UPDATES

ട്രെന്‍ഡിങ്ങ്

വിപണി 10 ലക്ഷം കോടിയുടേത്; കായികമേഖലയില്‍ ചൂതാട്ടം നിയമപരമാക്കാന്‍ ആലോചന

നിലവില്‍ കുതിരയോട്ടത്തിനു മാത്രമാണ് ഇന്ത്യയില്‍ നിയമപരമായി ചൂതാട്ടം നടത്താന്‍ കഴിയുക. 28 ശതമാനമാണ് ഇതിന്റെ ജി.എസ്.ടി നിരക്ക്.

കായിക മേഖലയില്‍ ചൂതാട്ടം നിയമപരമാക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം ആലോചിക്കുന്നു. ഇതു സംബന്ധിച്ച് കായിക മന്ത്രാലയം വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ കരട് പുറത്തിറക്കാന്‍ കഴിയുമെന്നുമാണ് കരുതുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓണ്‍ലൈന്‍ ചൂതാട്ടമാണ് നിയമപരമാക്കാന്‍ ആലോചിക്കുന്നത്. ക്രിക്കറ്റിലെ ഒത്തുകളി വിവാദവും അനധികൃത ചൂതാട്ടങ്ങളും ഇന്ത്യന്‍ കായിക, രാഷ്ട്രീയ മേഖലയില്‍ ഏറെ വിവാദം സൃഷ്ടിക്കുന്ന ഒന്നാണ്.

നിലവില്‍ ഇന്ത്യയിലെ അനധികൃത ഓണ്‍ലൈന്‍ ചൂതാട്ട വിപണി ഏതാണ്ട് 10 ലക്ഷം കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നതെന്ന് ദോഹ കേന്ദ്രമായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സെക്യൂരിറ്റിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ അറസ്റ്റിലായ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റി ഇന്ത്യയില്‍ കായിക മേഖലയില്‍ ചൂതാട്ടം നിയമപരമാക്കണമെന്ന് ശിപാര്‍ശ നല്‍കിയിരുന്നു. ശ്രീശാന്ത് അടക്കമുള്ളവരെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് കുറ്റവിമുക്തരാക്കിയെങ്കിലും ക്രിക്കറ്റിലുള്ള വിലക്ക് തുടരുകയാണ്.

നിലവില്‍ ഇംഗ്ലണ്ടില്‍ ചൂതാട്ടം നിയമപരമാണ്. ഈ മാതൃകയില്‍ നിയമനിര്‍മാണത്തിനാണ് കായിക മന്ത്രാലയവും ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് യു.കെയിലെ കായിക മന്ത്രാലയവുമായി ഒരു ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഏറ്റവും ഫലപ്രദമായി കായിക മേഖലയില്‍ ചൂതാട്ടം നിയമപരമായി നടക്കുന്ന രാജ്യമെന്ന നിലയില്‍ യു.കെയുമായുള്ള സഹകരണം ഉപകാരപ്പെടുമെന്നാണ് കായിക മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

കായിക മേഖലയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം തുച്ഛമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടം വഴിയുള്ള വരുമാനം കായിക മേലഖയുടെ ഉന്നതിക്കായി കൂടി ഉപയോഗിക്കാന്‍ കഴിയുമെന്നും കായിക മന്ത്രാലയം പറയുന്നു. നിലവില്‍ 10 ലക്ഷം കോടി രൂപയുടെ വിപണിയാണ് ഇന്ത്യയിലുള്ളതെങ്കിലും ഇതെല്ലാം നടക്കുന്നത് അനധികൃത വെബ്‌സൈറ്റുകള്‍ വഴിയാണ്. ഇത് നിയമപരമാക്കുന്നതു വഴി ഈ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് കൂടി വഴി തിരിച്ചു വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നിലവില്‍ കുതിരയോട്ടത്തിനു മാത്രമാണ് ഇന്ത്യയില്‍ നിയമപരമായി ചൂതാട്ടം നടത്താന്‍ കഴിയുക. 28 ശതമാനമാണ് ഇതിന്റെ ജി.എസ്.ടി നിരക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍