UPDATES

ട്രെന്‍ഡിങ്ങ്

ഇങ്ങനെ പറയാന്‍ ഒരു ദ്രാവിഡിനല്ലാതെ മറ്റാര്‍ക്കു കഴിയും; ഈ മനുഷ്യനോടുള്ള ബഹുമാനം കൂടുകയാണ്

ക്രിക്കറ്റ് എന്നല്ല എല്ലാ ഓരോ കായികരംഗവും പാഠമാക്കണം ദ്രാവിഡിനെ

ക്രിക്കറ്റിന് ഇപ്പോഴും മാന്യന്മാരുടെ കളി എന്നൊരു വിശേഷണം നിലനില്‍പ്പുണ്ടെങ്കില്‍ അതിന്റെ കാരണം രാഹുല്‍ ദ്രാവിഡിനെ പോലുള്ളവരാണെന്ന് നിസ്സംശയം പറയാം. ദ്രാവിഡ് എന്ന കളിക്കാരന്റെ വ്യക്തിത്വവിശേഷണത്തെ കുറിച്ച് പറയാന്‍ എത്രയോ സന്ദര്‍ഭങ്ങളുണ്ട്. ഇതാ ഇപ്പോള്‍ ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ എന്ന സ്ഥാനത്ത് നിന്നു കൊണ്ട് ദ്രാവിഡ് നടത്തിയിരിക്കുന്ന പ്രഖ്യാപനം ക്രിക്കറ്റിലെ എന്നല്ല എല്ലാ കായികരംഗത്തേയും താരങ്ങളും പരിശാലകരും മനസില്‍ കുറിച്ചിടേണ്ടതും പ്രാവര്‍ത്തികമാക്കാന്‍ പ്രയത്‌നിക്കേണ്ടതുമാണ്.

ലോകകിരീടം നേടിയ ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച സമ്മാനത്തുകയുമായി ബന്ധപ്പെട്ട് ദ്രാവിഡ് നടത്തിയ പ്രസ്താവനയാണ് ശ്രദ്ധിക്കേണ്ടത്. കളിക്കാര്‍ക്കെല്ലാം 30 ലക്ഷം വീതവും മുഖ്യപരിശീലകനായ ദ്രാവിഡിന് 50 ലക്ഷവും കോച്ചിംഗ് സ്റ്റാഫിലെ മറ്റുള്ളവര്‍ക്ക് 20 ലക്ഷം വീതവുമാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്.

എന്നാല്‍ ദ്രാവിഡ് പറയുന്നു, ഈ വിജയം എല്ലാവരുടെയും കൂടെയാണ്, അപ്പോള്‍ പാരിതോഷികം പ്ര്യാഖ്യാപിക്കുമ്പോഴും വിവേചനം പാടില്ല. തനിക്ക് മാത്രം 50 ലക്ഷവും തന്റെ മറ്റു സഹപ്രവര്‍ത്തകര്‍ക്ക് 20 ലക്ഷം വീതവും നല്‍കാനുള്ള തീരുമാനം ഉചിതമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അതുകൊണ്ട് തന്നെ ഈ സമ്മാനപ്രഖ്യാപനത്തില്‍ തനിക്കുള്ള അസന്തുഷ്ടിയും ദ്രാവിഡ് ഒളിച്ചുവച്ചില്ല. എല്ലാവര്‍ക്കും തുല്യ അംഗീകാരം വേണമെന്നാണ് ദ്രാവിഡിന്റെ ആവശ്യമെന്നാണ് അദ്ദേഹവുമായി അടുത്ത ചില കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുഖ്യപരിശീലകനും കോച്ചിംഗ് സ്റ്റാഫിലെ മറ്റുള്ളവര്‍ക്കും ഇടയില്‍ വിവേചനം പാടില്ലെന്നാണ് ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാവരും ചേര്‍ന്നാണ് പ്രയത്‌നിച്ചത്. അപ്പോള്‍ അതിന്റെ ഫലത്തില്‍ എല്ലാവര്‍ക്കും തുല്യപങ്കുണ്ട്; ദ്രാവിഡ് പറയുന്നു.

ദ്രാവിഡിനെ കൂടാതെ ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് അഭയ് ശര്‍മ, ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പാര്‍മര്‍, ട്രെയിനര്‍ അനന്ദ് ദാത്തെ, മസ്യൂര്‍ മങ്കേഷ്, വീഡിയോ അനലിസ്റ്റ് ദേവരാജ് റൗട്ട് എന്നിവരാണ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളത്. ഇവര്‍ക്ക് 20 ലക്ഷം വീതമാണ് പരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

ന്യൂസിലാന്‍ഡില്‍ നിന്നും തിരികെ വന്നശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലും തന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ പ്രകീര്‍ത്തിച്ചാണ് ദ്രാവിഡ് സംസാരിച്ചത്. കളത്തിനു പുറത്തു നിന്നു കളിച്ച ഇവര്‍ക്കുകൂടി അവകാശപ്പെട്ട കിരീടമാണിതെന്നാണ് ദ്രാവിഡ് പറഞ്ഞത്. തനിക്ക് മാത്രം കൂടുതല്‍ ശ്രദ്ധ കിട്ടുന്നതില്‍ അല്‍പ്പം അസ്വസ്ഥത തോന്നുന്നുണ്ടെന്നും ഒരേശ്രദ്ധ എല്ലാവര്‍ക്കും കിട്ടേണ്ടതാണെന്നുമായിരുന്നു ദ്രാവിഡ് അഭിപ്രായപ്പെട്ടത്. എന്റെ കൂടെ നിന്ന എല്ലാവരും നമ്മുടെ കുട്ടികളെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സഹായിച്ചവരാണ്; ദ്രാവിഡ് പറഞ്ഞു.

ഐപിഎല്‍ ടീമിന്റെ പരിശീലക സ്ഥാനം വേണ്ടെന്നു വച്ചാണ് അണ്ടര്‍ 19 ദേശീയ ടീമിന്റെ പരിശീലകനായി ദ്രാവിഡ് ചുമതലയേറ്റത്. ഐപിഎല്ലില്‍ അദ്ദേഹം പരിശീലകനായാല്‍ മൂന്നുവര്‍ഷത്തേക്ക്‌  4 കോടിയായിരുന്നു പ്രതിഫലം. അത്രയും വലിയ തുക വേണ്ടെന്നു വച്ചാണ് രാജ്യത്തിന്റെ ഭാവിതാരങ്ങളെ വാര്‍ത്തെടുക്കുന്ന ചുമതലയേറ്റത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍