UPDATES

കായികം

ടോക്യോ ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് ശ്രീശങ്കറിനെ പരിശീലിപ്പിക്കാൻ റൊമാനിയൻ കോച്ച് പാലക്കാട്ടേക്ക്

2020 ടോക്യോ ഒളിമ്പിംക്സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ശ്രീശങ്കര്‍

അത്‌ലറ്റിക്‌സില്‍ പിടിച്ചു നില്‍ക്കാന്‍ എന്‍ജീനീയറിംഗ് പഠനം തന്നെ ഉപേക്ഷിച്ചിറങ്ങിയ താരമാണ് പാലക്കാട്ട് യാക്കര സ്വദേശി എം. ശ്രീശങ്കര്‍ മുരളി.  ഭുവനേശ്വറിലെ നാഷണല്‍ ഒപ്പണ്‍ മീറ്റില്‍ ലോംഗ്ജംപില്‍ 8.20 മീറ്റര്‍ ചാടി സ്വര്‍ണവും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടിയ കേരളത്തിന്റെ ഈ 19 കാരന്റെ മികവില്‍ അത്‌ലറ്റിക് ഫെഡറേഷനും പ്രതീക്ഷ അര്‍പ്പിക്കുന്നു, 2020 ലെ ടോക്യോ ഒളിമ്പിംക്‌സിലെ മെഡല്‍ നേട്ടത്തിനായി.

ഭുവനേശ്വറിലെ നാഷണല്‍ ഓപ്പൺ മീറ്റില്‍ രണ്ട് തവണ എട്ട് മീറ്റര്‍ ചാടി കടന്ന ശ്രീശങ്കറില്‍ പ്രതീക്ഷ അര്‍പ്പിച്ച് ലോകത്തിലെ മികച്ച പരിശീലകരിലൊരാളായ ബെഡ്രോസ് ബെഡ്രോഷ്യനെ കേരളത്തിലേക്ക് അയക്കുകയാണ് ഫെഡറേഷന്‍. ലോംഗ്ജംപില്‍ അമേരിക്കയുടെ മൈക്ക് പവലിന്റെ 8.95 എന്ന ലോകറെക്കോര്‍ഡ് മറികടക്കാന്‍ ഒരു പക്ഷെ ഈ താരത്തിന് കഴിഞ്ഞേക്കും.

ഒളിമ്പിക്‌സ് മുന്നില്‍ കണ്ടുള്ള പരിശീലനത്തിനായി കോളേജ് അറ്റൻഡൻസ് പ്രശ്‌നമായപ്പോഴായിരുന്നു താരത്തിനായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ) മുന്‍ നിരപരിശീലകനെ കേരളത്തിലേക്ക് അയക്കുന്നത്. റൊമാനിയന്‍ കോച്ചായ ബെഡ്രോസ് ബെഡ്രോഷ്യന്‍ ശ്രീശങ്കര്‍ മുരളിയെയും ഒപ്പം ലോംഗ്ജംപിലെ തന്നെ താരമായ നീന വരകിലിനെയും പാലക്കാട് പരിശീലിപ്പിക്കും. ഏറ്റവും മികച്ച പരിശീലനം ലഭിക്കന്നതിന്റെ ഭാഗമായാണ് ദേശീയ കോച്ചിനെ നിയമിച്ചതെന്നും അത്‌ലറ്റികോ ഫെഡറേഷന്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ലോംഗ്ജംപ് താരം ശ്രീശങ്കറിന്റെ പഠനത്തെ ബാധിക്കാത്ത വിധം മികച്ച പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഫെഡറേഷന്‍ അറിയിച്ചു.

2020 ല്‍ നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടം ലഭിക്കാവുന്ന താരമാണ് ശ്രീശങ്കര്‍ എന്ന് മനസിലാക്കിതയിനെ തുടര്‍ന്നാണ് ബെഡ്രോഷ്യനെ കേരളത്തിലേക്ക് അയക്കുന്നത്. നമ്മള്‍ ഏഷ്യ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. എന്നാല്‍ ലോക രാജ്യങ്ങളുമായി മത്സരിക്കുമ്പോള്‍ ഈ മികവ് കൊണ്ട് കാര്യമില്ല.ലോകനിലവാരത്തിലുള്ള താരതമ്യമാണ് നമുക്കാവശ്യം എഎഫ്‌ഐ പ്രസിഡന്റ് അദില്ലെ സുമരിവല്ല ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. വിവിധ ദേശീയ ക്യമ്പുകളിലേക്ക് മികച്ച പരിശീലകരെ എത്തിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ കായിക താരങ്ങളെ ലോകത്തിലെ മികച്ച മത്സരാര്‍ഥികളാക്കി മാറ്റുന്നതിന്റെ ഭാഗമായി ക്യൂബയില്‍ നിന്നും ന്യൂസിലാന്‍ഡില്‍ നിന്നും പരിശീലകരുമായി കരാറില്‍ ഏര്‍പ്പെടുന്നതിന്റെ നടപടികളിലാണെന്നും അദ്ദേഹം പറഞ്ഞു.

” ലോംഗ്ജംപില്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍ജിനീയറിംഗ് മോഹം വിട്ട് ശ്രീശങ്കര്‍ പാലക്കാട് വിക്‌ടോറിയ കോളജില്‍ ബിരുദത്തിന് ചേര്‍ന്നത്. ഇപ്പോള്‍ ഫെഡറേഷന്‍ പരിശീലനത്തിനായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നു,. ബെഡ്രോസ് സര്‍ തങ്ങളെ പരിശീലിപ്പിക്കാന്‍ ഇവിടെ എത്തുന്നതില്‍ ഏറെ സന്തോഷവാനാണെന്നും എന്നാല്‍ തന്റെ അച്ഛന്റെ കീഴിലുള്ള പരിശീലനം തുടരുമെന്നും 19 കാരനായ ശ്രീശങ്കര്‍ പറഞ്ഞു. ” കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അനാരോഗ്യം മൂലം വാമ് അപ് പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാന്‍.  എന്നാല്‍ ഈ സമയങ്ങളില്‍ തന്റെ കായിക ക്ഷമത നഷ്ടപ്പെട്ടതായാണ് തോന്നിയിരുന്നതെന്നും എന്റെ കാലുകളുടെ ശക്തി നഷ്ടപ്പെട്ടെന്ന് തോന്നിയപ്പോഴെല്ലാം അച്ഛന്‍ നല്‍കിയ പിന്തുണയാണ് മനശക്തി നല്‍കിയത്. ഇപ്പോള്‍ തന്നെ പരിശീലിപ്പിക്കുന്നതിനായി കോച്ച് എത്തിയിരിക്കുന്നത് ഇനി പ്രതീക്ഷ കൈവിടില്ലെന്നും ശ്രീശങ്കര്‍ പറയുന്നു.

ശ്രീശങ്കറിന്റെ അച്ഛന്‍ മുരളി ലോകത്തെ മികച്ച ട്രിപ്പിള്‍ജംപ് താരമായിരുന്നു. അമ്മ കെ.എസ് ബിജിമോള്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പുതിയ കോച്ച് എത്തുന്നതോടെ ശ്രീശങ്കറിന്റെ കോളജ് അറ്റഡന്‍സ് കാര്യത്തിലുള്ള ആശങ്ക അവസാനിച്ചതായും മുരളി പറഞ്ഞു. . കൃത്യമായ അറ്റന്‍ഡന്‍സിലെങ്കില്‍ പരീക്ഷ എഴുതുന്നതിന് അനുവദിക്കില്ല. എന്നാല്‍ ഇപ്പോള്‍ ശ്രീശങ്കറിന് കായിക പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ സാധിക്കുമെന്നും മുരളി പറഞ്ഞു.ഈ വര്‍ഷം മികച്ച അവസരങ്ങള്‍ ശ്രീശങ്കറിന് നഷ്ടമായി. അനാരോഗ്യം മൂലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.  മുരളി പറഞ്ഞു.

ജൂണില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടത്തോടെ തിരിച്ചു വന്ന ശ്രീശങ്കര്‍ ഭുവനേശ്വറില്‍ നടന്ന ദേശീയ മത്സരത്തില്‍ 8.20 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയിരുന്നു. ലോക താരങ്ങള്‍ക്കടുത്തെത്തിയിരിക്കുന്ന താരമാണ് ശ്രീശങ്കര്‍. വേഗത്തില്‍ മികവ് കാണിക്കുകയും പഠിക്കുകയും ചെയ്യുന്നു ശ്രീശങ്കര്‍. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടാന്‍ മികവുള്ള താരമാണ് ശ്രീശങ്കറെന്നും അഞ്ജു ബോബി ജോര്‍ജിന്റെ പരിശീലകനും ഭര്‍ത്താവുമായ റോബര്‍ട്ട് ബോബി ജോര്‍ജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍