UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബഹുമാനപ്പെട്ട കായിക മന്ത്രീ; ഒളിമ്പിക്സ് വേദിയില്‍ ഇന്ത്യയെ ഇനിയും നാണം കെടുത്തരുത്

Avatar

അഴിമുഖം പ്രതിനിധി

കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇന്ത്യയെ നാണം കെടുത്തിയേ അടങ്ങൂ എന്ന വാശിയിലാണ്. അതും റിയോ ഒളിമ്പിക്സിലെ ദയനീയമായ പ്രകടനവുമായി ഇന്ത്യ കഷ്ടപ്പെടുമ്പോള്‍. ഇന്ത്യയിലെ രാഷ്ട്രീയ, അധികാരി മേലാളന്മാരുടെയും അനുചരവൃന്ദത്തിന്റെയും പതിവ് രീതികളാണ് മന്ത്രിയും കൂട്ടരും റിയോയില്‍ പുറത്തെടുത്തത്. അനുമതിയില്ലാത്ത ആളുകളുമായി കായികമത്സര വേദികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു മന്ത്രി. മത്സരശേഷം തളര്‍ന്നിരിക്കുന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും അയാള്‍ തിരക്കു കൂട്ടുന്നു.

ഇക്കൂട്ടത്തില്‍ തളര്‍ന്നിരിക്കുന്ന ബോക്സിംഗ് താരം വികാസ് കിഷനൊപ്പവും ജിംനാസ്റ്റ് ദീപ കര്‍മകാറിനൊപ്പവുമുള്ള ചിത്രങ്ങളുമുണ്ട്. വനിതാ ഹോക്കി സംഘം ജപ്പാനുമായി 2-2 സമനില പിടിച്ചപ്പോഴും കൂടെനിന്നു ചിത്രമെടുക്കാന്‍ മന്ത്രി കളത്തിലേക്ക് ഓടിയിറങ്ങി. ആ ചിത്രമെടുപ്പാണ് റിയോ ഒളിമ്പിക്സ് സംഘാടക സമിതിയെ ഇടപെടുവിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മന്ത്രിയും കൂട്ടരും കടക്കാന്‍ വിലക്കുള്ള ഇടങ്ങളില്‍ തള്ളിക്കയറുന്നു എന്നു പറഞ്ഞ സംഘാടക സമിതി ഗോയലിന്റെ അനുമതി റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഗോയലിനൊപ്പമുള്ളവര്‍ രൂക്ഷമായും മോശമായും പ്രതികരിക്കുന്നു എന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

മന്ത്രിക്ക് ഈ മുന്നറിയിപ്പ് കൈമാറാന്‍ ഇന്ത്യന്‍ സംഘത്തിന്റെ ചുമതലയുള്ള രാകേഷ് ഗുപ്തയോട് റിയോ സംഘാടകസമിതി മാനേജര്‍ സാറാ പീറ്റേഴ്സണ്‍ ഒരു കത്തില്‍ ആവശ്യപ്പെട്ടു. “നിങ്ങളുടെ കായിക മന്ത്രി അനുമതിയില്ലാത്ത ആളുകളുമായി മത്സരവേദികളില്‍ കടക്കാന്‍ ശ്രമിക്കുന്നു എന്ന ഒന്നിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. വേദികളുടെ ചുമതലക്കാര്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിക്കൊപ്പമുള്ളവര്‍ പ്രകോപിതരായി പരുക്കനായി പെരുമാറുകയും ചിലപ്പോള്‍ ഞങ്ങളുടെ ജീവനക്കാരെ തള്ളിമാറ്റുകയും ചെയ്തു,” സാറാ പീറ്റേഴ്സണ്‍ കത്തില്‍ പറയുന്നു. “ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ല. മുമ്പും താക്കീതുകള്‍ നല്‍കിയിട്ടും ഇന്നുപോലും ജിംനാസ്റ്റിക്സ് വേദിയിലും കരിയോക്ക അരീന 3-ലും ഇതേ സംഭവം ആവര്‍ത്തിച്ചു.”

“ഞങ്ങളുടെ പെരുമാറ്റച്ചട്ട വിഭാഗത്തിന്റെ ഇത്തരം പെരുമാറ്റം ഇനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ താങ്കളുടെ കായികമന്ത്രിയുടെ അനുമതി റദ്ദാക്കുകയും ഒളിമ്പിക് മേളയിലെ അദ്ദേഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പിന്‍വലിക്കുകയും ചെയ്യും. ഈ സന്ദേശം എത്രയും വേഗം താങ്കള്‍ കൈമാറുമെന്ന് വിശ്വസിക്കുന്നു.” സംഭവത്തെ ചെറുതാക്കിക്കാണിക്കാന്‍ ഗുപ്ത ശ്രമിച്ചെങ്കിലും ഗോയല്‍ ഹോക്കി മൈതാനത്ത് ഇറങ്ങിയതായി സമ്മതിച്ചു.

“ജപ്പാനുമായുള്ള കളിയില്‍ ഇന്ത്യയുടെ നല്ല പ്രകടനത്തെ തുടര്‍ന്ന് കളിക്കാര്‍ക്കൊപ്പം വരാന്‍ സംഘം മന്ത്രിയെ ക്ഷണിച്ചു. സംഘാടക സമിതി ജീവനക്കാര്‍ക്കൊപ്പമാണ് അദ്ദേഹം മൈതാനത്തെത്തി കളിക്കാരെ കണ്ടത്,” ഗുപ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു. “എന്നാല്‍ ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയ ഉടനെ അദ്ദേഹം മൈതാനം വിട്ടു പുറത്തുവെച്ചാണ് കളിക്കാരെ കണ്ടത്. പിന്നീടെല്ലാം മത്സരവേദിയിലും പ്രത്യേക അനുമതി ഉപയോഗിച്ചാണ് മന്ത്രി പോയത്. ഒരു ചെറിയ വിഷയത്തെ പെരുപ്പിച്ചുകാണിക്കുന്നത് ഖേദകരമാണ്,”- ഗുപ്ത പറയുന്നു.

അഭിനവ് ബിന്ദ്ര മത്സരിക്കുന്നിടത്തും ഗുപ്ത പോയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് താരം നാലാമതായപ്പോള്‍ സ്ഥലം വിട്ടു. വ്യാഴാഴ്ച്ച ശിവ ഥാപ്പയുടെ ബോക്സിംഗ് മത്സരത്തിനിടയിലും പോയെങ്കിലും ഥാപ്പ ക്യൂബന്‍ എതിരാളിയോട് തോറ്റതോടെ മന്ത്രി സ്ഥലം കാലിയാക്കി. എന്നാല്‍ ഇതൊന്നും വലിയ സംഭവമല്ലെന്ന നിലപ്പടിലാണ് മന്ത്രി. ചട്ടങ്ങളെല്ലാം പാലിച്ചെന്നും മന്ത്രി പറയുന്നു. “എല്ലാ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ചെന്നാണ് എന്റെ അറിവ്. ഒളിമ്പിക്സ് ആവേശത്തിനും ഇന്ത്യന്‍ കളിക്കാരെ പിന്തുണയ്ക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ചില തെറ്റിദ്ധാരണകളാണ് ഉണ്ടായത്. സംഘാടകര്‍ പറഞ്ഞ എല്ലാ നിര്‍ദേശങ്ങളും ഞങ്ങള്‍ പാലിച്ചിട്ടുണ്ട്.”

ടെന്നീസ് താരം സോമദേവ് ബര്‍മന്‍ ഇതിനെക്കുറിച്ച് ട്വീറ്റില്‍ പ്രതികരിച്ചു,”പതിവുപോലെ പ്രത്യേകാവകാശങ്ങള്‍ ഉണ്ടെന്ന തരം പെരുമാറ്റം. ഇത് അത്ഭുതമുണ്ടാക്കുന്നില്ല എന്നതാണു വലിയ പ്രശ്നം! തീര്‍ത്തും സ്വീകാര്യമല്ലാത്തത്.”

ഇന്ത്യയിലെപ്പോലെ ഒരു മര്യാദയുമില്ലാത്ത അതിവിശിഷ്ട VVIP പെരുമാറ്റമാണ് മന്ത്രി റിയോയിലും കാണിച്ചത്. വലിയ പരിപാടികള്‍ക്ക് സൌജന്യ പാസുകള്‍ക്ക് ആര്‍ത്തിപിടിച്ചു വാങ്ങുന്നതു മുതല്‍, തങ്ങളുടെ അംഗരക്ഷകരും അനുയായികളുമായി എല്ലാ സുരക്ഷാ ചട്ടങ്ങളെയും സാമാന്യമര്യാദയെയും മറികടന്നുകൊണ്ട് ഇടിച്ചുകയറുന്നത് ഇന്ത്യയിലെ ധനികരും അധികാരമുള്ളവരും ഒരു ജന്‍മാവകാശം പോലെയാണ് കൊണ്ടുനടക്കുന്നത്. വിദേശത്തും ഈ അറപ്പിക്കുന്ന ‘അതിവിശിഷ്ട വ്യക്തി’ പെരുമാറ്റം പുറത്തെടുത്ത് രാജ്യത്തെ നാണം കെടുത്തുകയാണ് മന്ത്രിയും പരിവാരങ്ങളും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍