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്നായിരുന്നു ഇതേക്കുറിച്ചുള്ള ടീം മാനേജ്‌മെന്റിന്റെ പ്രതികരണം
കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഐഎസ്എല്ലിന്റെ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മാര്‍ക് സിഫ്‌നിയോസ് ടീം വിട്ട് മടങ്ങുന്നു. ഡച്ച് താരമാണ് സിഫ്‌നിയോസ്. ഈ സീസണില്‍ ടീമിനായി ആദ്യ ഗോള്‍ നേടിയത് സിഫ്‌നിയോസ് ആയിരുന്നു. സീസണില്‍ ഇതുവരെ നാല് ഗോളുകള്‍ നേടി.
അതേസമയം സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്നായിരുന്നു ഇതേക്കുറിച്ചുള്ള ടീം മാനേജ്‌മെന്റിന്റെ പ്രതികരണം. നേരത്തെ പരിക്കും ഫോമില്ലായ്മയും മൂലം വലയുന്ന മുന്‍ മാഞ്ചസ്റ്റര്‍ താരവും ബള്‍ഗേറിയക്കാരനുമായ ദിമിദര്‍ ബെര്‍ബെറ്റോവിനെയും ടീമില്‍ നിന്നും പുറത്താക്കാന്‍ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നല്ല ഫോമില്‍ കളിക്കുന്ന സിഫ്‌നിയോസിനെ കേരള ടീമിന് നഷ്ടമാകുന്നത്.
ഐഎസ്എല്ലിന്റെ നാലാം സീസണില്‍ തുടര്‍ തോല്‍വി കാരണം പോയിന്റ് പട്ടികയിലും സെമി സാധ്യതയും മങ്ങിനില്‍ക്കുന്ന ബ്ലാസ്റ്റേഴ്സിനു വേണ്ടി ആറ് കളികള്‍ മാത്രമാണ് ബെര്‍ബറ്റോവ് കളിച്ചത്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സൂപ്പര്‍ കോച്ച് റെനെ മ്യൂളന്‍സ്റ്റീനെ പുറത്താക്കിയും സീസണിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ടീമിന്റെ തുടര്‍ തോല്‍വികളാണ് മ്യൂളന്‍സ്റ്റീന്റെ സീറ്റും തെറിപ്പിച്ചത്.