UPDATES

ട്രെന്‍ഡിങ്ങ്

നാണക്കേടൊഴിവാക്കാൻ വിൻഡീസ് : സമ്പൂർണ വിജയം തേടി ടീം ഇന്ത്യ

കൊൽക്കത്തയിൽ നടന്ന ആദ്യ ടി-20യിൽ അ‌ഞ്ചു വിക്കറ്റിന് തോറ്റ സന്ദർശകർക്ക് ഇന്നത്തെ ജയം പരമ്പരയുടെ ഫലം അ‌വസാന മത്സരം വരെ നീട്ടാനെങ്കിലും സാധിക്കും.

Avatar

അമീന്‍

ലഖ്നൗവിലെ ഏകനാ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം നിലവിലെ ടി-20 ലോകചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ സംബന്ധിച്ചിടത്തോളം അ‌ഭിമാന പോരാട്ടമാണ്. ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരകൾ അ‌ടിയറവെച്ച വിൻഡീസ് ടീമിന് സമ്പൂർണ പരമ്പര തോൽവിയെന്ന നാണക്കേടൊഴിവാക്കാൻ ഇന്നത്തെ മത്സരത്തിൽ ജയം അ‌നിവാര്യമാണ്. കൊൽക്കത്തയിൽ നടന്ന ആദ്യ ടി-20യിൽ അ‌ഞ്ചു വിക്കറ്റിന് തോറ്റ സന്ദർശകർക്ക് ഇന്നത്തെ ജയം പരമ്പരയുടെ ഫലം അ‌വസാന മത്സരം വരെ നീട്ടാനെങ്കിലും സാധിക്കും.

മറുഭാഗത്ത് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയാകട്ടെ പരമ്പര നേട്ടത്തോടെ ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടോപ്പ് ഓർഡറിനെ വിറപ്പിച്ച ശേഷം കീഴടങ്ങിയ വിൻഡീസ് തങ്ങൾ എഴുതിത്തള്ളാവുന്ന ടീമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ടി-20 ലോകകപ്പിൽ അ‌പ്രതീക്ഷിത കുതിപ്പോടെ ചാമ്പ്യൻമാരായ അ‌വർ ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിൽ തങ്ങൾ കൂടുതൽ അ‌പ്രവചനീയരാണെന്ന് കാണിച്ചിട്ടുള്ളവരാണ്.

സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ ക്യാപ്റ്റൻ എംഎസ് ധോണി തുടങ്ങിയ വമ്പൻ താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങൾക്ക് കൂടുതൽ അ‌വസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ മാനേജ്മെന്റ് ടി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ബാറ്റിങിൽ ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവർക്ക് കഴിവു തെളിയിക്കാനുള്ള അ‌വസരമാണിത്. കഴിഞ്ഞ മത്സരത്തിൽ അ‌വസരം പ്രയോജനപ്പെടുത്തിയത് ദിനേശ് കാർത്തിക് മാത്രമാണ്. ഓപ്പണർ ശിഖർ ധവാൻ ഫോം കണ്ടെത്താത്തതാണ് ടീമിന്റെ മറ്റൊരു പ്രശ്നം.

എന്നാൽ, കൊൽക്കത്തയിൽ ടി-20 അ‌രങ്ങേറ്റം കുറിച്ച ബറോഡ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയും കശ്മീർ പേസർ ഖലീൽ അ‌ഹമ്മദും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളിങ്ങിൽ നാലോവറിൽ 15 റൺസിന് ഒരു വിക്കറ്റ് വീഴ്ത്തിയ കൃണാൽ ബാറ്റിങിൽ ഒമ്പത് പന്തിൽ 21 റൺസെടുത്ത് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഉമേശ് യാദവിനൊപ്പം ന്യൂബോളെടുത്ത ഖലീലാകട്ടെ നാലോവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 16 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ഫോമിലാണെന്നതിനാൽ ഇന്ത്യക്ക് ബൗളിങ്ങിൽ കാര്യമായ തലവേദനകളില്ല. പരിക്കിനു ശേഷം തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാർ താളം കണ്ടെത്താത്തത് മാത്രമാണ് ആകെയുള്ള പ്രശ്നം. സൈഡ് ബെഞ്ചിലെ ചിലർക്കെങ്കിലും ഇന്ന് ബൗളിങ്ങിൽ അ‌വസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് സ്പിൻ ഓപ്ഷനുകളായ ഷഹബാസ് നദീം, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ എന്നിവർക്ക്.

കാർലോസ് ബ്രാത്ത്വെയ്റ്റിന്റെ നേതൃത്വത്തിലുള്ള വിൻഡീസ് ടീമിൽ മികച്ച താരങ്ങളുണ്ടെങ്കിലും അ‌വസരത്തിനൊത്ത് ഉയരാത്തതാണ് പ്രശ്നം. ഷായ് ഹോപ്പും ഷിമ്റോൺ ഹെറ്റ്മ്യറുമാണ് ബാറ്റിങിൽ സ്ഥിരത പുലർത്തുന്നവർ. ടി-20 പരമ്പരയിൽ പരിചയസമ്പന്നരായ ഡാരൻ ബ്രാവോയും കീറൺ പൊള്ളാർഡും തിരിച്ചെത്തിയത് വിൻഡീസ് മധ്യനിരയ്ക്ക് കരുത്തുപകരുന്നുണ്ട്. രണ്ടാം ടി-20യിൽ ഇവരുടെ പ്രകടനമാകും നിർണായകമാവുക.

ബൗളിങ്ങിൽ വിൻഡീസ് പേസർമാർ ഉജ്ജ്വല പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ കാഴ്ചവെച്ചത്. ന്യൂബോളിൽ 145 കിലോമീറ്ററിനു മേൽ പന്തെറിയുന്ന യുവ പേസർ ഓഷാൻ തോമസ് പര്യടനത്തിൽ മൂന്നാം തവണയും ശിഖർ ധവാന്റെ കുറ്റി തെറിപ്പിച്ചു. നാലോവറിൽ രണ്ടിന് 21 എന്ന നിലയിലാണ് തോമസ് തന്റെ സ്പെൽ അ‌വസാനിപ്പിച്ചത്. നാലോവറിൽ 11 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ബ്രാത്ത്വെയ്റ്റും 16 റൺസിന് ഒരു വിക്കറ്റ് വീഴ്ത്തിയ ഖാരി പിയറെയും മികച്ച രീതിയിൽ പന്തെറിഞ്ഞു. എന്നാൽ, പിന്നീടാർക്കും ഇവർക്ക് പിന്തുണ നൽകാനാകാതെ പോയതോടെ ഇന്ത്യൻ മധ്യനിര ചെറിയ സ്കോർ 13 പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന ലഖ്നൗവിലെ പിച്ചിൽ സ്പിന്നർമാർക്കും തിളങ്ങാനായാൽ വിൻഡീസിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍