UPDATES

കായികം

കേരളത്തിന്റെ കായിക കുതിപ്പിനായി ഒരുങ്ങുന്നത് 54 ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ : ഇ.പി ജയരാജന്‍

ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ കായിക പെരുമയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും.

അടുത്തവര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലെ ലോംങ്ജമ്പില്‍ കേരളത്തിന്റെ പ്രാതിനിധ്യമുണ്ടാവുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന കായിക വകുപ്പ് നിലമ്പൂരിലെ മാനവേദന്‍ ജിഎച്ച്എസ്എസില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ കേരളത്തെ കായിക സാഹോദര്യ സംസ്ഥാനമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. കായിക പ്രവര്‍ത്തനങ്ങള്‍ക്കായി 700 കോടി രൂപ ഈ സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. 54 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളാണ് കേരളത്തില്‍ കായിക കുതിപ്പിനായി നിര്‍മ്മിക്കുന്നത്. ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ കായിക പെരുമയ്ക്ക് കൂടുതല്‍ പ്രോത്സാനം നല്‍കും. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരം ദേശീയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

14 ജില്ലകളിലും ഇത്തരത്തിലുള്ള സ്റ്റേഡിയങ്ങളാണ് നിര്‍മ്മിക്കുന്നത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഒരു കായിക പരിശീലനം നല്‍കണമെന്ന് സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എ. നിര്‍ദ്ദേശിക്കുന്ന ഒരു സ്‌കൂളിലെ 25 കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

2016-17 ലെ പരിഷ്‌കരിച്ച ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള നിലമ്പൂര്‍ മിനി സ്റ്റേഡിയ സമുച്ചയത്തിന്റെ നിര്‍മ്മാണം മാനവേദന്‍ ജിഎച്ച്എസ്എസ്സിന്റെ അധീനതയിലുള്ള 6.47 ഏക്കര്‍ സ്ഥലത്താണ്. ഈ സ്റ്റേഡിയത്തിനായി 17.26 കോടി രൂപയുടെ ഭരണാനുമതിയും 18.30 കോടി രൂപയുടെ കിഫ്ബി അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഫിഫ മാനദണ്ഡ പ്രകാരമുള്ള സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം, 6 ലെയിന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, നീന്തല്‍ക്കുളവും അതിനോടനുബന്ധിച്ച സൗകര്യങ്ങളും, ഫുട്‌ബോള്‍ കോര്‍ട്ടിനോടനുബന്ധിച്ചുള്ള ഗാലറി, വിഐപി റൂം, മീഡിയ റൂം, പ്ലയേഴ്‌സ് റൂം എന്നിവ ഉള്‍പ്പെടുന്ന പവിലിയന്‍ കെട്ടിടം എന്നിവയാണ് ഈ സ്റ്റേഡിയ സമുച്ചയത്തില്‍ വിഭാവനം ചെയ്യുന്നത്. ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഒന്നര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.മന്ത്രി പറഞ്ഞു. ചടങ്ങില്‍ പിവി അന്‍വര്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍