UPDATES

ട്രെന്‍ഡിങ്ങ്

ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതില്‍ ക്രമക്കേട്; മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററും ഇതേ കേസില്‍ ആരോപണ വിധേയനാണ്

ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസവും യുവേഫ മുന്‍ പ്രസിഡന്റുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. 2022ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിന് പിന്നില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അറസ്റ്റ്. 2018, 2022 ലോകകപ്പ് വേദികള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുന്നത് ഫ്രഞ്ച് പോലീസിലെ അഴിമതി വിരുദ്ധ വിഭാഗമാണ്.

ഇവര്‍ പാരിസില്‍ നിന്നും പ്ലാറ്റിനിയെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. ഫിഫയില്‍ നിന്നും വിലക്ക് നേരിടുന്ന പ്ലാറ്റിനിയുടെ വിലക്ക് 2019 മാര്‍ച്ചില്‍ അവസാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററും ഇതേ കേസില്‍ ആരോപണ വിധേയനാണ്. പ്ലാറ്റിനിക്കൊപ്പം ബ്ലാറ്ററിനെയും ഫിഫയില്‍ നിന്നും വിലക്കിയിരുന്നു. 2010ല്‍ യുഎസ്എ, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെ മറികടന്നാണ് ഖത്തര്‍ 2022 ലോകകപ്പിന്റെ വേദി നേടിയെടുത്തത്. ലോകകപ്പ് വേദി തീരുമാനിച്ചതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നതോടെ ഫിഫ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ക്രമക്കേട് നടന്നിട്ടില്ലെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തിന് ശേഷം അന്വേഷണം അവസാനിപ്പിച്ചു.

ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പ്ലാറ്റിനിയെ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 2007 മുതല്‍ 2015 വരെയാണ് പ്ലാറ്റിനി യുവേഫ പ്രസിഡന്റായിരുന്നത്. ഇതിനിടെയാണ് സെപ് ബ്ലാറ്ററിനൊപ്പം സാമ്പത്തിക ക്രമക്കേട് കേസില്‍ പ്ലാറ്റിനി ആരോപണ വിധേയനാകുന്നത്. 2011ല്‍ ഫിഫയില്‍ നിന്നും പ്ലാറ്റിനിയ്ക്ക് 20 ലക്ഷം സ്വിസ് ഫ്രാങ്ക്(ഏകദേശം 13.35 കോടി രൂപ) കൈമാറിയതിലെ ക്രമക്കേടുകളാണ് ഇരുവരുടെയും വിലക്കിലേക്കും ഇപ്പോള്‍ പ്ലാറ്റിനിയുടെ അറസ്റ്റിലേക്കും നയിച്ചത്. ബ്ലാറ്റര്‍ക്ക് ശേഷം പ്ലാറ്റിനി ഫിഫയുടെ അമരത്തെത്തുമെന്ന് കരുതിയിരിക്കുമ്പോഴാണ് അഴിമതി ആരോപണത്തില്‍ കുരുങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍