UPDATES

വൈറല്‍

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ഇന്ത്യയിലേയ്ക്ക് വിസ കിട്ടിയില്ല; പാക് ഹോക്കി ഇതിഹാസം മരണത്തിന് കീഴടങ്ങി

മന്‍സൂറിന്റെ വീഡിയോയ്ക്ക് കീഴെ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വര്‍ഗീയവാദികളുടെ അസഭ്യ, വിദ്വേഷ പരാമര്‍ശങ്ങളാണ് നിറഞ്ഞിരിക്കുന്നത്.

ഹൃദയ മാറ്റ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേയ്ക്ക് വരാനുള്ള വിസ നിഷേധിക്കപ്പെട്ട പാകിസ്ഥാന്‍ ഹോക്കി ഇതിഹാസം മന്‍സൂര്‍ അഹമ്മദ് (49) ചികിത്സ കിട്ടാതെ മരിച്ചു. 1994ലെ ഹോക്കി ലോകകപ്പ് ചാമ്പ്യന്മാരായ പാകിസ്ഥാന്‍ ടീമില്‍ അംഗമായിരുന്നു ഗോള്‍ കീപ്പറായ മന്‍സൂര്‍ അഹമ്മദ്. മതിയായ ചികിത്സ കിട്ടാതെയുള്ള മന്‍സൂറിന്റെ മരണത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ദുഖവും അമര്‍ഷവും പ്രതിഷേധവും പങ്കുവച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി. കഴിഞ്ഞ മാസം ആശുപത്രി കിടക്കയില്‍ നിന്ന് സംസാരിച്ച മന്‍സൂറിന്റെ വൈകാരികമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്. 1989ലെ ഇന്ദിര ഗാന്ധി കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഞാന്‍ ഒരുപാട് പേരെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത് സ്‌പോര്‍ട്‌സ് ആണല്ലോ. ഇപ്പോള്‍ എനിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെ ജനങ്ങളുടേയും ഗവണ്‍മെന്റിന്റേയും പിന്തുണ വേണം – മന്‍സൂര്‍ അഹമ്മദ് അന്ന് പറഞ്ഞു.

മന്‍സൂറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചെന്നൈ ഹോക്കി അസോസിയേഷന്‍ പ്രമുഖ സര്‍ജന്‍മാരുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ്ക്കുള്ള സൗകര്യമൊരുക്കാന്‍ ശ്രമിച്ചിരുന്നു. മന്‍സൂറിന്റെ മെഡിക്കല്‍ രേഖകള്‍ ലഭിച്ചിരുന്നതായി മുതിര്‍ന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെആര്‍ ബാലകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാകിസ്ഥാനില്‍ നിന്ന് മന്‍സൂറിന് സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങളും ശസ്ത്രക്രിയയും മാത്രമേ തന്റെ ജീവന്‍ രക്ഷിക്കൂ എന്നാണ് മന്‍സൂര്‍ കരുതിയിരുന്നത്. എന്നാല്‍ മന്‍സൂറിന് വിസ കിട്ടിയില്ല. മന്‍സൂറിന്റെ വീഡിയോയ്ക്ക് കീഴെ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വര്‍ഗീയവാദികളുടെ അസഭ്യ, വിദ്വേഷ പരാമര്‍ശങ്ങളാണ് നിറഞ്ഞിരിക്കുന്നത്.

338 അന്താരാഷ്ട്ര മത്സരങ്ങളില്‍ പാകിസ്ഥാന് വേണ്ടി മന്‍സൂര്‍ കളിച്ചു. മൂന്ന് ഒളിംപിക്‌സുകളില്‍ പങ്കെടുത്തു. 1996ലെ അറ്റ്‌ലാന്റ ഒളിംപ്ക്‌സില്‍ പാകിസ്ഥാന്റെ പതാകയേന്തിയത് മന്‍സൂര്‍ അഹമ്മദായിരുന്നു. 1994ല്‍ ലോകത്തെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്‌ഐഎച്ച്) പുരസ്‌കാരം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍