UPDATES

കായികം

ബഹറൈനും യുഎഇയും ഇസ്രായേലിലെ സൈക്കിൾ റേസിൽ പങ്കെടുത്തു; പിന്നിൽ നിന്ന് കുത്തിയെന്ന് പലസ്തീൻ

“പലസ്തീൻ പ്രശ്നം എന്താണെന്ന് നന്നായറിയാവുന്നവരാണ് യുഎഇയും ബഹറൈനും. ഈ റേസിൽ പങ്കെടുക്കാതിരിക്കേണ്ടതിന്റെ ആവശ്യകത അവരോട് വിശദീകരിക്കേണ്ട ആവശ്യം പോലുമില്ല”

അറബ് ലീഗ് ഉപരോധം ലംഘിച്ച് ബഹറൈൻ, യുഎഇ കായികതാരങ്ങൾ ഇസ്രായേലിൽ സംഘടിപ്പിക്കുന്ന ജിരോ ‍ഡി ഇറ്റാലിയ സൈക്ലിങ് റേസിൽ പങ്കെടുത്തതിനെതിരെ പലസ്തീൻ അധികാരികളുടെ പ്രതിഷേധം. ഇരുരാജ്യങ്ങളും തങ്ങളെ പിന്നിൽ‌ നിന്നു കുത്തിയെന്ന് പലസ്തീൻ പറഞ്ഞു. ഈ വർഷത്തെ ജിരോ സൈക്ലിങ് റേസിന്റെ ആദ്യത്തെ മൂന്ന് ഘട്ടങ്ങൾ ഇസ്രായേലിലാണ് നടന്നത്.

പലസ്തീൻ ജനത ഇക്കാലമത്രയും നടത്തിയ മഹത്തായ ത്യാഗങ്ങൾക്ക് പിന്നിൽ നിന്നേറ്റ കുത്താണ് അറബ് രാജ്യങ്ങളുടെ പങ്കാളിത്തമെന്ന് പലസ്തീനിയൻ ഒളിമ്പിക് കമ്മറ്റി പറഞ്ഞു. അതെസമയം, സൈക്ലിങ്ങിൽ ഈ അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങളാരും ആ രാജ്യങ്ങളിലെ പൗരന്മാരല്ല എന്നാണ് അറിയുന്നത്. എന്നിരുന്നാലും പ്രസ്തുത രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ്, അവരുടെ പതാകകൾ ഉയർത്തിയാണ് താരങ്ങൾ സൈക്ലിങ്ങിൽ പങ്കെടുത്തത്. 1948ൽ അറബ് രാജ്യങ്ങൾ ഐകകണ്ഠമായി തീരുമാനിച്ച ഉപരോധ നയത്തെ ലംഘിക്കുന്നതാണ് ഈ നടപടിയെന്ന് പലസ്തീൻ ആരോപിക്കുന്നു.

ഈ റേസിന് ആതിഥ്യം വഹിക്കുക വഴി തങ്ങളുടെ പ്രതിച്ഛായ നന്നാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് സൈക്ലിങ് പലസ്തീൻ ക്ലബ്ബിന്റെ സ്ഥാപക മലക് ഹസ്സൻ ആരോപിച്ചു. തങ്ങളുടെ സൈക്കിളുകൾക്ക് സ്വതന്ത്രമായി നീങ്ങാനാകാത്ത വിധത്തിൽ ഇസ്രായേലി ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എല്ലായിടത്തും. പലസ്തീൻ പ്രശ്നം എന്താണെന്ന് നന്നായറിയാവുന്നവരാണ് യുഎഇയും ബഹറൈനും. ഈ റേസിൽ പങ്കെടുക്കാതിരിക്കേണ്ടതിന്റെ ആവശ്യകത അവരോട് വിശദീകരിക്കേണ്ട ആവശ്യം പോലുമില്ലെന്നു മലക് പറഞ്ഞു.

അറബ് രാജ്യങ്ങളുമായി ബന്ധം നന്നാക്കാൻ കൊണ്ടുപിടിച്ച ശ്രമം ഇസ്രായേലിന്റെ ഭാഗത്തു നിന്നുമുണ്ട്. അറബ് രാജ്യങ്ങളിൽ നടക്കുന്ന കായികമത്സരങ്ങളിൽ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗമാണ്. ജനുവരിയിൽ നടന്ന ഖത്തർ ഓപ്പണിൽ ഇസ്രായേൽ താരം പങ്കെടുത്തിരുന്നു.

ഇതൊരു പിഴവ് തന്നെയാണെന്ന് അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ പ്രതികരിക്കുന്നു. യുഎസ്സുമായും സഖ്യകക്ഷികളുമായുമുള്ള ബന്ധം ശക്തിപ്പെടുന്നതിന്റെ ഭാഗമാകാം അറബ് രാജ്യങ്ങളുടെ ഈ നീക്കത്തിന്റെ പിന്നിലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇറാൻ പൊതുശത്രുവായവർ ഒരുമിക്കുന്നു.

അറബ് ലീഗ് ഉപരോധം

1945ലാണ് അറബ് ലീഗ് ഇസ്രായേലിനെതിരെ ഉപരോധം കൊണ്ടുവരാൻ തീരുമാനിക്കുന്നത്. 1948ൽ ഇസ്രായേൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം ഇത് നടപ്പാക്കപ്പെട്ടു. പലസ്തീൻ മേഖലയിലേക്കുള്ള ജൂത കയ്യേറ്റങ്ങൾ തടയുകയായിരുന്നു ഈ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇസ്രായേലുമായി ബിസിനസ്സ് നടത്തുന്ന കമ്പനികളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നതടക്കമുള്ള ഉപരോധ പരിപാടികൾ അറബ് ലീഗ് ആവിഷ്കരിച്ചു. എങ്കിലും, അന്നത്തെ അതേ ശക്തിയോടെ ഉപരോധം നടപ്പാക്കുന്ന രാജ്യങ്ങൾ ചുരുക്കമാണിപ്പോൾ‌. സിറിയ, ലബനൻ, ഇറാൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇസ്രായേലിന് ശക്തമായ ഉപരോധം ഇപ്പോഴും ഏർപ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍