വനിതാ ലോകകപ്പില്‍ സുവര്‍ണ പാദുകവും സ്വര്‍ണ്ണ പന്തും മേഗന് റപിനോ നേടി
നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി നാലാം വനിതാ ലോകകപ്പ് അമേരിക്ക ഉയര്‍ത്തിയപ്പോള്‍ താരമായത് അമേരിക്കന്‍ ടീമിലെ 34 കാരി മേഗന് റപിനോ ആയിരുന്നു. ഇടതു വിങ്ങിലെ മാസ്മരിക പ്രകടനം കൊണ്ട് മൈതാനത്തെ താരമായി റപിനോ തിളങ്ങിയപ്പോള്‍ 6 ഗോളുകളും 3 അസിസ്റ്റുകളും പിറന്നു. സുവര്‍ണ പാദുകവും സ്വര്‍ണ്ണ പന്തും റപിനോ നേടി. ലോകകപ്പില്‍ അമേരിക്കയുടെ തന്നെ അലക്സ് മോര്ഗന് ആകും ടൂര്‍ണമെന്റിലെ താരമെന്ന പ്രവചനങ്ങള്‍ വെറും വാക്കായി. അലക്സ് മോര്‍ഗനും, ഇംഗ്ലണ്ടിന്റെ വൈറ്റും ആറു ഗോള്‍ വീതം അടിച്ചിട്ടുണ്ട് എങ്കിലും ഏറ്റവും കുറവ് സമയം കളിച്ചതിന്റെ അടിസ്ഥാനത്തിലാണ് റപീനോയെ തേടി നേട്ടങ്ങള്‍ എത്തിയത്.
റപീനോ നേടിയ ആറു ഗോളുകളില്‍ അഞ്ചും നോക്കൗട്ട് മത്സരങ്ങളിലായിരുന്നു. ടൂര്‍ണമെന്റിലെ ആറു ഗോള്‍ നേട്ടം എന്നതിലുപരി ഈ ഗോളുകള്‍ ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമെന്ന് കൂടി എഴുതി ചേര്‍ക്കണം. നെതര്‍ലന്‍ഡ്സിനെതിരെ ഫൈനലില്‍ ഗോള്‍ നേടിയതോടെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും റപിനോ മാറി. തന്റെ 50ആം അന്താരാഷ്ട്ര കരിയര്‍ ഗോളും റപീനോ മത്സരത്തില്‍ പൂര്‍ത്തീകരിച്ചു. ഫൈനല്‍ മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും റപീനോ തന്നെയാണ് സ്വന്തമാക്കിയത്.
ആരെയും ഭയക്കാതെ തന്റെ നിലപാടുകള്‍ പറയുന്നത്ത് കാരണം റപിനോ വിമര്‍ശനങ്ങള്‍ക്കിരയായിട്ടുണ്ട്. വനിത ലോകകപ്പ് ഫൈനലിന്റെ ദിവസം തന്നെ ഗോള്‍ഡ് കപ്പ്, കോപ്പ അമേരിക്ക ഫൈനലുകള്‍ വെച്ചതിനെതിരെ ഫിഫക്കെതിരെ താരം തുറന്നടിച്ചു. വനിത ഫുട്ബോളിനെ വേണ്ട പോലെ പരിഗണിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ ആക്ഷേപം. സോഷ്യല്‍ മീഡിയയിലോ അമേരിക്കയിലോ ആരും ഗോള്‍ഡ് കപ്പിനെ പറ്റി ചര്‍ച്ച ചെയ്യുന്നത് കണ്ടില്ല എന്നു പറഞ്ഞ മേഗന് വനിത ഫുട്ബോളിന്റെ സ്വീകാര്യതയുടെ തെളിവാണ് ഇതെന്നും വ്യക്തമാക്കി. അതോടൊപ്പം ഫിഫയുടെ വേതനനയത്തിനെതിരെയും മേഗന് വിമര്‍ശനം ഉന്നയിച്ചിരുന്നു. പുരുഷന്മാര്ക്ക് ലഭിക്കുന്നതിനെ അപേക്ഷിച്ച് വളരെ തുച്ഛമായ പ്രതിഫലമാണ് വനിത ടീമിന് ലഭിക്കാറുള്ളത്. ഇത് നീതികേടാണെന്നും താരം തുറന്നടിച്ചു.
ലോകകപ്പ് നേടിയാലും താന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സന്ദര്‍ശിക്കില്ല എന്ന റപീനോയുടെ പ്രതികരണം വലിയ ശ്രദ്ധനേടിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ എല്‍.ജി.ബി.ടി.ഐ.ക്യു വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സ്വവര്‍ഗ്ഗാനുരാഗി കൂടിയായ റപീനോയുടെ ഈ പ്രതികരണം. താരത്തിന് മറുപടിയായി റപീനോ രാജ്യത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ‘ജയിച്ചിട്ടു മതി സംസാരം’ എന്നതായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ടീമിന് വിജയാശംസകള്‍ നേരുന്ന ട്വീറ്റില്‍ വിജയത്തിന്റെ കാരണക്കാരിയായ മേഗന് റപിനോയുടെ പേര് പരാമര്‍ശിക്കാന്‍ ട്രംപ് തയ്യാറായില്ല.
….in our Country’s history, and the poverty index is also best number EVER), leagues and teams love coming to the White House. I am a big fan of the American Team, and Women’s Soccer, but Megan should WIN first before she TALKS! Finish the job! We haven’t yet….
— Donald J. Trump (@realDonaldTrump) June 26, 2019