UPDATES

കായികം

കായികതാരങ്ങള്‍ക്കുളള പ്രതിഫലം: തുല്യനീതി നടപ്പാക്കി ചരിത്രം സൃഷ്ടിച്ച് നോര്‍വെ

തുല്യത ഉറപ്പുവരുത്തുകയും വനിത താരങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഈ നടപടി ലക്ഷ്യത്തിലേക്കുള്ള അവരുടെ കുതിപ്പിന് പ്രചോദനമാകുമെന്നാണ് പൊതുവെയുളള വിലയിരുത്തല്‍

സ്ത്രിപുരുഷ സമത്വത്തിന്റെ കാര്യത്തില്‍ ചരിത്രം കുറിക്കാനൊരുങ്ങി നോര്‍വെ ഫുട്ബോള്‍ അസോസിയേഷന്‍, ഇനി മുതല്‍ രാജ്യത്തെ അന്താരാഷ്ട്രതലത്തില്‍ പ്രതിനിധീകരിക്കുന്ന പുരുഷ, വനിത താരങ്ങള്‍ക്ക് തുല്യ പ്രതിഫലം ലഭിക്കും. വനിത ടീമിന് സാമ്പത്തിക സഹായം നല്‍കാന്‍ പുരുഷതാരങ്ങള്‍ തീരുമാനിച്ചതോടെയാണ് ലോക ഫുട്ബോളില്‍ ആദ്യമായി തുല്യവേതനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത്. ലോക കായികരംഗത്തുള്ള വനിത താരങ്ങള്‍ ദീര്‍ഘകാലമായി ഉന്നയിച്ചുവരുന്ന ഒരാവശ്യമാണിത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നോര്‍വയെ പ്രതിനിധീകരിക്കുന്ന വനിത താരങ്ങളുടെ പ്രതിഫലം പുതിയ തീരുമാനത്തിലൂടെ ഇരട്ടിയാകുമെന്ന് കളിക്കാരുടെ സംഘടന തലവന്‍ ജോക്വിം വാള്‍ട്ടിന്‍ അറിയിച്ചു. നിലവില്‍ 3.1 ദശലക്ഷം നോര്‍വീജിയന്‍ ക്രോണെര്‍ അഥവ 296,000 യൂറോയാണ് അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. പുതിയ കരാര്‍ പ്രകാരം ഇത് 574,000 യൂറോ അഥവാ ആറ് ദശലക്ഷം ക്രോണര്‍ ആയി വര്‍ദ്ധിക്കും. ദേശീയ ടീമില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട വാണീജ്യ സംരംഭങ്ങളില്‍ നിന്നും നിലവില്‍ പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലമായ 550,000 ക്രോണര്‍ വനിത ടീമിന് സംഭാവനയായി നല്‍കും. സ്ത്രീ-പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നോര്‍വെയെ സംബന്ധിച്ചിടത്തോളം പുതിയ കരാര്‍ രാജ്യത്തിനും കായികരംഗത്തിനും ഒരുപോലെ ഗുണകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാള്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

കായികരംഗത്ത് തുല്യപ്രതിഫലനം എന്ന ആശയവും ആവശ്യവും അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ചാവിഷമായി നിലനില്‍ക്കുന്ന ഒരു സമയത്താണ് നോര്‍വെയുടെ തീരുമാനം പുറത്തുവരുന്നത്. ചില പ്രതിഷേധങ്ങള്‍ അവിടെയും ഇവിടെയുമായി ഉയര്‍ന്നുവരാനും തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ഹോളണ്ടുമായുള്ള ഒരു സൗഹൃദമത്സരത്തില്‍ നിന്നും പ്രതിഫല തര്‍ക്കം മൂലം ഡെന്‍മാര്‍ക്ക് വനിത ടീം പിന്മാറിയിരുന്നു. ടോയ്‌ലറ്റില്‍ വച്ച് ട്രാക്ക് സ്യൂട്ട് മാറാന്‍ ഐറിഷ് വനിത ടീമിനോട് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഡെന്മാര്‍ക്കില്‍ ഇപ്പോഴും വിലപേശല്‍ നടന്നുകൊണ്ടിരിക്കുകയാണ്. യുഎസാണ് സമാനചര്‍ച്ചകള്‍ നടക്കുന്ന മറ്റൊരു രാജ്യം.

വനിത ടീമിന് സംഭാവന നല്‍കാന്‍ തയ്യാറായ പുരുഷ താരങ്ങളെ നോര്‍വെ വനിത ടീമിന്റെ വിംഗര്‍ കാരോളിന്‍ ഗ്രഹാം ഹാന്‍സെന്‍ ഇസ്റ്റാഗ്രാമിലൂടെ അഭിനന്ദിച്ചു. തുല്യത ഉറപ്പുവരുത്തുകയും വനിത താരങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഈ നടപടി ലക്ഷ്യത്തിലേക്കുള്ള അവരുടെ കുതിപ്പിന് പ്രചോദനമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അമിതാഹ്ലാദത്തിന് സമയമായിട്ടില്‍ എന്ന് വാള്‍ട്ടിന്‍ തന്നെ വിശദീകരിക്കുന്നു. ചില കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വരുത്താനുണ്ട്. നിലവില്‍ എത്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസമാണ് വനിത താരങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. എന്നാല്‍ പുരുഷ താരങ്ങള്‍ വാര്‍ഷികമായാണ് പ്രതിഫലം നല്‍കുന്നത്. വനിത താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ വെല്ലുവിളിയാണെന്ന് വാള്‍ട്ടിന്‍ ചൂണ്ടിക്കാണിക്കുന്നു. പലരും പഠനത്തിനും ജോലിക്കുമിടയിലാണ് ഫുട്ബോള്‍ കളിക്കുന്നത് എന്നതിനാല്‍ തന്നെ അവര്‍ക്ക് മെച്ചപ്പെടാനുള്ള അവസരങ്ങള്‍ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാമ്പത്തികമായി അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ ബഹുമാനിക്കപ്പെടുന്നു എന്ന തോന്നലും കൂടുതല്‍ നേട്ടങ്ങള്‍ക്കായി വനിത താരങ്ങളെ ഉത്തേജിപ്പിക്കുമെന്ന വാള്‍ട്ടിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ദേശീയ വനിത ടീമിന്റെ പ്രകടനനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നിക്ഷേപമായാണ് ഫെഡറേഷന്‍ ഇതിനെ വീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍