UPDATES

കായികം

ഷൂ ഇല്ലാത്തതിനാല്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നിന്ന് കായിക താരത്തെ മാറ്റി നിര്‍ത്തി

സീനിയര്‍ അത്‌ലറ്റിക് മീറ്റിലെ 5,000 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിയെ മാറ്റി നിര്‍ത്തിയത്

ഓടാന്‍ ഷൂ ഇല്ലാത്തതിനാല്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റിലെ 5,000 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ തിരുവനന്തപുരം സ്വദേശിയെ മാറ്റി നിര്‍ത്തി. ഇന്നലെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മീറ്റിലായിരുന്നു വാമനപുരം കരിംകുറ്റിക്കര രാമന്‍കുഴി തോട്ടരികത്ത് വീട്ടില്‍ സജീവ് എന്ന 25 കാരനെ ഷൂവില്ലെന്ന കാരണത്താല്‍ മാറ്റി നിര്‍ത്തിയത്.

മീറ്റിന്റെ ആദ്യദിവസം 1000 മീറ്റര്‍ മല്‍സരത്തില്‍ സുഹൃത്തിന്റെ ഷൂസിട്ടാണ് സജീവ് ഓടിയത്. ജീവിതത്തില്‍ ഇതിനുമുന്‍പ് ഷൂസ് ഉപയോഗിച്ചു പരിചയമില്ലാത്ത സജീവ് ആ മീറ്റില്‍ ഷൂസിട്ട് ഓടിയപ്പോള്‍ 15 പേരില്‍ എട്ടാം സ്ഥാനം നേടിയിരുന്നു. ജീവിതത്തില്‍ ആദ്യമായി സജീവിന് ഒരു ജേഴ്‌സി ലഭിച്ചത് ഇന്നലെയായിരുന്നു. വിവരങ്ങളറിഞ്ഞ ഒരു കായിക അധ്യാപകനാണ് ജേഴ്‌സി വാങ്ങി നല്‍കിയത്. ആദ്യദിവസം, നരച്ചു തുടങ്ങിയ ഒരു ടീഷര്‍ട്ടും നിക്കറുമിട്ടായിരുന്നു ഓട്ടം.

കൂലിപ്പണിക്കാരായ സത്യന്റെയും സുമംഗലയുടെയും മകനായ സജീവിനെ മുളവന ഗവ. എച്ച്എസ്എസിലെ പഠനത്തിനുശേഷം തുടര്‍പഠനത്തിനു പോകാനായി ജീവിതസാഹചര്യം അനുവദിച്ചില്ല. തുടര്‍ന്ന് ആര്‍മിയില്‍ ഒരു ജോലി നേടുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ റിക്രൂട്ട്‌മെന്റ് റാലിയില്‍ പല തവണ ഫുള്‍ മാര്‍ക്ക് കിട്ടിയെങ്കിലും നെഞ്ചളവും കയ്യിലെ വളവും മൂലം പ്രവേശനം ലഭിച്ചില്ല. 23 വയസ്സായതോടെ ആ മോഹം സജീവ് ഉപേക്ഷിച്ചു.

മേസ്തിരിപ്പണിക്ക് പോകുന്നതിനിടയിലാണ് സജീവ് പരിശീലനവും മറ്റും നടത്തുന്നത്. സജീവിലെ കായിക താരത്തെ തിരിച്ചറിഞ്ഞത് സമീപത്തെ സ്‌കൂളിലെ കായികാധ്യാപകന്‍ വിജയകുമാറാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആറുമാസമായി കല്ലമ്പലം കുടവൂര്‍ എകെഎച്ച്എസിലെ കായിക അധ്യാപകന്‍ അന്‍സറിന്റെ കീഴിലാണ് സജീവ് പരിശീലിക്കുന്നത്.

ഇന്നലെ സജീവിന് ഷൂസില്ലാത്തതിന്റെ പേരില്‍ അവസരം നിഷേധിക്കപ്പെട്ടെന്ന വാര്‍ത്ത പരന്നതോടെ പലയിടത്തുനിന്നും താരത്തിന് വിളികളെത്തുകയും സ്‌പോര്‍ട്‌സ് കിറ്റ് നല്‍കാമെന്നും വാഗ്ദാനം ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍