UPDATES

ട്രെന്‍ഡിങ്ങ്

ഒട്ടുമേ ആഘോഷിക്കപ്പെടാതെ പോയ ഒരിതിഹാസം; രാഹുൽ ദ്രാവിഡ്…!

വേഗക്കളി കളിക്കാനറിയാത്തവനെന്നും നിഴലെന്നും കരിയറിലുടനീളം ഭാരം പേറിയ മനുഷ്യൻ നേടിയത് 24177 അന്താരാഷ്ട്ര റണ്ണുകളാണ്

ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതാപങ്ങളിൽ, പണക്കൊഴുപ്പിന്റെ ആഘോഷങ്ങളിൽ, ഗ്ലാമർ ക്രിക്കറ്റിന്റെ മനംപുരട്ടുന്ന ആരവങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞ് ഒരു മനുഷ്യൻ ഈ രാജ്യത്തിനു വേണ്ടി പാഡണിഞ്ഞിരുന്നു. സച്ചിൻ ഔട്ടായാൽ ടി വി ഓഫാക്കുന്ന ഒരു ജനതക്കു മുമ്പിൽ അയാൾ ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനം കാത്ത് മൂന്നാം നമ്പറിലിറങ്ങിയിരുന്നു. ഒട്ടുമേ ആഘോഷിക്കപ്പെടാതെ പോയ ഒരിതിഹാസം.

രാഹുൽ ദ്രാവിഡ്…!

ഏകദിനത്തിന് അനുയോജ്യനല്ലെന്ന് വിധിയെഴുതിയപ്പോൾ 461 റണ്ണുമായി 1999 ലോകക്കപ്പിലെ ടോപ് സ്കോററായവൻ. കോഴ വിവാദം കത്തി നിന്ന 2000-01 കാലത്ത് നടന്ന ബോർഡർ ഗവാസ്കർ സീരീസിലെ ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ ഫോളോ ഓണിലേക്ക് പോയ ഇന്ത്യയെ കൂട്ടുകാരൻ വി വി എസ് ലക്ഷമണുമൊത്ത് വിജയിപ്പിച്ചെടുത്തവൻ..

2002 ൽ ഹെഡിംഗ്ലിയിലെ ആദ്യ ഇന്നിംഗ്സിലെ 148 ഇംഗ്ലണ്ട് മണ്ണിലെ വിജയത്തിലേക്കാണ് ഉയർത്തിയത്. അഡ്ലെയ്ഡിലെ 233 ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ തോൽപ്പിച്ച ഇന്ത്യൻ ടീമാക്കിയപ്പോൾ നമ്മുടെ ഇലവന് ഇന്നു കാണുന്നതിന്റെ പകുതി കരുത്തുണ്ടായിരുന്നില്ല.

ജമൈക്കയിെലെ റൺ വീഴാത്ത പിച്ചിലെ 81 സ്വയം അയാൾ തന്റെ മികച്ച ഇന്നിംഗ്സായി കരുതുന്നു. തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലത്ത്, ഇന്ത്യക്കൊരു വിക്കറ്റ് കീപ്പറില്ലാത്തതിനാൽ ആ ഭാരവും അയാൾക്ക് ഏറ്റെടുക്കേണ്ടി വന്നു. മൂന്നാം നമ്പറിൽ കളിച്ചിരുന്ന ഇന്ത്യയുടെ എക്കാലേത്തേയും മികച്ച ബാറ്റ്സ്മാൻ അഞ്ചാം നമ്പറിലും ആറാം നമ്പറിലും കളിക്കേണ്ടി വന്നപ്പോൾ വ്യക്തിപരമായി അയാൾക്ക് നഷ്ടമായത് അനായാസം കയറിത്തീർക്കാവുന്ന റെക്കോഡുകളായിരുന്നു. പക്ഷേ ദ്രാവിഡ് വ്യക്തിപരമായി തന്റെ കരിയറിനെ സമീപിച്ചതേ ഇല്ല. വാസ്തവത്തിൽ 2002-2006 കാലത്ത് ധോണിയും യുവരാജും വരുന്ന വരേക്കും ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷർ കൂടിയായിരുന്നു ദ്രാവിഡ്.

ടെക്നിക്കിലും സ്‌ട്രോക് പ്ലേയിലും നിരന്തരം നവീകരിച്ച ദ്രാവിഡ് 16 വർഷം ഇന്ത്യയുടെ ടെസ്റ്റ് കളിക്കാനുള്ള ധൈര്യത്തിന്റെ കൂടി പേരായിരുന്നു. വിദേശ പിച്ചുകളിൽ കാലിടറുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കിടയിൽ, ആ അപമാനത്തിൽ നിന്ന് തലയുയർത്തി ദ്രാവിഡ് നേരിട്ടത് ലോകത്തിലെ എക്കാലത്തേയും മികച്ച ബൗളർമാരെയായിരുന്നു. മഗ്രാത്ത്, ഗില്ലസ്പി , ഡാരൻ ഗഫ്, ആൻഡ്രു കാഡിക് , ബ്രെറ്റ് ലീ, ജെയിംസ് ആൻഡേഴ്സൺ, അക്തർ, അക്രം, ചമിന്ദ വാസ് അങ്ങനെ നീളുന്നു ദ്രാവിഡിന്റെ ടെക്നിക്കിനു മുന്നിൽ വിജയം നേടാനാവാതെ പോയവരുടെ നിര..

സ്വിങ്ങിനെ ഭയക്കുന്നവർ എന്ന പേരിൽ നിന്ന് നല്ല പന്തുകളെ ലീവ് ചെയ്തും മോശം പന്തുകളെ തിരഞ്ഞെടുത്തു കളിച്ചും ഇന്ത്യൻ ബാറ്റിങ്ങിന്റെ തിയറികളെ തന്നെ അയാൾ തിരുത്തി. എത്ര പ്രതികൂല സാഹചര്യങ്ങളിലും ആ പേര് മാത്രം ഉയർന്നു നിന്നു. പക്ഷേ, തോറ്റവരുടെ നായകനെ ആരോർക്കാൻ. വിരമിക്കാൻ വിജയം വേണമെന്നതിനാൽ ഇന്ത്യൻ പിച്ചിലെ ചതിക്കുഴികളിലേക്ക് വിൻഡീസിനെ വിളിച്ചു വരുത്തി തോൽപ്പിച്ച് തോളേറി മടങ്ങിയ ഇതിഹാസങ്ങൾക്കിടയിൽ, കളിച്ച എല്ലാ ഫോർമാറ്റുകളിലും തന്റെ അവസാന മത്സരത്തിൽ അയാൾ ടീം തോൽക്കുന്നതു കണ്ടു മടങ്ങി.

വിജയിച്ചവരുടെ ആർപ്പുകളിൽ, ഇന്ത്യയുടെ അഭിമാനം കാക്കാൻ ക്രീസിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചവന്റെ ജീവശ്വാസം അപ്രസക്തമായി.. ഏറ്റവും കൂടുതൽ ക്രീസിൽ സമയം ചിലവിട്ട അന്താരാഷ്ട്ര കളിക്കാരന്, ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട കളിക്കാരന് അർഹിച്ച ആദരവ് നൽകാൻ കഴിഞ്ഞില്ലെന്നത് സത്യമാണ്.

2011 ൽ ഓവലിലെ അവസാന ടെസ്റ്റിൽ ബാറ്റ് ക്യാരി ചെയ്ത് മടങ്ങുമ്പോൾ കാണികൾക്കിടയിൽ ഉയർന്ന ഒരു പ്ലക്കാർഡുണ്ട്. “Oval it’s Engalnd vs Dravid”. ഇംഗ്ലണ്ട് സീമേഴ്സിന്റെ കൃത്യതക്കു മുന്നിൽ ഇന്ത്യൻ ബാറ്റിംഗിന്റെ അടിവേരിളകിയപ്പോൾ അങ്ങനെ തോൽക്കാൻ തയ്യാറെല്ലെന്നുറപ്പിച്ച ദ്രാവിഡ് 3 സെഞ്ചുറി അടക്കം സീരീസിൽ നേടിയത് 450 നു മുകളിൽ റൺസാണ്. ഇംഗ്ലണ്ടിന്റെ ബൗളിംഗ് അറ്റാക്കിനെ ഈ 38കാരന് തകർത്തെറിയാൻ കഴിയുമെന്നത് ഇംഗ്ലണ്ടിലെ കാണികളും ആഹ്ലാദത്തോെടെയാണ് സ്വീകരിച്ചത്. ആ വർഷമവസാനം നടന്ന ഓസീസ് സീരീസിനു മുമ്പ്, ദ്രാവിഡില്ലാത്ത ഒരു ഇലവെനെ ചിന്തിക്കാൻ കഴിയില്ലായിരുന്നു. പക്ഷേ ഹിൽഫനോസിെന്റെ കൃത്യതക്കു മുന്നിൽ ദ്രാവിഡിന്റേയും പ്രതിരോധവും വീണു. ലോകത്തെ ഏതു ബാറ്റ്സ്മാനേക്കാളും തന്റെ ഓഫ് സ്റ്റസ് ജഡ്ജ് ചെയ്യുന്ന ദ്രാവിഡ് 8 തവണയാണ് ആ സീരീസിൽ ബൗൾഡായത്. ഓസീസ് സീരീസിനു ശേഷം റിട്ടയർമെന്റ് പ്രഖ്യാപിച്ച ദ്രാവിഡിനെ ആദരവോടെ യാത്രയാക്കുന്ന ചർച്ചക്ക് പകരം എന്തുകൊണ്ട് ഇംഗ്ലണ്ട് സീരീസ് കഴിഞ്ഞപ്പോൾ തന്നെ റിട്ടയർ ചെയ്തില്ല എന്ന ചർച്ചയാണ് ആഘോഷ ക്രിക്കറ്റ് സമൂഹം നടത്തിയത്.

വേഗക്കളി കളിക്കാനറിയാത്തവനെന്നും നിഴലെന്നും കരിയറിലുടനീളം ഭാരം പേറിയ മനുഷ്യൻ നേടിയത് 24177 അന്താരാഷ്ട്ര റണ്ണുകളാണ്. ഇന്ത്യയുടെ ആഘോഷ മനോഭാവത്തിൽ അടയാളപ്പെടുത്താൻ സാധ്യതയില്ലാത്ത ഈ മനുഷ്യനെ ഇന്നലെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഐ സി സി ഹാൾ ഓഫ് ഫെയിം ലിസ്റ്റിൽ ഉൾപെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹം ആദരിച്ചു.

ഏത് നേട്ടത്തെ പറ്റിയും ചോദിക്കുമ്പോൾ നിസ്വാർത്ഥത തെളിഞ്ഞു നിൽക്കുന്ന ദ്രാവിഡിന്റെ തന്നെ വാചകങ്ങളുണ്ട്: “I am not talented enough to figure out why this is the story of my life”

ഉദിച്ചിട്ടില്ലാത്ത നക്ഷത്രങ്ങളുടെ തിളക്കം പേറുന്നവനെ… നന്ദി.

രാഹുല്‍ ദ്രാവിഡ് കളിച്ചതിനെക്കാള്‍ മികച്ചൊരു കവര്‍ ഡ്രൈവ് ഞാന്‍ കണ്ടിട്ടില്ല-ഹരീഷ് ഖരെ എഴുതുന്നു

ഇങ്ങനെ പറയാന്‍ ഒരു ദ്രാവിഡിനല്ലാതെ മറ്റാര്‍ക്കു കഴിയും; ഈ മനുഷ്യനോടുള്ള ബഹുമാനം കൂടുകയാണ്

അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഈ പ്രിഥ്വി ഷാ, ‘വന്‍മതില്‍’ വളര്‍ത്തിയ പയ്യനാണ്!

സച്ചിന്‍, നിങ്ങളെ ആ ഇരുപതുകാരന് അത്രമേല്‍ പ്രിയമായിരുന്നു

ജിതിന്‍ കെ.സി

ജിതിന്‍ കെ.സി

എഴുത്ത്, സാംസ്കാരിക പ്രവര്‍ത്തനം. ബാങ്കില്‍ ജോലി ചെയ്യുന്നു, പാലക്കാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍