UPDATES

സ്ത്രീ

മിന്നും താരം; കേരളത്തില്‍ നിന്നാദ്യമായി ഒരു ആദിവാസി പെണ്‍കുട്ടി ദേശീയ ക്രിക്കറ്റ് ടീമില്‍

എന്നെ സംബന്ധിച്ച് എനിക്ക് കളിക്കാന്‍ ഇഷ്ടമാണ്. അത് ഇനി എത്ര തല്ല് കൊണ്ടിട്ടാണെങ്കിലും ചീത്ത കേട്ടിട്ടാണെങ്കിലും ഞാന്‍ കളിക്കുക തന്നെ ചെയ്യും.

പണ്ടൊക്കെ സ്‌കൂള്‍ വിട്ടു വന്നാല്‍ ബാഗൊക്കെ എറിഞ്ഞ് ഞാന്‍ വയലിലേക്ക് ഓടും ക്രിക്കറ്റ് കളിക്കാന്‍. കളികഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ എന്തായാലും വഴക്കും അടിയുമൊക്കെ കിട്ടും എന്ന് ഉറപ്പാണ്. എന്നാലും ഞാന്‍ അത് കാര്യമാക്കാറില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് ക്രിക്കറ്റ് കളിക്കാന്‍. ആ ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ മറ്റാരും പറയുന്നത് കേള്‍ക്കാതെ, ഒന്നിനും ചെവികൊടുക്കാതെ ഞാന്‍ കളിച്ചു. ദേശീയ വനിത ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍ നിന്നും സെലക്ഷന്‍ ലഭിച്ച മിന്നു മണി, ഈ വലിയ നേട്ടത്തിലേക്കെത്താന്‍ സഞ്ചരിച്ച വഴികളെക്കുറിച്ച് പറഞ്ഞു തുടങ്ങി.

കേരളത്തില്‍ നിന്നും ആദിവാസി വിഭാഗത്തിലെ ഒരു പെണ്‍കുട്ടി ആദ്യമായാണ് ദേശീയ വനിത ക്രിക്കറ്റ് ടീമിലേക്കെത്തുന്നത് എന്നതാണ് മിന്നുവിന്റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നത്. വയനാട് ജില്ലയിലെ മീനങ്ങാടി സ്വദേശിയാണ് മിന്നു.

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമെല്ലാം വലിയ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ട്, അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് മിന്നു ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത്. ‘എല്ലാരും നമ്മളെപറ്റി നല്ല കാര്യങ്ങള്‍ പറയണമെന്നില്ലല്ലോ..’നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പിനെ ഈ ഒറ്റ വാചകം കൊണ്ടാണ് മിന്നു മറികടക്കുന്നത്. ചെറുപ്പം തൊട്ടേ ക്രിക്കറ്റ് കളിക്കാന്‍ വലിയ താല്‍പര്യമുള്ള കട്ടിയായിരുന്നു മിന്നു. ചെറുപ്പം മുതലേ ടിവിയില്‍ സ്ഥിരമായി ക്രിക്കറ്റ് കളി കാണുമായിരുന്നു. അന്നുമുതലേ ക്രിക്കറ്റ് കാണാന്‍ വലിയ ഇഷ്ടമാണ്. അങ്ങനെ കണ്ട് കണ്ടായിരിക്കണം പിന്നീട് കളിക്കാനും താല്‍പര്യമായി. വീട്ടില്‍ വയലൊക്കെ ഉണ്ട്. അവിടെ ചേട്ടായിമാരൊക്കെ കളിക്കുന്നത് കണ്ടാണ് കളിക്കാന്‍ തുടങ്ങിയതും, അതിനൊടൊരു താല്‍പര്യം വന്നതും. അവരൊടൊപ്പമാണ് ആദ്യമായി കളിച്ചു തുടങ്ങിയത്.

സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ്‍കുട്ടികളുടെ കൂടെയായിരുന്നു പരിശീലനം മുഴുവനും. ആസമയത്ത് പെണ്‍കുട്ടികള്‍ക്കായി ഒരു ടീമൊന്നും ഉണ്ടായിരുന്നില്ല. ക്രിക്കറ്റിനോട് പെണ്‍കുട്ടികള്‍ക്ക് വലിയ താല്‍പര്യവും അന്ന് ഉണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ രണ്ട് മൂന്ന് പെണ്‍കുട്ടികളൊക്കെ ഉണ്ടായിരുന്നു. ആണ്‍കുട്ടികളുമായി ചേര്‍ന്ന് രണ്ടു ടീമുകളായാണ് കളിച്ചിരുന്നത്. ആ സമയത്ത് ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ഉണ്ടായിരുന്നത്. പലകാര്യങ്ങളും അന്ന് പറഞ്ഞു തന്നിരുന്നത് ആണ്‍കുട്ടികളായിരുന്നു.

ഞാന്‍ കുറിച്യ വിഭാഗത്തില്‍ നിന്നും വരുന്ന കുട്ടിയാണ്. ഞങ്ങളുടെ ഇവിടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളൊടൊപ്പം കളിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതൊരു വലിയ പ്രശ്‌നമാണ്. വീട്ടുകാരു പോലും സമ്മതിക്കില്ല. പ്രായപൂര്‍ത്തിയാവുന്ന സമയം ആകുമ്പോള്‍ മുതല്‍ തന്നെ നമ്മളെ ഈ കാര്യങ്ങള്‍ക്കൊക്കെ വീട്ടില്‍ നിന്നും എതിര്‍ത്തു തുടങ്ങും. മര്യാദയ്‌ക്കൊന്ന് ആണ്‍കുട്ടികളുമായി ഇടപഴകാന്‍ പോലും സമ്മതിക്കില്ല, എന്നിട്ടല്ലെ കളിക്കാന്‍. നാട്ടുകാരാണെങ്കിലും വീട്ടുകാരാണെങ്കിലും അതിനെ വേറൊരു രീതിയിലെ കാണുകയുള്ളൂ.

അച്ഛനും അമ്മയും ആണെങ്കില്‍ പോലും ഒരുപാട് ചീത്തപറയുമായിരുന്നു. ചെറുപ്പത്തില്‍ ഒരു പാട് തല്ലൊക്കെ കൊണ്ടിട്ടുണ്ട് . നാട്ടുകാര് അതും ഇതും ഒക്കെ പറയും. പക്ഷെ, എനിക്ക് കളിക്കാന്‍ ഇഷ്ടമാണ്. അത് ഇനി എത്ര തല്ല് കൊണ്ടിട്ടാണെങ്കിലും ചീത്ത കേട്ടിട്ടാണെങ്കിലും ഞാന്‍ കളിക്കുക തന്നെ ചെയ്യും.

പെണ്‍കുട്ടികളില്‍ നിന്നും ഒരാള്‍ കളിക്കാന്‍ പോകുന്നത് കൊണ്ട് തന്നെ വലിയ പിന്തുണയായിരുന്നു കൂട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അധ്യാപകരുടെ ഭാഗത്തു നിന്നുള്ള പിന്തുണ പറയാതെ വയ്യ. മാച്ചിനൊക്കെ പോകുന്നതുകൊണ്ട് പല സമയത്തും ഇന്റേണല്‍ പരീക്ഷകള്‍ എനിക്ക് എഴുതാന്‍ കഴിയാറില്ല. ആ സമയത്തൊക്കെ ഇന്റേണല്‍ തരുന്നതും, പാഠഭാഗങ്ങള്‍ പറഞ്ഞു തരുന്നതും അധ്യാപകരായിരുന്നു. സ്‌കൂളിലാണെങ്കിലും കോളേജിലാണെങ്കിലും അധ്യാപകരുടെ ഭാഗത്തു നിന്നും ലഭിച്ച പിന്തുണ എടുത്തു പറയേണ്ടതാണ്. പിന്നീട് എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ പിടി ടീച്ചര്‍ എല്‍സമ്മ ടീച്ചറാണ് എന്നിലെ കഴിവ് പൂര്‍ണ്ണമായും കണ്ടുപിടിച്ചതും എന്നെ ഇതിലേക്ക് കൊണ്ടു വന്നതും. അങ്ങനെയാണ് ആദ്യമായി ജില്ലാ ടീമിലേക്ക് എത്തുന്നത്.

നന്നായി കളിക്കാനൊക്കെ തുടങ്ങിയപ്പോള്‍, അതിനു വേണ്ടി ഹോസ്റ്റലിലേക്കൊക്കെ മാറിയപ്പോള്‍ പിന്നെ ആര്‍ക്കും ഒന്നും കുഴപ്പമില്ലാതായി. പിന്നെ എല്ലാരും നല്ല കാര്യങ്ങളൊക്കെ പറയും. ഇതിന് പോയത് നന്നായി എന്നൊക്കെ പറഞ്ഞ് പിന്തുണയും നല്‍കാന്‍ തുടങ്ങി.

എട്ടാം ക്ലാസു വരെ മാത്രമെ മിന്നു വയനാട്ടില്‍ പഠിച്ചിട്ടുള്ളൂ. എട്ടാം ക്ലാസില്‍ ജില്ലാ ടീമില്‍ കളിച്ചതോടെ ക്രിക്കറ്റ് അക്കാദമിയില്‍ പഠിക്കാനുള്ള അസരം ലഭിച്ചു. തുടര്‍ന്ന് ഒന്‍പതും പത്തും പഠനം തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും ബത്തേരിയിലിലും, ഡിഗ്രി പഠനം തിരുവന്തപുരം വുമണ്‍സ് കോളെജിലുമായിരുന്നു. ഈ സ്ഥലങ്ങളിലെല്ലാം ക്രിക്കറ്റ് അക്കാദമി ഉള്ളതിനാലാണ് ഇവിടെ തന്നെ പോയി പഠിക്കാന്‍ കാരണം.

മിന്നു ആള്‍ റൗണ്ടറാണ്. ബാറ്റിങ്ങും ബോളിങ്ങും ചെയ്യും, ഫീല്‍ഡിങ്ങും മിന്നുവിന് ഏറെ ഇഷ്ടമാണ്. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റിംഗും, റൈറ്റ് ഹാന്‍ഡ് ബൗളറുമാണ് മിന്നു. ടോപ് ഓര്‍ഡര്‍ പൊസിഷനിലാണ് മിന്നു ബാറ്റിങിനായി ഇറങ്ങുക. ബൗളിങ്ങില്‍ ഓഫ് സ്പിന്നറാണ്. എട്ടുവര്‍ഷമായി മിന്നു കളിക്കുന്നു.

കേരളത്തിനു വേണ്ടി നല്ല പ്രകടനം കാഴ്ചവെച്ചതാണ് മിന്നുവിന്റെ നാഷണല്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ആദ്യ ചവിട്ടുപടിയായത് എന്നു തന്നെ പറയാം. അവിടെ നിന്നും പിന്നീട് സൗത്ത് സോണിലേക്കും ക്രിക്കറ്റ് ക്യാമ്പുകളിലേക്കുമെല്ലാം സെലക്ഷന്‍ ലഭിച്ചു. സ്റ്റേറ്റില്‍ നന്നായി പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് ചാലഞ്ചേഴ്സില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. ആ അവസരവും മിന്നുവിന് ലഭിച്ചിരുന്നു. ഇന്ത്യയിലെ തന്നെ നന്നായി കളിക്കുന്ന കളിക്കാരെ ഇന്ത്യ റെഡ്, ബ്ലു, ഗ്രീന്‍ എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. അതില്‍ എനിക്ക് സെലക്ഷന്‍ ലഭിക്കുകയും സീനിയറിലും അണ്ടര്‍ 23 കാറ്റഗറിയിലും ചാലഞ്ചേഴ്സ് കളിക്കാനും സാധിച്ചു. ഇന്ത്യ റെഡിനും ബ്ലൂവിനും വേണ്ടിയാണ് ഞാന്‍ കളിച്ചിട്ടുള്ളത്. അത് പോലെ തന്നെ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ എന്നു പറഞ്ഞ് ഇന്ത്യന്‍ ടീമിന്റെ ഒരു വാമപ്പ് ഗൈം ഉണ്ടായിരുന്നു. അതില്‍ ഇംഗ്ലന്റിന്റെ കൂടെ ഒരു മാച്ച് കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അതില്‍ ടോപ് സ്കോറര്‍ ആകാന്‍ എനിക്കു സാധിച്ചു. 53 ബോളില്‍ നിന്നും 28 റണ്‍സാണ് അന്ന് എടുത്തത്. അതും കൂടി കണ്‍സിഡര്‍ ചെയ്തായിരിക്കണം എനിക്ക് സെലക്ഷന്‍ എന്നാണ് തോന്നുന്നത്. ഇന്ത്യ ഇംഗ്ലന്റ് സീരീസ് തുടങ്ങുന്നതിനു മുന്‍പു നടന്ന ഈ വാമപ്പ് മാച്ചില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും സ്മൃതി മന്ദാന, വേദ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. അവരോടൊപ്പമുണ്ടായിരുന്നത് നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. നമ്മളെയൊക്കെ വലിയ രീതിയിലാണ് അവര്‍ സപ്പോര്‍ട്ട് ചെയ്തത്.

നമ്മുടെ വനിത ക്രിക്കറ്റ് ടീം അറിയപ്പെടാന്‍ തുടങ്ങിയത് ശരിക്കും പറഞ്ഞാല്‍ വേള്‍ഡ് കപ്പ് ഫൈനലില്‍ എത്തിയ ശേഷമാണ്. പക്ഷെ മെന്‍സ് ക്രിക്കറ്റ് ടീം എപ്പോഴും ആഘോഷിക്കപ്പെടാറുമുണ്ട്. നമ്മള്‍ വളരെ കഷ്ടപ്പെട്ടാണ് ഇതുവരെ എത്തുന്നത്. എന്നിട്ടും നമ്മക്ക് അവര്‍ക്കു കിട്ടുന്ന ആ ഒരു ഫെസിലിറ്റിയും പ്രശസ്തിയുമൊന്നും കിട്ടാതെ വരുമ്പോള്‍ നല്ല വിഷമം തോന്നാറുണ്ട്. മെന്‍സ് ക്രിക്കറ്റിനു കൊടുക്കുന്ന അതേ സപ്പോര്‍ട്ട് ഇനിയെങ്കിലും വനിത ടീമിനും കൊടുക്കണം. മിന്നു പറയുന്നു.

നാഷണല്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പരിശീലനം തീവ്രമാക്കിയിരിക്കുകയാണ് മിന്നു. അക്കാദമിയിലായിരുന്നപ്പോള്‍ രാവിലെ ആറ് മണിമുതല്‍ ഏഴരവരെയും വൈകിട്ട് നാലരതൊട്ട് ആറരവരെയും ആയിരുന്നു പ്രാക്ടീസ്. അവധി ദിവസങ്ങളില്‍ വ്യത്യാസം ഉണ്ടാവും. മീനങ്ങാടി കൃഷ്മഗിരി സ്‌റ്റേഡിയത്തിലാണ് ഇപ്പോഴത്തെ പരിശീലനം. ചോയ്മൂലയിലെ വീട്ടില്‍ നിന്നും ഇപ്പോള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ യാത്രചെയ്താണ് മിന്നു പരിശീലത്തിനായി പോകുന്നത്.

ഈ മാസം 19 ന് ബാഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതു കഴിഞ്ഞ് ബംഗ്ലാദേശില്‍ ആയിരിക്കും അടുത്ത മാച്ച്. 19 നായുളള കാത്തിരിപ്പിലാണ് മി്ന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് ഇന്ത്യയ്ക്കുവേണ്ടി കളിക്കുക എന്നത്. ഈ അവസരത്തില്‍ മിന്നുവിന് ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. തന്റെ കഴിവ് തിരിച്ചറിഞ്ഞ് തന്നെ തനിക്ക് സപ്പോര്‍ട്ടു തന്ന എല്ലാ പരിശീലകരോടും വലിയ കടപ്പാടാണുള്ളതെന്ന് മിന്നു പറയുന്നു. ഞങ്ങളുടെ വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ നല്ല പിന്തുണയാണ് നല്‍കുന്നത്. എപ്പോള്‍ എന്ത് കാര്യത്തിന് സമീപിച്ചാലും എല്ലാ സൗകര്യവും അവര്‍ ഒരുക്കിത്തരും. അതുപോലെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷനും കളിക്കാനൊക്കെ പോകുമ്പോള്‍ ഒരു പാട് സൗകര്യങ്ങളൊക്കെ ചെയ്തു തന്ന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.

19 ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഒരാഴ്ചയോളം ക്യാമ്പ് ഉണ്ടായിരിക്കും. അതു കഴിഞ്ഞ് ബംഗ്ലാദേശുമായിട്ടായിരിക്കും ആദ്യകളി. അവിടെ എത്തിക്കഴിഞ്ഞാല്‍ ഇനി വേറെ വേറെ സ്ഥലത്തു നിന്നുള്ള കുട്ടികളെക്കെയായിരിക്കും. പല പല സ്റ്റേറ്റ് മാച്ചുകളൊക്കെ കളിച്ചിട്ടുള്ളതു കൊണ്ട്, ചിലരെയൊക്കെ എനിക്കു പരിചയം ഉണ്ട്. അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഹിന്ദിയൊ ഇംഗ്ലീഷൊ അറിഞ്ഞിരിക്കണം. അതൊക്കെ എനിക്ക് നന്നായി കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ അറിയാം. ഞാന്‍ ഈ ഭാഷകള്‍ പഠിച്ചതിന് കാരണം തന്നെ ക്രിക്കറ്റാണ്. ഞാന്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. പുറത്ത് ക്യാമ്പുകള്‍ക്കൊക്കെ പോകുമ്പോള്‍ പല സ്ഥലത്തു നിന്നുള്ള കുട്ടികളായിരിക്കും ഉണ്ടാവുക. അവരുമായി സംസാരിക്കണം എന്നുണ്ടെങ്കില്‍ ഭാഷ പഠിച്ചെ പറ്റൂ എന്നൊരു അവസ്ഥ വരും. അപ്പോള്‍ സ്വാഭാവികമായും പഠിച്ചു തുടങ്ങും. തന്റെ എല്ലാം ക്രിക്കറ്റാണെന്നും, എല്ലാം പഠിച്ചത് ക്രിക്കറ്റിലൂടെയാണെന്നുമാണ് മിന്നു പറയുക.

ജില്ലാ ടീമിനു വേണ്ടി 3 സെഞ്ച്വറിയും, സ്റ്റേറ്റ് ടീമില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറി, അഞ്ചു വിക്കറ്റ് എന്നിവ പല തവണകളായി നേടിയിട്ടുണ്ട് മിന്നു. മെന്‍സ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കന്‍ പ്ലെയര്‍ ക്വിന്റെണ്‍ ഡി കോക്കും, വുമണ്‍സില്‍ സ്മൃതി മന്ദാനയുമാണ് മിന്നുവിന്റ റോള്‍ മോഡല്‍. ബിഎ എക്കണോമിക്‌സ് മുഴുവന്‍ പേപ്പറുകളും എഴുതിക്കഴിഞ്ഞിട്ടില്ല. ഡിഗ്രിക്കു ശേഷം ക്രിക്കറ്റിനൊപ്പം തന്നെ പഠനവും മുന്നോട്ട് കൊണ്ടു പോകണമെന്നാണ് മിന്നുവിന്റെ ആഗ്രഹം.

Read More : നഗ്നമായ നിയമലംഘനം നടത്തി മരട് ഫ്ലാറ്റുകള്‍ നിര്‍മിച്ചത് വന്‍കിട കമ്പനികള്‍, കൂട്ടുനിന്നത് ഉദ്യോഗസ്ഥര്‍; ഫ്ലാറ്റ് ഉടമകള്‍ക്കും പരാതിയില്ല, രാഷ്ട്രീയക്കാര്‍ കേസിനും പോകുന്നില്ല

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍