UPDATES

ചിത്രയ്ക്ക് സ്വര്‍ണം; ഉഷയ്ക്ക് പൊങ്കാല

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലെ ചിത്രയുടെ സുവര്‍ണനേട്ടം പി ടി ഉഷയ്ക്കുള്ള തിരിച്ചടിയായാണ് സോഷ്യല്‍ മീഡിയ പറയുന്നത്

തുര്‍ക്ക്‌മെനിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്ര സ്വര്‍ണം നേടിയ വാര്‍ത്ത മലയാളി ആഘോഷിക്കുകയാണ്. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1,500 മീറ്റര്‍ ഇനത്തില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം (ചിത്രയുടെ മുന്‍ഗാമികളും രണ്ടു മലയാളികള്‍ തന്നെ; ഒ പി ജയ്ഷയും സിനിമോള്‍ പൗലോസും) എന്ന നേട്ടമല്ല ചിത്രയുടെ വിജയം ആഘോഷിക്കാന്‍ കാരണം. ഇതൊരു മധുരപ്രതികാരം എന്ന നിലയിലാണ് ചിത്രയുടെ സ്വര്‍ണ വാര്‍ത്ത മാധ്യമങ്ങള്‍ അടക്കം കൊടുത്തതെന്നതു ശ്രദ്ധിച്ചാല്‍ മതി മലയാളി എന്തുകൊണ്ട് ഈ പാലക്കാട്ടുകാരിയുടെ വിജയം ആഘോഷമാക്കുന്നതെന്ന്.

ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും തഴയപ്പെട്ടതിന്റെ ദുഃഖം ചിത്രയെക്കാള്‍ കേരള സമൂഹത്തിനുണ്ടായിരുന്നു. അതില്‍ കായികപ്രേമികള്‍ എന്ന ഗണം മാത്രമായിരുന്നില്ല ഉണ്ടായിരുന്നതും. ഫെഡറേഷന്‍ താത്പര്യങ്ങളുടെ ഇരയായാണ് ചിത്ര ഒഴിവാക്കപ്പെട്ടതെന്ന വാര്‍ത്തയാണ് ഒരുമിച്ചുള്ള പ്രതിഷേധത്തിനും ചിത്രയ്ക്കുള്ള പിന്തുണയ്ക്കും മലയാളിയെ തയ്യാറാക്കിയത്.

ഈ കൂട്ടത്തില്‍ ഏറ്റവുമധികം വിമര്‍ശനം കേള്‍ക്കേണ്ടി വന്നൊരാള്‍ പി.ടി ഉഷയായിരുന്നു. ഫെഡറേഷനില്‍ ചിത്രയ്ക്കു വേണ്ടി ഒരു വാക്കുപോലും സംസാരിക്കാന്‍ ഉഷ തയ്യാറായില്ല എന്ന ആരോപണവുമായാണ് അവര്‍ക്കെതിരേ ശബ്ദം ഉയര്‍ത്തിയത്. ഒരുപക്ഷേ ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ ഉഷയ്ക്ക് സ്വന്തം നാട്ടില്‍ നിന്നു തന്നെ ഇത്ര ഭയാനകമായ രീതിയില്‍ വിമര്‍ശനവും ആക്ഷേപവും കേള്‍ക്കേണ്ടി വരുന്നത് അന്നാദ്യമായിട്ടായിരിക്കാം. സര്‍ക്കാരിന്റെ കൂടി പരോക്ഷ വിമര്‍ശനം അവര്‍ക്കു നേരെ ഉണ്ടായി. ഇപ്പോഴും അതു തുടരുന്നുണ്ടെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. അതിനുള്ള തെളിവായി കൂടി മാറി ചിത്രയുടെ സുവര്‍ണനേട്ടം.

പ്രിയപ്പെട്ട പി.യു ചിത്ര, നീ കാതറിന്‍ സ്വിട്‌സറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനു ശേഷം ചിത്ര ആദ്യമായി മത്സരിക്കുന്നത് ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്നലത്തെ വിജയം ചിത്രയുടെ മധുരപ്രതികാരം തന്നെയാണെന്ന് ഉറപ്പിക്കാന്‍ മാധ്യമങ്ങളടക്കം തയ്യാറായതും. യോഗ്യതയുടെ പേരില്‍ ലണ്ടനിലെ മത്സരത്തില്‍ പങ്കെടുപ്പിക്കാതിരുന്നവര്‍ക്ക് തുര്‍ക്കമെനിസ്ഥാനില്‍ ചിത്ര, രാജ്യത്തിനായി സ്വന്തമാക്കിയ നേട്ടം കാണുമ്പോള്‍ കുറ്റബോധം തോന്നുന്നില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇവിടെയും മുന്‍പത്തെപ്പോലെ തന്നെ പി.ടി ഉഷയും ചോദ്യം ചെയ്യലുകള്‍ക്ക് വിധേയയാവുകയാണ്. ഉഷയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന കമന്റുകള്‍ അതിനുള്ള തെളിവാണ്.

"</p

ചിത്രയെ ഒതുക്കാനാണ് ഉഷ ശ്രമിക്കുന്നതെന്നും തന്റെ നേട്ടങ്ങള്‍ തകര്‍ക്കുമെന്ന പേടിയാണ് ചിത്രയോട് ഉഷയ്ക്കുള്ളതെന്നും ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും ചിത്ര ഒഴിവാക്കപ്പെട്ടപ്പോഴേ ഉഷയ്‌ക്കെതിരേ ആരോപണം ഉയര്‍ന്നതാണ്. അതു തന്നെ വീണ്ടും ഉന്നയിക്കുകയാണ് ഇപ്പോള്‍. സ്വന്തം നേട്ടങ്ങള്‍ തകര്‍ക്കുമോയെന്നു പേടിച്ച് അവസരം നിഷേധിക്കാന്‍ മുന്‍കൈയെടുത്ത ആ മഹതിയുടെ നെഞ്ചത്തേക്കാണ് ചിത്രമോള്‍ മെഡലുമായി ഓടിക്കയറിയത് എന്നാണ് ഒരാള്‍ പി.ടി ഉഷയുടെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതിരൂക്ഷമായ വിമര്‍ശനങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും വരെ ഉഷയ്ക്ക് നേരിടേണ്ടി വരികയാണ്. അഹങ്കാരിയെന്നും സ്വാര്‍ത്ഥയെന്നുമൊക്കെയാണ് ആക്ഷേപം. ചിത്രയെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഓരോ കമന്റിലും. അതുകൊണ്ട് തന്നെ ചിത്രയുടെ സ്വര്‍ണം ഉഷയ്ക്കുള്ള തിരിച്ചടിയാണെന്നാണ് വിമര്‍ശകര്‍ ഉറപ്പിക്കുന്നത്. കേരളത്തിന് അഭിമാനമായിരുന്ന ഉഷ ഇന്ന് അപമാനമായെന്നും ചിലര്‍ ചിത്രയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു.

"</p

ചിത്രയുടെ നേട്ടത്തെ അഭിനന്ദിച്ച് ഒരു വാക്ക് പോലും പറയാന്‍ ഉഷ ഇതുവരെ തയ്യാറായിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പല കായികതാരങ്ങളുടെയും വിജയവും മറ്റും ഷെയര്‍ ചെയ്യുന്ന താങ്കള്‍ ചിത്രയുടെ വിജയത്തെപ്പറ്റി ഒന്ന് അഭിനന്ദിച്ചുള്ള പോസ്‌റ്റെങ്കിലും ഇട്ടാല്‍ നന്നായിരുന്നുവെന്നാണ് ഒരാളുടെ ഉപദേശം. ഉഷയുടെ കുശിമ്പിനും കുന്നായ്മയ്ക്കുമുള്ള മറുപടിയാണ് ചിത്രയെന്നു പറയുന്നവരും പി.ടി ഉഷയുടെ കരണക്കുറ്റിക്ക് ഏറ്റ പ്രഹരമാണ് ചിത്രയെന്നു പറയുന്നവരുമുണ്ട്. ഏതായാലും ചിത്രയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നതിനൊപ്പം ഉഷയെ വിമര്‍ശനങ്ങളും പരിഹാസങ്ങളും കൊണ്ട് ആഘോഷിക്കുക കൂടിയാണ് മലയാളി. ഇതെല്ലാം സ്വാഭാവിക പ്രതികരണങ്ങളായി കാണാമെങ്കിലും ഉഷയെ പോലൊരാളെ നിറംകൊണ്ടും രൂപം കൊണ്ടുമെല്ലാം വംശീയമായി വരെ ആക്ഷേപിച്ചുകൊണ്ട് ചിത്രയ്ക്ക് പിന്തുണ കൊടുക്കുന്നത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനു ചേര്‍ന്നതല്ലെന്നു കൂടി പറയേണ്ടതുണ്ട്.

കായിക മേലാളന്‍മാരോട്, തൊടുന്യായങ്ങള്‍ നിരത്താതെ നീതി നടപ്പാക്കൂ; ചിത്രയ്ക്കൊപ്പം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍