UPDATES

കായികം

സർഫിംഗിനിടെ അപകടം; ഹെയ്ഡൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഹെയ്ഡന് നേരത്തെയും കടലില്‍വെച്ച് പരിക്കേറ്റിട്ടുണ്ട്. 1999ല്‍ നോര്‍ത്ത് സ്ട്രാട്‌ബ്രോക്ക് ദ്വീപിലേക്ക് മീന്‍ പിടിക്കാന്‍ പോവുന്നതിനിടെ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കടലിലൂടെ കിലോമീറ്റററുകളോളം നീന്തിയാണ് ഹെയ്ഡന്‍ രക്ഷപ്പെട്ടത്.

കടലില്‍ സര്‍ഫിംഗിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്. ക്വീന്‍സ്ലാന്‍ഡില്‍ വിനോദസഞ്ചാരത്തിന് പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്.

വെള്ളിയാഴ്ച നോര്‍ത്ത് സ്‌ട്രോജ്  ദ്വീപില്‍ മകനൊപ്പം സര്‍ഫിങ്ങിലായിരുന്നു ഹെയ്ഡന്‍. മകന്‍ ജോഷും അപകടം നടക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കഴുത്തില്‍ കോളര്‍ ബെല്‍റ്റ് ഇട്ടു തലയ്ക്കും പരുക്കേറ്റ ഹെയ്ഡന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ചികിത്സയുടെ ഭാഗമായി എംആര്‍ഐ, സിടി സ്‌കാനുകള്‍ക്ക് വിധേയനായതായും ആരോഗ്യം വീണ്ടെടുക്കുന്നതായും ഹെയ്ഡന്‍ പറയുന്നു. പരിക്കിന്റെ വിശദാംശങ്ങള്‍ അടക്കം ഹെയ്ഡന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

അതേസമയം സര്‍ഫിംഗിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് പരിക്കേറ്റതെന്ന് ഹെയ്ഡന്‍ കൊറിയര്‍ മെയില്‍ പത്രത്തോട് പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂവെന്നും ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുലഭിച്ചതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.  അപകട സമയത്ത് കഴുത്ത് തിരിഞ്ഞുപോയത് പോലെയായിരുന്നു അവസ്ഥ. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് എങ്ങനെയോ രക്ഷപെട്ടത്. ഗുരുതരമായി പരിക്കേറ്റ തന്നെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചവരോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത്. പരിക്ക് ഭേദമായി ആരോഗ്യം വീണ്ടെടുത്താല്‍ താന്‍ വീണ്ടും സര്‍ഫിങിന് എത്തുമെന്നും ഹെയ്ഡന്‍ പറയുന്നു.

ഹെയ്ഡന് നേരത്തെയും കടലില്‍വെച്ച് പരിക്കേറ്റിട്ടുണ്ട്. 1999ല്‍ നോര്‍ത്ത് സ്ട്രാട്‌ബ്രോക്ക് ദ്വീപിലേക്ക് മീന്‍ പിടിക്കാന്‍ പോവുന്നതിനിടെ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കടലിലൂടെ കിലോമീറ്റററുകളോളം നീന്തിയാണ് ഹെയ്ഡന്‍ രക്ഷപ്പെട്ടത്. മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ആന്‍ഡ്യ്രു സൈമണ്ട്‌സും ഈ സമയം ഹെയ്ഡനൊപ്പമുണ്ടായിരുന്നു. 2009ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 46കാരനായ ഹെയ്ഡന്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു. 103 ടെസ്റ്റ് മത്സരങ്ങളിലാണ് ഹെയ്ഡന്‍ ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍