UPDATES

ട്രെന്‍ഡിങ്ങ്

വിമര്‍ശകര്‍ക്കു കൂള്‍ മറുപടി; താന്‍ ഇപ്പോഴും മികച്ച ഫിനിഷര്‍ തന്നെയാണെന്നു തെളിയിച്ച് മഹി

തുഴച്ചിലുകാരന്‍ എന്നു കളിയാക്കിയവര്‍ക്ക് നിശബ്ദരാകാന്‍ അഡ്‌ലെയ്ഡിലെ അര്‍ദ്ധസെഞ്ച്വറി മതിയാകും

വിമര്‍ശകര്‍ക്ക് ധോണിയുടെ കൂള്‍ മറുപടിയായിരുന്നു ഓസ്‌ട്രേലിക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനം. തുഴച്ചിലുകാരന്‍, മെല്ലെപ്പോക്കു കൊണ്ട് ടീമിനെ പരാജയത്തിലേക്ക് തള്ളിയിടുന്നവന്‍; ഇങ്ങനെ പലതരത്തില്‍ പഴിവാക്കുകളായിരുന്നു ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വിശേഷണം പേറിയിരുന്ന ധോണിക്കെതിരേ ഉയര്‍ന്നിരുന്നത്. സിഡ്‌നിയിലെ തോല്‍വിയിലും മുന്‍താരങ്ങളും ആരാധകരും അടക്കം കുറ്റപ്പെടുത്തിയത് ധോണിയെ ആയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഹീറോയ്ക്ക് തന്റെ പ്രതിഭ തെളിയിക്കാന്‍ ഒരു ദിവസം മാത്രം മതിയെന്നു വ്യക്തമാക്കിയാണ് അഡ്‌ലെയ്ഡില്‍ മഹി ബാറ്റ് വീശിയത്. ഓസീസ് ഉയര്‍ത്തിയ 298 എന്ന സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് നായകന്‍ വിരാട് കോഹ്‌ലിയുടെ മികവുറ്റൊരു സെഞ്ച്വറി സഹായകമായെങ്കിലും ഒരുപക്ഷേ തോല്‍വിയിലേക്ക് വീണുപോകുമായിരുന്ന ടീമിനെ വിജയത്തിലെത്തിച്ചത് ധോണിയുടെ അര്‍ദ്ധ സെഞ്ച്വറി ആണെന്നതില്‍ വിമര്‍ശകര്‍ക്കുപോലും സംശയം ഉണ്ടാകില്ല. 54 പന്തില്‍ 55 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന ധോണി ഈ ഇന്നിംഗ്‌സിലൂടെ തെളിയച്ചത് തന്റെ ഫിനിഷിംഗ് പാടവത്തിന് മങ്ങല്‍ ഏറ്റിട്ടില്ലെന്നു കൂടിയാണ്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വില്ലനായിരുന്ന ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫ് അവസാന ഓവര്‍ എറിയാന്‍ എത്തുമ്പോള്‍, നേരിടാന്‍ നില്‍ക്കുന്ന ധോണിയില്‍ നിന്നും എത്രപേര്‍ ആ പഴയ മഹിന്ദ്രജാലം പ്രതീക്ഷിച്ചിരുന്നുവെന്ന് അറിയില്ല. പക്ഷേ, മഹി ആ പഴയ മഹിയായി മാറിയിരുന്നു. ആറു പന്തില്‍ ഏഴു റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ തന്റെ നേര്‍ക്കു കുതിച്ചെത്തിയ ബെഹ്‌റെന്‍ഡ്രോഫിന്റെ പന്ത് ആകാശത്തൂടെ ഗാലറിയില്‍ എത്തിച്ച് ആ ട്രേഡ് മാര്‍ക്ക് ചിരി. ചങ്കിടിപ്പോടെ നിന്ന എല്ലാ ഇന്ത്യന്‍ ആരാധകരും അതോടെ കൂള്‍! അടുത്ത പന്തില്‍ സിംഗിള്‍ എടുത്ത് കാത്തിരുന്ന വിജയവും സമ്മാനിച്ച് കാര്‍ത്തിക്കിനെയും കൂട്ടി മൈതാനം വിട്ടുപോരുമ്പോള്‍ നാലു പന്തുകള്‍ ബാക്കി.

സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും 51 റണ്‍സ് എടുക്കാന്‍ 96 പന്തുകള്‍ നേരിട്ടെന്നു പറഞ്ഞ് ധോണിയെയാണ് ഇന്ത്യയുടെ പരാജയത്തിന് എല്ലാവരും കുറ്റപ്പെടുത്തിയത്. സെഞ്ച്വറിയുമായി കുതിച്ച രോഹിത് ശര്‍മയ്ക്ക് കൃത്യമായി സ്‌ട്രൈക്കുകള്‍ കൈമാറാന്‍ പോലും കഴിയാതിരുന്ന ധോണിയുടെ മെല്ലപ്പോക്ക് ടീമിന് ബാധ്യതയാണെന്നു ചൂണ്ടിക്കാട്ടി അജിത് അഗാര്‍ക്കറെ പോലുള്ള മുന്‍താരങ്ങള്‍ രംഗത്തു വന്നപ്പോള്‍ അതിനോട് യോജിക്കാന്‍ നിരവധി പേരുണ്ടായിരുന്നു. ധോണിയെ മാറ്റി ഋഷഭ് പന്തിനെ കൊണ്ടുവരണമെന്നും അടുത്ത ലോകകപ്പില്‍ ധോണിയെ കളിപ്പിക്കുന്നത് ആലോചിച്ചു വേണമെന്നൊക്കെയായിരുന്നു മുറവിളി. എന്നാല്‍ തന്റെ ചോരയ്ക്കായി ആക്രോശിച്ചവരെയെല്ലാം നിശബ്ദരാക്കാന്‍ മഹിയുടെ ഇന്നത്തെ ഇന്നിംഗ്‌സ് മതിയാകും.

തന്റെ 39 ആം സെഞ്ച്വറി തികച്ച് കോഹ്ലി പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിന് അത്രയടുത്തൊന്നും അല്ലായിരുന്നു. പഴയ ഫോമിലേക്ക് മഹിയെത്തുന്നില്ലെങ്കില്‍, പതിവു തുഴച്ചില്‍ തുടരുകയാണെങ്കില്‍ കൈയകലത്തില്‍ വിജയം നഷ്ടമാകുമെന്നു പ്രവചിച്ചവരാണ് കൂടുതലും. റിച്ചാര്‍ഡ്‌സന്റെ പന്തില്‍ മാക്‌സ്വെല്‍ കോഹ്ലിയെ പിടികൂടുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 43.4 ഓവറില്‍ 242 ആയിരുന്നു. വിജയത്തിലേക്ക് വേണ്ടിയിരുന്നത് 26 ബോളില്‍ 57 റണ്‍സ്. ആറ് വിക്കറ്റുകള്‍ കൈയിലുണ്ടെങ്കിലും ബോളും റണ്‍സ് തമ്മിലുള്ള അന്തരം തീരെ ചെറുതായിനാല്‍ അതിനനുസരിച്ച് ബാറ്റി വീശിയെങ്കില്‍ മാത്രമെ കാര്യമുണ്ടായിരുന്നുള്ളു. അവിടെയാണ് മഹി തന്റെ പരിചയ സമ്പത്ത് ഉപയോഗിച്ചത്. അവസരത്തിനൊത്ത് ബാറ്റ് വീശാനുള്ള കഴിവ് കൈമോശം വന്നിട്ടില്ലെന്നു തെളിയിച്ചായിരുന്നു പിന്നീട് ധോണി കളത്തില്‍ നിന്നത്. കാര്‍ത്തിക്കിനൊപ്പം ചേര്‍ന്ന് അമ്പത് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ ധോണി തന്റെ വേഗത ഒട്ടും കുറച്ചിരുന്നില്ല. കൃത്യസമയത്ത് ആ ബാറ്റില്‍ നിന്നും ഉയര്‍ന്ന സിക്‌സുകളും ഇന്ത്യക്ക് പരമ്പര സമനിലയില്‍ എത്തിക്കുന്നതിന് സഹായമായി. ഒടുവില്‍ ആ പതിവ് പുഞ്ചിരിയുമായി മൈതാനം വിട്ടുപോരുമ്പോള്‍ മഹി പറയാതെ പറഞ്ഞ കാര്യം, തന്നെ എഴുതി തള്ളാന്‍ വരട്ടെ എന്നു തന്നെയായിരുന്നിരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍