UPDATES

കായികം

0.08; ധോണി കുറിച്ച മാന്ത്രിക സമയം; അതിവേഗ സ്റ്റംപിങ് വൈറല്‍

സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തിരുത്തി ധോണി

വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ ഏകദിനത്തില്‍ ധോണിയുടെ സ്റ്റംപിങ് വൈറല്‍. ബാറ്റിങില്‍ നിറം മങ്ങിയ പ്രകടനമാണെങ്കിലും കീപ്പിങില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിക്കുകയായിരുന്നു ധോണി. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വേഗമേറിയ സ്റ്റംപിങ് നടത്തിയാണ് താരം കൈയ്യടി നേടുന്നത്. ട്വിന്റി20 ടീമില്‍ നിന്ന് ബാറ്റിംഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് താരം പുറത്തായതിന് ശേഷമുള്ള ഈ പ്രകടനം സെലക്ടര്‍മാരുടെയും അമ്പരിപ്പിക്കുന്നു. താരത്തിന്റെ സ്റ്റംപിങ് വീഡിയോക്ക് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സ്റ്റംപിങെന്ന റെക്കോര്‍ഡ് മുംബൈയില്‍ ധോണി തന്റെ പേരിലാക്കിയിരുന്നു. സ്വന്തം പേരില്‍ തന്നെയുള്ള റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. വിന്‍ഡീസ് താരം കീമോ പോളിനെ 0.08 സെക്കന്റില്‍ സ്റ്റംപ് ചെയ്ത് ഔട്ടാക്കിയാണ് ധോണി തന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയത്.

കളിയുടെ 28ാം ഓവറിലായിരുന്നു ധോണിയുടെ ചരിത്രം തിരുത്തിയ മാസ്മരിക സ്റ്റപിങ് പിറന്നത്. കീമോ പോളിനൊപ്പം ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറായിരുന്നു ക്രീസില്‍. രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഡിഫന്‍ഡ് ചെയ്യാന്‍ കീമോ ശ്രമിച്ചെങ്കിലും പിഴച്ചു. പിച്ച് ചെയ്ത ശേഷം ടേണ്‍ ചെയ്ത പന്ത് ധോണിക്ക്. കീമോ കാല്‍ തിരികെ ക്രീസിലേക്കു വയ്ക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ധോണി ബെയ്ല്‍സ് തെറിപ്പിച്ചത്. തന്റെ പേരിലുള്ള 0.19 സെക്കന്റെന്ന സ്റ്റംപിങ് റെക്കോര്‍ഡ് ധോണി ഇത്തവണ പഴങ്കഥയാക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ താരം ജോര്‍ജ് ബെയ്ലിയെയാണ് അന്നു സ്റ്റംപ് ചെയ്തു പുറത്താക്കിയത്. അതേസമയം സ്റ്റംപിങിന് ശേഷം നടന്നടുത്ത ധോണിയോട് അത് ഔട്ട് തന്നെയാണോ എന്ന സംശയത്തോടെ ചോദിക്കുന്ന ജഡേജയെയും കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍