UPDATES

കായികം

ഗായത്രി ഗോപിചന്ദ് പുല്ലേലക്ക്‌ പ്രായം പതിനാല് പക്ഷെ ഇന്ത്യയുടെ ഭാവിയാണ്

അടുത്ത വര്‍ഷം ഗായത്രിക്ക് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ സാധിക്കുമെന്നാണ് കോച്ച് അനില്‍ കുമാര്‍ വിശ്വസിക്കുന്നത്

മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനും ഇന്ത്യന്‍ ബാഡ്മിന്റണില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ച കോച്ചുമായ പുല്ലേല ഗോപിചന്ദിന്റെയും മുന്‍ ദേശീയ ചാമ്പ്യന്‍ പിവിവി ലക്ഷ്മിയുടെയും പുത്രി ഗായത്രിക്ക് വയസ് പതിനാലേ ആയുള്ളവെങ്കിലും അവള്‍ ഇപ്പോള്‍ തന്നെ അണ്ടര്‍-19 ടൂര്‍ണമെന്‍ുകള്‍ ജയിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ചണ്ഡീഗഢില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്രയുടെ പൂര്‍വ ബാര്‍വെയെ 23-21, 21-18ന് തോല്‍പിച്ച് 26-ാമത് കൃഷ്ണ ഖൈത്താന്‍ മെമ്മോറിയല്‍ ഓള്‍ ഇന്ത്യ ജൂനിയര്‍ റാങ്കിംഗ് ആന്റ് പ്രൈസ് മണി ടൂര്‍ണമെന്റ് ജയിച്ചുകൊണ്ടാണ് ഈ കൊച്ചുമിടുക്കി പാരമ്പര്യം നിലനിറുത്തുന്നതിന്റെ സൂചനകള്‍ നല്‍കിയത്.

ഇത്തവണ പക്ഷെ ഒരു പ്രത്യേകതയുണ്ടായിരുന്നു. തന്റെ കളികളെല്ലാം മൊബൈലില്‍ റെക്കോഡ് ചെയ്യണമെന്ന് ഗായത്രി കൂടെയെത്തിയ അമ്മ പവിവി ലക്ഷ്മിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അവര്‍ അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. ഗായത്രി ഇതിനകം മുന്ന് അണ്ടര്‍-17 ടൂര്‍ണമെന്റുകള്‍ ജയിച്ചതിന തുടര്‍ന്നാണ് അണ്ടര്‍-19 വിഭാഗത്തില്‍ ഒരു ശ്രമം നടത്താന്‍ തീരുമാനിച്ചത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഫൈനലില്‍ ഗായത്രി തോല്‍പ്പിച്ച പൂര്‍വ ബാര്‍വെ അത്ര മോശക്കാരിയൊന്നുമല്ലെന്നത് ഗോപീചന്ദിന്റെ പുത്രിയുടെ പ്രതിഭ വിളിച്ചറിയിക്കുന്നു. അണ്ടര്‍-19 വിഭാഗത്തില്‍ ഇന്ത്യയില്‍ നാലാം റാങ്കാണ് പൂര്‍വയ്ക്കുള്ളത്. കഴിഞ്ഞ ആറുമാസത്തിനിടെയില്‍ തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നടന്ന അണ്ടര്‍-17 ടൂര്‍ണമെന്റുകളില്‍ ഗായത്രി ചാമ്പ്യനായിരുന്നു. ഈ മത്സരങ്ങള്‍ക്കിടയില്‍ അണ്ടര്‍-17 ഒന്നാം റാങ്കുകാരി ചത്തീസ്ഗഢിന്റെ ആകര്‍ഷി കാശ്യപിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

അടുത്ത വര്‍ഷം ഗായത്രിക്ക് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ സാധിക്കുമെന്നാണ് കോച്ച് അനില്‍ കുമാര്‍ വിശ്വസിക്കുന്നത്. ഇന്തോനേഷ്യന്‍ കോച്ച് മുല്‍യോ ഹാന്‍ഡിയോ ദേശീയ ടീമിന്റെ ഉത്തരവാദിത്വങ്ങള്‍ ഇല്ലാത്ത സമയത്തൊക്കെ ഗായത്രിയെ പരിശീലിപ്പിക്കാന്‍ എത്താറുണ്ട്. ഗായത്രിക്ക് അടുത്ത വര്‍ഷം അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ മത്സരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2006ല്‍ തന്റെ പതിനാറാം വയസില്‍ അണ്ടര്‍-19 ദേശീയ ചാമ്പ്യന്‍ഷിപ്പ് ജയിച്ച സൈന നേഹ്വാള്‍ അതേ വര്‍ഷം തന്നെ ഫിലിപ്പിന്‍സ് ഓപ്പണ്‍ ജയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍