UPDATES

കായികം

ധോണിയുടെ ആ തീരുമാനം എനിക്ക് കനത്ത ആഘാതമായിരുന്നു; ഗംഭീറിന്റെ വെളിപ്പെടുത്തല്‍

ധോണി ക്യാപ്റ്റനായി എത്തിയതിനു പിന്നാലെ ടീമില്‍ നിന്നും ഒഴിവാക്കിയെന്നു പറയപ്പെടുന്നവരില്‍ പ്രധാനിയാണ് ഗംഭീര്‍

മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീര്‍. കഴിഞ്ഞ ദിവസം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ധോണി ക്യാപ്റ്റനായി എത്തിയതിനു പിന്നാലെ ടീമില്‍ നിന്നും ഒഴിവാക്കിയെന്നു പറയപ്പെടുന്നവരില്‍ പ്രധാനിയാണ് ഗംഭീര്‍.

ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള വിമര്‍ശനമാണ് ഒരു അഭിമുഖത്തില്‍ ഗംഭീര്‍ ഉയര്‍ത്തുന്നത്. 2012 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന സി ബി സീരിസില്‍ തന്നെയും സേവാഗിനെയും സച്ചിനെയും ഒരുമിച്ച് പതിനൊന്നംഗ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു ധോണി തീരുമാനം എടുത്തിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്. എന്നാല്‍ ടീം മോശം പ്രകടനം നടത്തിയതോടെ തങ്ങളെ മൂന്നുപേരെയും കളിപ്പിക്കാന്‍ ധോണി നിര്‍ബന്ധിതനായെന്നും ഡല്‍ഹി ബാറ്റ്‌സ്മാന്‍ പറയുന്നു. ആദ്യം ഒരു തീരുമാനം എടുക്കുക, പിന്നെയത് തിരുത്തുക. ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അതില്‍ നിന്നും പിന്നാക്കം പോകാതിരിക്കുകയാണ് വേണ്ടത്; ധോണിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഗംഭീര്‍ പറയുന്നു.

2015 ലോക കപ്പ് മുന്നില്‍ കണ്ടാണ് താന്‍ കാര്യങ്ങള്‍ നീക്കുന്നതെന്നും സി ബി സീരിസില്‍ ഗംഭീര്‍, സേവാഗ്, സച്ചിന്‍ എന്നിവരെ ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നും ധോണി പ്രഖ്യാപനം നടത്തിയിരുന്നു. യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നായിരുന്നു ധോണിയുടെ വാദം. 2015 ലെ ലോക കപ്പിന് 2012 ല്‍ തന്നെ ടീമിനെ തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ തനിക്ക് കനത്ത ആഘാതം ആയിരുന്നുവെന്നു ഗംഭീര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നു.

ധോണിയുടെ ആ തീരുമാനം എനിക്ക് കനത്ത ആഘാതമായിരുന്നു. എനിക്കെന്നല്ല, ഏതൊരു ക്രിക്കറ്റ് താരത്തിനും ആഘാതം ഉണ്ടാക്കുന്ന കാര്യം. 2015 ലെ ലോക കപ്പില്‍ ടീമിന്റെ ഭാഗമായി നിങ്ങള്‍ ഉണ്ടാവില്ലെന്നു 2012 ലെ കേള്‍ക്കേണ്ടി വരികയാണ്; ഗംഭീര്‍ പറയുന്നു.

നിങ്ങള്‍ റണ്‍സ് നേടാന്‍ കഴിയുന്നുണ്ടെങ്കില്‍ ഫീല്‍ഡില്‍ നിങ്ങളൊരിക്കലും ഒരു ബാധ്യതയാകില്ല. നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാം. പ്രായം വെറുമൊരു കണക്ക് മാത്രമാണ്. എന്നാല്‍ ഞങ്ങളെ മൂന്നുപേരെയും ഓസ്‌ട്രേലിയയിലും തുടര്‍ന്നുള്ള മറ്റ് മത്സരങ്ങളിലും കളിപ്പിക്കുന്നില്ലെന്ന തീരുമാനമാണ് കേള്‍ക്കേണ്ടി വന്നതെന്നും ഗംഭീര്‍ പറയുന്നു.

തന്നെയും സച്ചിനെയും സേവാഗിനെയും ഒരുമിച്ച് കളിപ്പിക്കേണ്ടെന്ന തീരുമാനം ധോണിക്ക് പിന്‍വലിക്കേണ്ടി വന്നതിനെക്കുറിച്ചും ഗംഭീര്‍ പറയുന്നു. സീരിസില്‍ ഇന്ത്യക്ക് വിജയം അനിവാര്യമായി തീര്‍ന്നതോടെ ഹോബാര്‍ട്ടില്‍ നടന്ന മത്സരത്തില്‍ സച്ചിനും സേവാഗും ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങി. താന്‍ മൂന്നാമതും കോഹ്ലി നാലാമനുമായി കളിച്ച ആ മത്സരത്തില്‍ 37 ഓവറില്‍ ലക്ഷ്യം മറി കടന്ന് ഇന്ത്യ വിജയം സ്വന്തമാക്കിയെന്നു ഗംഭീര്‍ പറയുന്നു.

2012 ലെ സി ബി സീരിസില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ ജയിച്ചത് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്. ഒരു മത്സരം സമനിലയായി. വിരാട് കോഹ്‌ലിയായിരുന്നു കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. കോഹ്‌ലി എട്ട് മത്സരങ്ങളില്‍ നിന്നും 373 റണ്‍സ് നേടിയപ്പോള്‍ രണ്ടാം സ്ഥാനം ഗംഭീറിന് ആയിരുന്നു. എഴ് മത്സരങ്ങളില്‍ നിന്നും 308 റണ്‍സ്. അഞ്ച് മത്സരങ്ങള്‍ കളിച്ച് സേവാഗിന് 65 റണ്‍സും എഴ് മത്സരങ്ങള്‍ കളിച്ച സച്ചിന് 143 റണ്‍സും മാത്രമെ നേടാനായുള്ളൂ.

സുകന്യ കൃഷ്ണ

സുകന്യ കൃഷ്ണ

എഴുത്തുകാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുമാണ് സുകന്യ കൃഷ്ണ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍