UPDATES

ട്രെന്‍ഡിങ്ങ്

അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ആശ്വാസം: മെസിക്കുള്ള വിലക്ക് ഫിഫ നീക്കി

മെസിയുടേയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേയും (എഎഫ്എ) അപ്പീല്‍ പരിഗണിച്ചാണ് നടപടി.

അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ആശ്വാസ വാര്‍ത്തയുമായി ഫിഫ. ലയണല്‍ മെസിക്ക് നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫിഫ നീക്കി. ഫിഫ ഇക്കാര്യം പ്രസ്താവനയില്‍ വ്യക്തമാക്കി. മെസിയുടേയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേയും (എഎഫ്എ) അപ്പീല്‍ പരിഗണിച്ചാണ് നടപടി. ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മാച്ച് ഒഫീഷ്യലിനെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മെസിക്കെതിരായ അച്ചടക്കനടപടി. 2017 മാര്‍ച്ച് 28നാണ് മെസിക്കെതിരെ ഫിഫ അച്ചടക്ക സമിതി നടപടിയെടുത്തത്. എന്നാല്‍ വിലക്കേര്‍പ്പെടുത്തുന്നതിന് തക്ക തെളിവ് മെസിക്കെതിരെ ഇല്ലെന്നാണ് ഫിഫ അപ്പീല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.

ഇന്നലെ സ്വറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചില്‍ അപ്പീല്‍ കമ്മിറ്റി ഹിയറിംഗ് നടത്തിയിരുന്നു. അതേസമയം മെസിയുടെ പെരുമാറ്റം അത്ര നല്ലതായിരുന്നില്ലെന്നും അപ്പീല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് റഫറിയോടാണ് മെസി മോശമായി പെരുമാറിയത്. മാച്ച് ഒഫീഷ്യല്‍സിനോട് ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. നാല് മത്സരങ്ങളില്‍ നിന്നുള്ള വിലക്കിന് പുറമെ 10,000 സ്വിസ് ഫ്രാങ്ക് (ഏതാണ്ട് ആറര ലക്ഷം രൂപ) പിഴയും ഇട്ടിരുന്നു. ഇതും പിന്‍വലിച്ചിട്ടുണ്ട്. ബൊളീവിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു മെസിക്ക് വിലക്കേര്‍പ്പെടുത്തിയത്. മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന 2-0ന് തോല്‍ക്കുകയും ചെയ്തു. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടുന്ന കാര്യം തന്നെ അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് മെസിയുടെ വിലക്ക് നീങ്ങുന്നത്. അര്‍ജന്റീനയുടെ അടുത്ത യോഗ്യതാ മത്സരം ഓഗസ്റ്റ് 31ന് ഉറുഗ്വായുമായാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍