UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയുടെ ആദ്യ ഒളിമ്പിക് നീന്തല്‍താരം ഷംഷേര്‍ ഖാന്‍ അന്തരിച്ചു

1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലാണ് ഷംഷേര്‍ ഖാന്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ദേശീയ റെക്കോഡ് കുറിച്ച ശേഷമാണ് ഷംഷേര്‍ ഖാന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, ബ്രസ്റ്റ് സ്‌ട്രോക് വിഭാഗങ്ങളില്‍ മത്സരിച്ച ഷംഷേര്‍ ഖാന്‍ നാലാം സ്ഥാനം നേടി.

ഇന്ത്യയുടെ ആദ്യ ഒളിമ്പിക് നീന്തല്‍താരം ഷംഷേര്‍ ഖാന്‍ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കൈതെപല്ലെയിലാണ് താമസിച്ചിരുന്നത്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലാണ് ഷംഷേര്‍ ഖാന്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ദേശീയ റെക്കോഡ് കുറിച്ച ശേഷമാണ് ഷംഷേര്‍ ഖാന്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, ബ്രസ്റ്റ് സ്‌ട്രോക് വിഭാഗങ്ങളില്‍ മത്സരിച്ച ഷംഷേര്‍ ഖാന്‍ നാലാം സ്ഥാനം നേടി.

1946 മുതല്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമായിരുന്ന ഷംഷേര്‍ ഖാന്‍ 1962ല്‍ ചൈനയുമായുള്ള യുദ്ധത്തിലും 1971ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തിലും പങ്കെടുത്തു. 1973ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. സൈന്യത്തില്‍ വച്ചാണ് നീന്തല്‍ പരിശീലനം നേടിയത്. ബാംഗ്ലൂരിലെ മദ്രാസ് എഞ്ചിനിയര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. മെല്‍ബണിലേയ്ക്കുള്ള വിമാന ടിക്കറ്റ് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്ത് തന്നത്. മറ്റ് ചിലവുകള്‍ക്കായി ലോണ്‍ എടുത്തിരുന്നതായും മൂന്ന് മാസത്തെ ശമ്പളം സൈന്യം റദ്ദാക്കിയതായും ഷംഷേര്‍ നേരത്തെ പറഞ്ഞിരുന്നു. സ്വര്‍ണമാണ് താന്‍ ലക്ഷ്യം വച്ചിരുന്നതെന്നും അത് കിട്ടുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും ഷംഷേര്‍ ഖാന്‍ പറഞ്ഞിരുന്നു. ബട്ടര്‍ഫ്‌ളൈ, ബ്രസ്റ്റ് സ്‌ട്രോക് വിഭാഗങ്ങളില്‍ ഷംഷേറിന്റെ ദേശീയ റെക്കോര്‍ഡുകള്‍ ഇപ്പോളും തകര്‍ക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൃദയസംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. അവസാനം വരെ അവഗണിക്കപ്പെട്ട സ്‌പോര്‍ട്‌സ് താരമായിരുന്നു ഷംഷേര്‍ ഖാന്‍. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ചികിത്സക്കായി പണം പിരിക്കേണ്ടി വന്നു. സര്‍ക്കാര്‍ എന്തെങ്കിലും സഹായം ചെയ്യുമെന്ന് പ്രതീക്ഷ തനിക്കില്ലെന്ന് ഷംഷേര്‍ ഖാന്‍ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി സംഭാവനകള്‍ നല്‍കിയിട്ടും എന്നെ ആരും പരിഗണിച്ചില്ല. എനിക്കൊരു റേഷന്‍ കാര്‍ഡ് പോലുമില്ല – ഷംഷേര്‍ ഖാന്‍ പറഞ്ഞിരുന്നു. മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് ഇന്ത്യയുടെ ഈ പഴയ ഒളിമ്പിക് താരത്തിനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍