UPDATES

ട്രെന്‍ഡിങ്ങ്

ഷൂട്ടൗട്ടിന്റെയും പെനാല്‍റ്റിയുടെയും ക്രൂരവിനോദത്തില്‍ മുറിവേറ്റു വീണത് മെസി മാത്രമല്ല

വരും മത്സരങ്ങള്‍ കൂടി അവസാനിച്ചാല്‍ മാത്രമേ ഐസ്‌ലാന്‍ഡിനെതിരായ സമനില ഏതു രൂപത്തില്‍ ആണ് അര്‍ജന്റീയുടെ പ്രീ ക്വൊര്‍ട്ടര്‍ പ്രവേശനത്തെ ബാധിക്കുന്നതറിയാന്‍ സാധിക്കുകയുള്ളു

1891 ലാണ് ലോക ഫുട്ബാളിന്റെ നിയമാവലികളില്‍ പെനാല്‍റ്റി കിക്ക് ഉടലെടുക്കുന്നത്. പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോള്‍കീപ്പറുടെ ഏകാന്തതയെക്കുറിച്ച് എഴുതിയത് എന്‍. എസ് മാധവന്‍ ആണെങ്കില്‍ പെനാല്‍റ്റി പാഴാക്കുന്ന കളിക്കാരന്റെ ആത്മരോഷത്തെ കുറിച്ച് എഴുതിയത് പോള്‍ ഹെന്‍ട്രി ആണ്. ഇന്നലെ ഐസ്ലാന്റിനെതിരെ പെനാല്‍റ്റി പാഴാക്കി ഗ്രൗണ്ടില്‍ നിരാശനായി നില്‍ക്കുന്ന ലയണല്‍ മെസ്സിയുടെ ചിത്രത്തിന് സമാനതകളില്ല. എന്നാല്‍ ലോക ഫുട്ബാള്‍ ചരിത്രത്തില്‍ പ്രമുഖര്‍ പെനാല്‍റ്റി തുലയ്ക്കുന്നത് ഇതാദ്യവുമല്ല.

ഫുട്ബോള്‍ ചരിത്രത്തിന്റെ ഭാഗമായ ചില പ്രധാനപ്പെട്ട പെനാല്‍റ്റി മിസ്സുകള്‍.

1. ക്രിസ് വെടില്‍ (ഇംഗ്ലണ്ട്) vs fജര്‍മനി 1990

1990 ലോകകപ്പ് സെമി ഫൈനല്‍ മത്സരം ബോബി റോബ്സന്റെ കീഴിലുള്ള ഇംഗ്‌ളീഷ് പട ബദ്ധവൈരികളായ ജര്‍മനിയുമായി ഏറ്റുമുട്ടുന്നു, എക്‌സ്ട്രാ ടൈമില്‍ നിന്നും ഷൂട്ട് ഔട്ടിലേക്കു നീങ്ങിയ മത്സരത്തില്‍ മര്‍സെല്ലോ ക്ലബ്ബിന്റെ സൂപ്പര്‍ തരാം ക്രിസ് വെടില്‍ എടുത്ത കിക്ക് പുറത്തേക്കു പോയി, സ്റ്റുവര്‍ട് പിയേഴ്സും കൂടി പെനാല്‍റ്റി പാഴാക്കിയതോടെ ഇംഗ്ലണ്ട് തോറ്റു പുറത്ത്. ആ വര്‍ഷം ചാമ്പ്യന്മാരായ ജര്‍മനി തങ്ങളുടെ കിരീട നേട്ടത്തിന് കാരണമായ ഈ മനുഷ്യനെ ഇപ്പോഴും സ്മരിക്കുന്നുണ്ടാവണം.

2. മിഷേല്‍ പ്ലാറ്റിനി (ഫ്രാന്‍സ് ) vs ബ്രസീല്‍ 1986

ലോകഫുട്‌ബോള്‍ ചരിതത്തിലെ മറ്റൊരു ദുരന്തം പെനാല്‍റ്റി കിക്ക്. ഇപ്പോഴത്തെ യുവേഫ പ്രസിഡന്റും, മുന്‍ ജുവന്റസ് സൂപ്പര്‍ താരവുമായ മിഷേല്‍ പ്ലാറ്റിനി ഫ്രഞ്ച് പടയ്ക്കു വേണ്ടി എടുത്ത കിക്ക് പാഴാക്കിയത് ഇന്നും ഫുട്ബാള്‍ പ്രേമികള്‍ക്ക് അവിശ്വസനീയമാണ്. 1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ നടന്ന മത്സരത്തില്‍ പ്ലേറ്റിന്‍ കിക്ക് മിസ് ആക്കിയെങ്കിലും മത്സരം ഫ്രാന്‍സ് ജയിച്ചത് കൊണ്ട് മിഷേല്‍ രക്ഷപ്പെട്ടു. എന്നാല്‍ സെമിയില്‍ ജര്‍മനിയോട് തോറ്റു പുറത്താകാന്‍ ആയിരുന്നു വിധി.

3. ഡേവിഡ് ട്രെസിക്വേറ് (ഫ്രാന്‍സ് ) vs ഇറ്റലി 2006

2006 ലോകകപ്പ് ഫൈനല്‍, ജര്‍മനിയിലെ ബര്‍ലിനില്‍ ഫ്രഞ്ച് പടയ്ക്കു തൊട്ടതെല്ലാം പിഴച്ച ദിവസം. കിരീടം നേടും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഫ്രാന്‍സിന്റെ ഇതിഹാസ താരം സിദാന്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തേക്കു പോകുന്നു. 1 -1 നു സമനില ആയതിനാല്‍ മത്സരം ഷൂട്ട് ഔട്ടിലേക്കു, ഫ്രാന്‍സിന്റെ ഏറ്റവും വിശ്വസ്തനായ ട്രെസിക്കവെറ്റിന്റെ കിക്ക് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്കു മത്സരം ഫ്രാന്‍സ് തോറ്റു (പെനാല്‍റ്റി ഷൂട്ട് ഔട്ട് ഇറ്റലി – 5 ഫ്രാന്‍സ് 3 ). ഫലം ലോകകപ്പ് കിരീടം ഇറ്റലിക്ക്.

4. റോബര്‍ട്ടോ ബാജിയോ (ഇറ്റലി) vs ബ്രസീല്‍ 1994

1994 ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെതിരായ ഫൈനല്‍. പന്ത് പോസ്റ്റിന് മുകളിലൂടെ അടിച്ചു കളഞ്ഞു. പന്ത്രണ്ട് കൊല്ലം കാത്തിരിക്കേണ്ടിവന്നു ഇറ്റലിക്ക് പിന്നീടൊരു ഫൈനല്‍ കളിക്കാന്‍. അന്ന് ബാജിയോയുടെ ബൂട്ടില്‍ നിന്ന് പറന്നുപോയത് ഒരു വെറും ഗോളായിരുന്നില്ല ഒരു ലോകകപ്പാണ്. ഒരു ചരിത്രമാണ്. ടൂര്‍ണമെന്റില്‍ അത് വരെ അഞ്ചു ഗോള്‍ നേടി കുതിച്ചിരുന്ന സൂപ്പര്‍ താരം റോബര്‍ട്ടോ ബാജിയോയുടെ ഫുട്ബാള്‍ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളില്‍ ഒന്നാണ് ഇന്നും ആ ദിനം.

ബ്രസീലിയന്‍ ഇതിഹാസം സീക്കോയ്ക്ക് പെനാല്‍റ്റിയില്‍ പിഴച്ചത് 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലിലാണ്. അതും ഫ്രാന്‍സിനെതിരായ ക്ലാസിക് പോരാട്ടത്തില്‍. ഫുട്ബോള്‍ ചരിത്രത്തില്‍ പാഴാവുന്ന ഒരു പെനാല്‍റ്റിയെപ്പോലെ ക്രൂരമായ മറ്റൊന്നില്ല. മെസ്സിയും ബാജിയോയും മാത്രമല്ല, ഷൂട്ടൗട്ടിന്റെയും പെനാല്‍റ്റിയുടെയും ക്രൂരവിനോദത്തില്‍ മുറിവേറ്റു വീണവര്‍ ഇനിയും നിരവധിയുണ്ട് ഫുട്ബാളില്‍. വരും മത്സരങ്ങള്‍ കൂടി അവസാനിച്ചാല്‍ മാത്രമേ ഐസ്‌ലാന്‍ഡിനെതിരായ സമനില ഏതു രൂപത്തില്‍ ആണ് അര്‍ജന്റീയുടെ പ്രീ ക്വൊര്‍ട്ടര്‍ പ്രവേശനത്തെ ബാധിക്കുന്നതറിയാന്‍ സാധിക്കുകയുള്ളു, അതുവരെ ഐസ്‌ലാന്‍ഡിനെതിരെ മെസ്സിയുടെ പിഴവ് കേവലം ഒരു മോശം ദിനത്തിന്റെ ബാക്കിപത്രം ആകും എന്നുമാത്രം ഈ നിമിഷത്തില്‍ ആശ്വസിക്കാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍