UPDATES

ട്രെന്‍ഡിങ്ങ്

സെറീനയെ അധിക്ഷേപിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍ എന്നു തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും നേരം വെളുത്തിട്ടില്ല എന്നാണ്

സെറീന ഒരുപക്ഷെ ഈ തലമുറയിലെ ഏറ്റവും വലിയ സ്പോർട്സ് പേഴ്സണാണ്. ഇതിലും എത്രയോ മികച്ച രീതിയിലുള്ള പരിഗണന സെറീന അർഹിക്കുന്നുണ്ട്

യു.എസ് ഓപ്പണിൽ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ സെറീന വില്യംസിനെ വംശീയമായി അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ-നെതിരെ ലോകവ്യാപക പ്രതിഷേധമാണുയർന്നത്. റൂപർട് മർഡോക്കിന് കീഴിലുള്ള ടാബ്ലോയിഡ് പത്രമാണ് ഹെറാൾഡ് സൺ. മത്സരത്തിൽ പരാജയപ്പെട്ട സെറീന വില്യംസ് ദേഷ്യപ്പെട്ട് കോർട്ടിൽ നിന്ന് അലറി വിളിക്കുന്ന രൂപത്തിലാണ് കാർട്ടൂൺ വരച്ചിരിക്കുന്നത്. മത്സരത്തിൽ വിജയിച്ച നവോമി ഒസാക്കയെ വെള്ളക്കാരിയായും ചിത്രീകരിച്ചിട്ടുണ്ട് കാർട്ടൂണിൽ. നോവലിസ്റ്റ് ജെ കെ റൗളിങ്, അമേരിക്കൻ സിവിൽ റൈറ്റ് ആക്ടിവിസ്റ്റ് ജെസ്സി ജാക്സൺ എന്നിവർ ട്വിറ്ററിൽ കാർട്ടൂണിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കാർട്ടൂണുകൾ പൊളിറ്റിക്കളി കറക്ട് ആവേണ്ടതുണ്ടോ എന്ന ചോദ്യം ഒരിക്കൽ കൂടി ഈ അവസരത്തിലും ഉയർന്നു.

സലിം രാജ് എസ് പ്രസ്തുത വിഷയത്തിൽ ഫേസ്ബുക്കില്‍ എഴുതിയ ശ്രദ്ധേയമായ കുറിപ്പ് വായിക്കാം.

ഇക്കഴിഞ്ഞ യൂ എസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസ് – നവോമി ഒസാകാ മത്സരത്തിനിടെ സെറീന കോച്ചിങ് സ്വീകരിച്ചു എന്നാരോപിച്ച് മാച്ച് അമ്പയർ കാർലോസ് റാമോസ് സെറീനയുടെ ഒരു പോയിന്റ് തിരിച്ചെടുക്കുന്നു. മത്സരത്തിനിടെ കോച്ചിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നതിനെയാണ് കോച്ചിങ് എന്ന് പറയുന്നത്. ഗ്രാൻഡ് സ്ലാമുകളിൽ അത് അനുവദനീയമല്ല.

കോച്ചിങ് ആരോപണത്തെ തുടർന്ന് സെറീന അംപയറുമായി വാക്കു തർക്കത്തിലേർപ്പെടുന്നു, താനത് ചെയ്തിട്ടില്ല എന്ന് ശക്തിയുക്തം വാദിക്കുന്നു. അമ്പയർ വഴങ്ങാത്തതുകൊണ്ടുള്ള നിരാശയിൽ റാക്കറ്റ് തറയിലെറിയുന്നു. അങ്ങനെ രണ്ടാമത്തെ പോയിന്റ് പെനാൽറ്റിയായി. ശേഷം കാർലോസ് റാമോസിനെ, തന്റെയൊരു പോയിന്റ് മോഷ്ടിച്ചു എന്നതുകൊണ്ട് സെറീന കള്ളൻ എന്ന് വിളിക്കുന്നു. ഇതിലും മോശമായി പെരുമാറിയ ആൺകളിക്കാർക്ക് ഇങ്ങനെയൊരു അനുഭവം ഒരിക്കലുമുണ്ടായിട്ടില്ല എന്നും ഒരു സ്ത്രീ ആയതുകൊണ്ടാണ് തനിക്കീ അനുഭവം ഉണ്ടാവുന്നതെന്നും പറയുന്നു. കള്ളനെന്ന വിളിയോടെ സെറീനയ്ക്ക് കളിയും നഷ്ടമായി, പതിനേഴായിരം യു.എസ് ഡോളർ പിഴയും ഒടുക്കേണ്ടി വരുന്നു.

കളി സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഓസ്‌ട്രേലിയൻ ദിനപത്രമായ ഹെറാൾഡ് സണ്ണിലെ കാർട്ടൂണിസ്റ്റ് മാർക്ക് റൈറ്റ് പത്രത്തിൽ തികച്ചും റേസിസ്റ്റ് ആയ, കറുത്തവരെ മോശമായി ചിത്രീകരിക്കുന്ന, സ്ത്രീ വിരുദ്ധവും സെക്സിസ്റ്റുമായ, സ്പോർട്സ് വിരുദ്ധമായ ഒരു കാർട്ടൂൺ പബ്ലിഷ് ചെയ്യുന്നു. തുടർന്ന് മാർക്ക് റൈറ്റ് വിമർശനങ്ങളുടെ ചൂടറിയുന്നു. ലോകം രണ്ടായി തിരിയുന്നു. പ്രസിദ്ധരായ പലരും കാർട്ടൂണിനെതിരെ വിമർശനമുന്നയിക്കുന്നു.

പക്ഷെ ചിലർ അപ്പോഴും കാർട്ടൂണിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലും ‘തമാശ’യുടെ പേരിലും കാർട്ടൂണുകൾ പൊളിറ്റിക്കലി ഇൻകറക്റ്റ് ആവണമെന്നു വിശ്വസിക്കുന്നതിന്റെ പേരിലും ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ ചില ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്.

കാർട്ടൂൺ ശരിക്കും റേസിസ്‌റ്റ് ആണോ ?

തീർച്ചയായും ആണ്. റേസിസ്റ്റും സെക്സിസ്റ്റും മിസോജിനിക്കുമാണ്. പല നിലകളിൽ. ഒന്നാമത് സെറീനയെ അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെ. സഹകളിക്കാരിയും കറുത്ത വർഗ്ഗക്കാരിയുമായ നവോമി ഒസാകയെ വെളുത്ത ചർമ്മത്തോടും തെളിഞ്ഞ മഞ്ഞ നിറമുള്ള മുടിയോടും കൂടി തികച്ചും ബ്ലോണ്ടിഷായാണ് കാർട്ടൂൺ അവതരിപ്പിക്കുന്നത്. ഇപ്പുറത്ത് സെറീനയെ നോക്കുമ്പോൾ അദ്ദേഹത്തിന്റെ ശാരീരിക വലിപ്പത്തിനേയും പ്രത്യേകതകളെയും വൾഗറൈസ് ചെയ്തതായി കാണാം. കൂടാതെ സെറീനയുടെ കളിക്കിടെയുള്ള പെരുമാറ്റത്തെ ഒരു സ്ത്രീയുടെ നാഗിങ്ങായാണ് കാർട്ടൂൺ സമീപിക്കുന്നത്. ഇതേ അമ്പയറോട് ദ്യോകോവിച് ഒരു കളിക്കിടെ തർക്കിക്കുന്നതിനെ മാധ്യമങ്ങൾ ഈ രീതിയില്ലായിരുന്നില്ല സമീപിച്ചത്. അന്ന് പോയിൻസും നഷ്ടമായിരുന്നില്ല. ഇത് സെക്സിസവും റേസിസവും അല്ലെങ്കിൽ മറ്റെന്താണ്?

സെറീനയെ വിമർശിച്ചാൽ റേസിസ്റ്റാവുമോ ?

തീർച്ചയായും ഇല്ല. ഒരാൾക്ക് സെറീന കളിക്കിടെ പെരുമാറിയതിനെ വിമർശിക്കാം. പക്ഷെ അവരുടെ എത്നിസിറ്റിയെ, അവരുടെ ജെൻഡറിനെ, അവരെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ല. കാരണം ഹിസ്റ്റോറിക്കൽ വാക്‌യൂമിൽ നിന്നുകൊണ്ടല്ല ഒരു വിമർശനവും സൃഷ്ടിയും ഉണ്ടാവേണ്ടത്.

ആവിഷ്കാര സ്വാതന്ത്ര്യ, അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നങ്ങൾ?

ആവിഷ്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഒരു അബ്‌സോല്യൂട്ട് സ്വാതന്ത്ര്യമല്ല. അങ്ങനെ അബ്‌സൊല്യൂട്ട് ആയിട്ട് ഒരു ഫ്രീഡവുമില്ല. ഒരു വർക്ക് ഓഫ് ഫിക്ഷനിൽ ഒരു കാര്യത്തെ അവതരിപ്പിക്കാനുള്ള അത്രയും അവകാശം നിങ്ങൾക്ക് നേരിട്ട് ഒന്നിനെക്കുറിച്ചും പറയുമ്പോൾ കിട്ടില്ല. ഒരു നോവലിൽ ഒരു കഥാപാത്രത്തിനെക്കൊണ്ട് നിങ്ങൾക്ക് ജാതി അധിക്ഷേപം നടത്തിക്കാം. പക്ഷെ നേരിട്ട് നിങ്ങൾ അത് പറഞ്ഞാൽ വകുപ്പും കേസും വേറെയാണ്. ഭാരതാംബയെ വിവസ്ത്രയായി വരയ്ക്കുന്നതുപോലെയല്ല വഴിയിൽക്കൂടി പോകുന്ന ഒരു സ്ത്രീയെ വിവസ്ത്രയായി ചിത്രീകരിക്കുന്നത്. അതിനെതിരെ ബോധമുള്ള ഒരു സമൂഹം പ്രതികരിക്കും. പക്ഷെ അപ്പോഴും എഴുത്തുകാരന്റെ കൈ വെട്ടുന്നതിനെയോ റേപ് ത്രെട്ട്സ്സ് പുറപ്പെടുവിക്കുന്നതിനോ അല്ല, അവരുപയോഗിച്ച അതേ സ്വാതന്ത്യ്രം വിമർശിക്കാനും തിരുത്തലുകൾ ആവശ്യപ്പെടാനും ഉപയോഗിക്കുന്നു എന്ന് മാത്രം.

കാർട്ടൂൺ ഒരു ക്രിയേറ്റിവ് സൃഷ്ടിയല്ലേ? അതിൽ ഇത്തരം കാര്യങ്ങൾ ഫിക്ഷണൽ പോർട്രെയിലിന്റെ പരിധിയിൽ വരില്ലേ?

ഇല്ല. ദിനപത്രത്തിലെ കാർട്ടൂൺ റിയൽ ലൈഫ് ആൾക്കാരെ അധികരിച്ചാണ് വരയ്ക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വ്യക്തികളാണ് അവിടെ വിഷയം. അതുകൊണ്ടു തന്നെ ഒരു പരിധി കഴിഞ്ഞ് വ്യക്തികളെ ആക്ഷേപിപ്പിക്കാൻ ആർക്കും അവകാശമില്ല. ഒരാശയത്തിനെ വിമർശിക്കുന്നത് പോലെയല്ല ഒരു വ്യക്തിയെ വിമർശിക്കുന്നത്. നിങ്ങൾക്ക് ഏതു മതത്തിനെയോ വിമർശിക്കാം. പക്ഷെ അതേ രീതിയിൽ സാമൂഹിക പുരോഗതി നിഷേധിക്കപ്പെട്ടൊരു ജാതിയിൽ നിന്നൊരാളെ ജാതി അധിക്ഷേപം നടത്തുന്നത് ഇൻസെൻസിറ്റീവാണ്. അതുപോലെ.

വിവാദ കാർട്ടൂണിനു ശേഷം സെറീനയെ അവരുടെ നിലപാടുകളുടെ ഭംഗിയോടെ, മകളെയും റാക്കറ്റിനേയുമെടുത്തു നിൽക്കുന്ന രീതിയിൽ ചിത്രീകരിച്ച, ഒരു ഘാനിയൻ കാർട്ടൂണിസ്റ്റ് വരച്ച ചിത്രം.
.
സെറീനയ്‌ക്കു പകരം ഒരു വെള്ളക്കാരിയുടെ കാർട്ടൂണായിരുന്നെങ്കിൽ ഇതൊക്കെ ബാധകമാകുമോ ?

ഇല്ല. കാരണം നിങ്ങൾ ഇക്വേഷൻ തന്നെ മാറ്റിയല്ലോ. രണ്ടും രണ്ടു സാമൂഹിക നിലകളിലുള്ള വേരിയബിളാണ്. എടാ പട്ടരെ എന്ന് വിളിക്കുന്ന അതേ രീതിയിലല്ലല്ലോ എടാ പുലയാ എന്ന് വിളി സ്വീകരിക്കപ്പെടുന്നത്. രണ്ടിനും രണ്ടു സോഷ്യൽ ഗ്രാവിറ്റിയാണ്. പക്ഷെ അപ്പോഴും കാർട്ടൂണിലെ റേസിസം മാത്രമേ പോകുന്നുള്ളൂ. സെക്സിസം അപ്പോഴുമുണ്ട്.

സെറീനയുടെ പെരുമാറ്റം മോശമല്ലായിരുന്നോ ?

സെറീനയുടെ പെരുമാറ്റം മോശമാണോ അല്ലയോ എന്നത് കാർട്ടൂൺ റേസിസ്റ്റ് ആക്കാനോ സെക്സിസ്റ്റ് ആക്കാനോ ഉള്ള ന്യായമല്ല. മോശമാണെങ്കിലും അല്ലെങ്കിലും വംശീയതയും സ്ത്രീ വിരുദ്ധതയും അനുവദനീയ കാര്യങ്ങളല്ല.

കാർട്ടൂൺ പൊളിറ്റിക്കളി കറക്റ്റ് ആകേണ്ടതുണ്ടോ ? തമാശ ഉണ്ടായാൽ പോരെ ഒരു നല്ല കാർട്ടൂണാവാൻ ?

നിങ്ങളീ ചോദ്യം ഏതു വശത്തു നിന്ന് ചോദിക്കുന്നു എന്നത് പ്രധാനമാണ്. റിസീവിങ് എൻഡിൽ നിൽക്കുന്ന ആൾക്കോ വംശത്തിനോ മറ്റേതൊരു സ്വത്വത്തിനോ നിങ്ങളുടെ ‘തമാശകൾ’ തമാശകൾ തന്നെ ആയിരിക്കില്ല. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലുകൾ നേരിട്ട ഒരു ജനതയോട് നിങ്ങളുടെ മരവിച്ച ഹ്യൂമർ സെൻസ് പ്രയോഗിക്കാതിരിക്കണം. ജാതി അധിക്ഷേപവും സെക്സിസവും റേപ് ജോക്‌സുമൊക്കെ നിങ്ങൾക്ക് തമാശയാണ് എന്ന് കരുതി എല്ലാവർക്കും അങ്ങനെയാണെന്ന് ധരിക്കരുത്. ഒരു വിഭാഗത്തിന് മേൽ ആക്ഷേപിച്ചുള്ള ചിരിയുണ്ടാക്കിയാൽ അത് നല്ല തമാശയാവില്ല. നിങ്ങളുടെ ബോറടി മാറ്റുന്നത് മറ്റുള്ളവരുടെ മേൽ കുതിര കയറിയല്ല.

Also Read: സെറീന പൊട്ടിത്തെറിച്ചത് ടെന്നീസിലെ വര്‍ണ്ണ ലിംഗ വിവേചനങ്ങള്‍ക്കെതിരെയാണ്

മീശ നോവലിൽ ഇതേ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നായിരുന്നില്ലേ ആവശ്യം ?

അതേ. പക്ഷെ മീശ വിഷയവും കാർട്ടൂൺ വിഷയവും രണ്ടും രണ്ടാണ്. നേരത്തെ പറഞ്ഞതുപോലെ നോവൽ ഒരു മുഴുവൻ ഭാവനാ സൃഷ്ടിയാണ്. എഡിറ്റോറിയൽ കാർട്ടൂൺ അങ്ങനെയല്ല. അത് ശരിക്കുള്ള മനുഷ്യരെ അധികരിച്ചാണ് വരയ്ക്കപ്പെടുന്നത്. അപ്പോൾ വരയ്ക്കപ്പെടുന്ന ആളിന്റെ ജാതി, വർണ്ണം, വംശം, ലിംഗം എന്നിവയിലൊന്നും ആക്രമിക്കാതിരിക്കണം.

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എവിടെയും എടുത്തു വീശാവുന്ന വാളല്ല. പക്ഷെ അപ്പോഴും വിമർശനങ്ങളെ സംഘി – സുടാപ്പി രീതിയിൽ കലാകാരനെ കായികമായി ആക്രമിക്കുക, ഭീഷണി, റേപ് ത്രെട്സ് എന്നിവയൊന്നുമല്ല വിമർശന രീതികൾ എന്നത് എടുത്തു പറയേണ്ടല്ലോ. നിങ്ങൾക്ക് വിയോജിപ്പുള്ള ഒരു സിനിമ വന്നാൽ തീയേറ്റർ കത്തിക്കുകയല്ല ചെയ്യേണ്ടത്. അതിനു ജനാധിപത്യപരമായി രീതികളുണ്ട്.

അവസാനമായി ഈ വിഷയത്തിൽ പറയാനുള്ളത്, സെറീന ഒരുപക്ഷെ ഈ തലമുറയിലെ ഏറ്റവും വലിയ സ്പോർട്സ് പേഴ്സണാണ്. അദ്ദേഹം ഇതിലും എത്രയോ മികച്ച രീതിയിലുള്ള പരിഗണന അർഹിക്കുന്നുണ്ട്. ഒരാണ് ചെയ്തിരുന്നെങ്കിൽ ഹീറോയിസമായി ചിത്രീകരിക്കപ്പെടേണ്ടിയിരുന്ന സംഭവമാണ് സ്ത്രീ ആയതിന്റെ പേരിലും കറുത്ത വർഗ്ഗക്കാരി ആയതിന്റെ പേരിലും സെറീന ഡിസ്ക്രിമിനേഷൻ നേരിടുന്നത്. ഇത്രയും പറഞ്ഞിട്ടും ഇനിയും നേരം വെളുക്കാത്തവർക്കു കിടന്നുറങ്ങാം. പക്ഷെ രാത്രിയാണെന്നു വാദിക്കാൻ വരരുതെന്ന് മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സെറീന പൊട്ടിത്തെറിച്ചത് ടെന്നീസിലെ വര്‍ണ്ണ ലിംഗ വിവേചനങ്ങള്‍ക്കെതിരെയാണ്

പൊട്ടിക്കരയുന്ന നവോമിയെ ആശ്വസിപ്പിക്കുന്ന സെറീന/ വീഡിയോ

കറുത്ത സ്ത്രീകള്‍ക്കും തുല്യവേതനം കിട്ടണം; അമേരിക്കയിലെ വര്‍ണ-ലിംഗ വിവേചനങ്ങള്‍ക്കെതിരേ സെറീന വില്യംസ്

ഉത്തേജകമരുന്നു പരിശോധന; താൻ വിവേചനത്തിന്റെ ഇരയെന്ന് സെറീന വില്യംസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍