ധോണിക്ക് ഇനിയും പൂര്‍ണ കായികക്ഷമതോടെ കളിക്കാന്‍ കഴിയുമെന്ന് കോഹ്ലി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ബാറ്റിംഗിലെ മെല്ലെപ്പോക്ക് പഴികേള്ക്കുമ്പോളും ധോണിയുടെ ഭാഗത്ത് നിന്ന് വിരമിക്കലിനെ കുറിച്ചുള്ള സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല. ഇപ്പോള്‍ ധോണി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ടീമില്‍ തുടരുമെന്ന റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആവശ്യ പ്രകാരമാണ് ധോണി വിരമിക്കല്‍ തീരുമാനം നീട്ടിയതെന്ന് ടൈംസ് നൗ ന്യൂസാണ് റിപോര്‍ട്ട് ചെയ്തത്. ഏകദിന ലോകകപ്പ് കഴിഞ്ഞാലുടന്‍ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ക്ക് ഇടം നല്‍കാതെ മുന്‍ ക്യാപ്റ്റന്‍ രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
ധോണിക്ക് ഇനിയും പൂര്‍ണ കായികക്ഷമതോടെ കളിക്കാന്‍ കഴിയുമെന്ന് കോഹ്ലി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ”ധോണിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന് അടുത്ത ടി20 ലോകകപ്പ് വരെ ടീമില്‍ തുടരാം. ധോണി ടീമിലുള്ളത് യുവതാരം ഋഷഭ് പന്തിന് ഏറെ ഗുണം ചെയ്യും. പന്തിന്റെ വളര്‍ച്ചയ്ക്ക് ധോണിയുടെ സാന്നിധ്യം അനിവാര്യമാണ്. പന്തിന് എപ്പോഴെങ്കിലും പരിക്കേറ്റാല്‍ ധോണിക്ക് കളിക്കുകയും ചെയ്യാം.” ധോണി ടീമില്‍ വേണമെന്നാണ് ടീം മാനേജ്മെന്റിന്റെയും ആവശ്യമെന്നും കോഹ്ലി പറഞ്ഞു.