UPDATES

കായികം

പാക്കിസ്ഥാന്‍ ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

അന്താരാഷ്ട്ര മത്സരങ്ങളില്‍ എല്ലാ കായിക താരങ്ങളോടും തുല്ല്യ സമീപനമാവണം വേണ്ടതെന്നാണ് ഐഒസി നിലപാട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി).അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയും അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനും സംയുക്തമായി അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹാരിച്ചിട്ടില്ലെന്ന് ഐഒസി അറിയിച്ചു.

ഒളിമ്പിക്സിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ഒത്തുപോകുമെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കണമെന്നും അല്ലാത്ത പക്ഷം ഭാവിയിയല്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് ഐഒസി മുന്നറിയിപ്പ് നല്‍കി. എല്ലാ കായിക താരങ്ങള്‍ക്കും വിവേചനരഹിതമായി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പ് ലഭിക്കുന്നതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന ചര്‍ച്ചകളെല്ലാം നിര്‍ത്തിവച്ചതായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസനില്‍ നടന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഐഒസി പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട രണ്ട് പാക്കിസ്ഥാന്‍ ഷൂട്ടര്‍മാര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. ഫെബ്രുവരി 20 മുതല്‍ 28 വരെയാണ് 2020 ടോക്യോ ഒളിമ്പിക്നുള്ള യോഗ്യതാ മത്സരം കൂടിയായ ടൂര്‍ണമെന്റ്. കളിക്കാര്‍ക്ക് വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിനുള്ള ഒളിമ്പിക് യോഗ്യതാ പദവി ഐഒസി പിന്‍വലിച്ചു. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ വിഭാഗത്തില്‍ ജിഎം ബഷീര്‍, ഖലീല്‍ അഹമ്മദ് എന്നീ രണ്ട് പാക് താരങ്ങളായിരുന്നു 2020 ഒളിമ്പിക്സിന്റെ യോഗ്യതാ ടൂര്‍ണമെന്റ് കൂടിയായ ലോകകപ്പില്‍ മത്സരിക്കാനിരുന്നത്. ഈ ടൂര്‍ണമെന്റ് വഴിയാണ് ഇരുവര്‍ക്കും നേരിട്ട് ഒളിമ്പിക്സിന് യോഗ്യത ലഭിക്കുക. ഇതിന് ബദല്‍ മാര്‍ഗം കണ്ടെത്താന്‍ അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനോട് ഐഒസി ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരുവിധ വിവേചനവും അരുത് എന്ന ഒളിമ്പിക് പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നടപടി.

അന്താരാഷ്ട്ര മത്സരങ്ങളില്‍ എല്ലാ കായിക താരങ്ങളോടും തുല്ല്യ സമീപനമാവണം വേണ്ടതെന്നാണ് ഐഒസി നിലപാട്. ഇക്കാര്യത്തില്‍ ആതിഥേയ രാജ്യത്തില്‍ നിന്ന് യാതൊരുവിധത്തിലമുള്ള വിവേചനമോ രാഷ്ട്രീയ ഇടപെടലോ പാടുള്ളതല്ലെന്നും നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. ഇത് ലംഘിക്കപ്പെട്ടതിനല്‍ ഭാവിയില്‍ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സംബന്ധിച്ച് ഇന്ത്യയുമായി നടത്തുന്ന എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചയായും ഐഒസി അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍