UPDATES

കായികം

സംഭവബഹുലം 20 വര്‍ഷത്തെ കരിയര്‍; പശ്ചാത്തപിക്കുന്നത് ഒരേയൊരു കാര്യത്തില്‍; നെഹ്‌റ

നവംബര്‍ ഒന്ന് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ട്വന്റി-20യില്‍ നെഹ്‌റ ഉണ്ടാകുമോ എന്നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്

നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള ആദ്യ ട്വന്റി-20 മത്സരത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാവരിലും ആകാംക്ഷ ഉയര്‍ത്തുന്ന ഒന്നുണ്ട്. നീലക്കുപ്പായത്തില്‍ നാളെ നെഹ്‌റ ഉണ്ടാകുമോ? അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അതേറെ വിഷമിക്കുന്ന ഒന്നായി മാറും; നെഹ്‌റയ്ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും. കാരണം നാളത്തെ മത്സരമായിരിക്കും തന്റെ അവസാന അന്താരാഷ്ട്ര മത്സരം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് നെഹ്‌റ.സ്വന്തം കാണികള്‍ക്കു മുന്നില്‍ വച്ച് കളിയവസാനിപ്പിക്കാനുള്ള അവസരം നെഹ്‌റയ്ക്ക് കിട്ടുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്.

സംഭവബഹുലമായ ഒന്നായിരുന്നു 20 വര്‍ഷത്തെ തന്റെ ക്രിക്കറ്റ് ജീവിതമെന്ന് ആശിഷ് നെഹ്‌റ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 1997 ല്‍ ഡല്‍ഹി ടീമിനുവേണ്ടി കളിച്ചു തുടങ്ങി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി 163 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താന്‍ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ച്ചകളും കണ്ടിട്ടുണ്ട്. ഇതിനിടയില്‍ ഇന്നും പശ്ചാത്താപത്തോടെ ഓര്‍ത്തിരിക്കുന്ന ഒരേയൊരനുഭവമേ ഉള്ളൂവെന്നും നെഹ്‌റ പറയുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ മികച്ചൊരു യാത്രയായിരുന്നു ഇത്. അതിനിടയില്‍ ഒരു കുറ്റബോധം മനസില്‍ ഇന്നുമുള്ളത് 2003 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ തോല്‍വിയാണ്( ഓസ്‌ട്രേലിയയാണ് ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ചത്). വിധി അങ്ങനെ സംഭവിക്കണമെന്നായിരുന്നു; നെഹ്‌റ പറയുന്നു.

താന്‍ കാര്യങ്ങളെ വൈകാരികമായി കാണുന്നൊരാളല്ല. കഴിഞ്ഞുപോയതിനെ കുറിച്ചുള്ള വരാനിരിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അടുത്ത 20 വര്‍ഷത്തേക്കാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. നിങ്ങള്‍ക്ക് അതതിവേഗം കുതിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓടാനെങ്കിലും ശ്രമിക്കണം. ഓടാന്‍ കഴിയുന്നില്ലെങ്കില്‍, അതിനുവേണ്ടി വ്യായാമം ചെയ്യുക, അതിനു കഴിയുന്നില്ലെങ്കില്‍ നടക്കാന്‍ ശ്രമിക്കുക, അതിനു പറ്റുന്നില്ലെങ്കില്‍ ഇഴയാന്‍ നോക്കുക; മുന്നേറുക എന്നതുമാത്രമായിരിക്കണം ചിന്ത; നെഹ്‌റ പിടിഐ അഭിമുഖത്തില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍