UPDATES

ട്രെന്‍ഡിങ്ങ്

ഇംഗ്ലണ്ടിൽ ഇന്ത്യയുടെ തോൽവിക്ക് കാരണം; ആറാം ബൗളറും നാലാം ബാറ്റ്സ്മാനും?

റിഷഭ് പന്ത്, ​അ‌ജിങ്ക്യ രഹാനെ, ശ്രേയസ് അ‌യ്യർ, അ‌മ്പാട്ടി റായുഡു, സഞ്ജു സാംസൺ തുടങ്ങി ഒരുപിടി താരങ്ങൾ -യുവാക്കളും പരിചയസമ്പന്നരും- അ‌വസരം കാത്ത് ടീമി​ന്റെ പടിവാതിൽക്കൽ നിൽക്കുകയാണ്. അ‌ടുത്ത ആറു മാസത്തിനുള്ളിൽ കൂടുതൽ സ്ഥിരതയാർന്ന ഒരു ടീം കോമ്പിനേഷൻ വളർത്തിയെടുക്കാൻ ടീം മാനേജ്മെന്റിന് കടുത്ത തീരുമാനങ്ങൾ തന്നെ വേണ്ടിവന്നേക്കാം.

Avatar

അമീന്‍

ക്യാപ്ടൻ വിരാട് കോഹ്ലിയുടെ കീഴിലെ ഇന്ത്യയുടെ വിജയക്കുതിപ്പിന് ഇംഗ്ലണ്ടിൽ അ‌ന്ത്യം. തുടർച്ചയായ ഒമ്പത് ഏകദിന പരമ്പര വിജയങ്ങൾക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനോട് 2-1ന് അ‌ടിയറവ് പറഞ്ഞു. ടി-ട്വന്റി പരമ്പര സ്വന്തമാക്കിയ ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തിൽ തോറ്റ ശേഷം ഉജ്ജ്വലമായി തിരിച്ചുവന്നാണ് ആതിഥേയർ പരമ്പര സ്വന്തമാക്കിയത്. മുൻമത്സരങ്ങളിൽ തങ്ങൾക്ക് പറ്റിയ തെറ്റുകൾ തിരുത്തിയും ഇന്ത്യയുടെ ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കി അ‌വയെ മറികടന്നും മുതലെടുത്തും ‘ക്ലിനിക്കൽ’ വിജയങ്ങൾ തന്നെയാണ് മോർഗനും സംഘവും സ്വന്തമാക്കിയത്.

ഇന്ത്യയെ സംബന്ധിച്ച് ഒരു പരമ്പര തോൽവിയെന്നത് അ‌ത്ര വലിയ കാര്യമൊന്നുമല്ല. ജയം പോലെ തന്നെ തോൽവിയും അ‌നിവാര്യമാണ്. അ‌വയിൽ നിന്നും പാഠമുൾക്കൊള്ളണമെന്നു മാത്രം. പക്ഷേ, ​വെറുമൊരു തോൽവിയ്ക്കപ്പുറം ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. അ‌ടുത്ത വർഷം നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യ തയ്യാറെടുക്കുന്ന സീസണിന്റെ തുടക്കമാണിത്. ആദ്യ പരമ്പരയിൽ തന്നെ ഇന്ത്യയുടെ ദൗർബല്യങ്ങളാണ് എടുത്തുകാണിക്കപ്പെട്ടത്. 2019 ലോകകപ്പ് നടക്കുന്നത് ഇംഗ്ലീഷ് മണ്ണിലാണെന്നത് ഇംഗ്ലണ്ട് പരമ്പരയുടെ പ്രാധാന്യം  വർധിപ്പിക്കുന്നു.

വിജയങ്ങളിലെ കുൽദീപ് ഫാക്ടർ

കുൽദീപ് യാദവ് എന്ന ‘മിസ്റ്ററി സ്പിന്നറു’ടെ ബലത്തിലായിരുന്നു ടി-ട്വന്റി-ഏകദിന പരമ്പരകളിലെ ഇന്ത്യൻ ജയങ്ങൾ മിക്കവയും. ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ കുൽദീപ് അ‌ഞ്ചു വിക്കറ്റെടുത്ത് കളിയിലെ താരമായി. കുൽദീപ് നിറം മങ്ങിയ (നാലോവറിൽ വിക്കറ്റില്ലാതെ 34 റൺസ്) രണ്ടാം ടി-ട്വന്റിയിൽ തോറ്റു. കുൽദീപ് കളിക്കാതിരുന്ന മൂന്നാം ടി-ട്വന്റിയിൽ ഇംഗ്ലണ്ട് 198 റൺസടിച്ചെങ്കിലും രോഹിതി​ന്റെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ ജയിച്ചു.

കുൽദീപിന്റെ 25 റൺസിന് ആറു വിക്കറ്റെടുത്ത ഉജ്ജ്വല പ്രകടനമാണ് ആദ്യ ഏകദിനത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എന്നാൽ, അ‌ടുത്ത രണ്ട് മത്സരങ്ങളിലും ​ചൈനാമെൻ ബൗളറെ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ ‘​കൈകാര്യം’ ചെയ്തതോടെ ഇന്ത്യയുടെ കാര്യവും പരുങ്ങലിലായി. കുൽദീപ് മൂന്ന് വിക്കറ്റെടുത്തെങ്കിലും പത്തോവറിൽ 68 റൺസ് വിട്ടുകൊടുത്ത രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് 322 റൺസാണ് അ‌ടിച്ചുകൂട്ടിയത്. വിക്കറ്റില്ലാതെ 55 റൺസ് വിട്ടുകൊടുത്ത അ‌വസാന ഏകദിനത്തിൽ അ‌വർ 44.3 ഓവറിൽ വിജയമാഘോഷിക്കുകയും ചെയ്തു. 4.93 എക്കണോമിയിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തി പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ കുൽദീപ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു.

കുൽദീപ് യാദവിനെ അ‌മിതമായി ആശ്രയിച്ചതാണ് ഇന്ത്യയുടെ പരാജയത്തിലെ പ്രധാന ഘടകങ്ങളിലൊന്ന്. കുൽദീപിനെ ഇംഗ്ലണ്ടുകാർ, പ്രത്യേകിച്ച് റൂട്ടും മോർഗനും നിയന്ത്രിക്കാൻ പഠിച്ചതോടെ ഇന്ത്യൻ ബൗളിങ് അ‌തിന്റെ ദൗർബല്യം വെളിവാക്കി. പരിക്കി​ന്റെ പിടിയിലായ ജസ്പ്രീത് ബുംറ ഒരു മത്സരത്തിൽ പോലും കളിച്ചില്ലെന്നതും ഭുവനേശ്വർ കുമാർ അ‌വസാന ഏകദിനത്തിൽ മാത്രമാണ് ഇറങ്ങിയതെന്നതും ചൂണ്ടിക്കാണിക്കാമെങ്കിലും അ‌നുയോജ്യരായ പകരക്കാരില്ലെന്നത് എതിർ ടീമിന്റെ പരിഗണനാ വിഷയമല്ലെന്ന് കൂടി ഓർക്കുന്നത് നന്നായിരിക്കും.

ആറാം ബൗളറെന്ന തലവേദന

ബുംറയുടെയും ഭുവനേശ്വറിന്റെയും ഉമേഷ് യാദവും സിദ്ധാർത്ഥ് കൗളുമായിരുന്നു ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യൻ പേസ് ബൗളിങിനെ നയിച്ചത്. ഉമേഷ് മൂന്നു വിക്കറ്റെടുത്തപ്പോൾ 18 ഓവർ എറിഞ്ഞ കൗൾ ഒരു വിക്കറ്റ് പോലും നേടാനാകാതെയാണ് കന്നി പരമ്പര അ‌വസാനിപ്പിച്ചത്. രണ്ടു പേരും ഓവറിൽ 6.7 റൺസ് വീതം വിട്ടുകൊടുക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങളിലും കളിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാകട്ടെ 6.93 എക്കണോമിയിൽ നേടിയത് ഒരൊറ്റ വിക്കറ്റ്. അ‌വസാന മത്സരത്തിലിറങ്ങിയ ഷാർദുൽ താക്കൂർ ഒരു വിക്കറ്റെടുത്തപ്പോൾ പരിക്കിന്റെ നിഴലിലുള്ള ഭുവനേശ്വറിന് വിക്കറ്റ് നേടാനായില്ല. രണ്ടു വിക്കറ്റേ നേടാനായുള്ളൂവെങ്കിലും 30 ഓവറിൽ 4.50 റൺസ് മാത്രം വിട്ടുകൊടുത്ത സ്പിന്നർ യുസ്വേന്ദ്ര ചാഹലാണ് കുൽദീപിനെ കൂടാതെ ഇന്ത്യൻ നിരയിൽ ആശ്വാസം നൽകുന്ന ബൗളർ.

രണ്ട് പേസർമാരും രണ്ട് സ്പിന്നർമാരും ഒരു ഓൾ റൗണ്ടറും ഉൾപ്പെ​ടുന്ന ഇന്ത്യയുടെ ടീം കോമ്പിനേഷനിലെ ബൗളിങ് നിരയിൽ ഇവരെ കൂടാതെ ബൗൾ ചെയ്തത് സുരേഷ് റെയ്ന മാത്രമാണ്. അ‌തും മൂന്ന് മത്സരങ്ങളിലായി വെറും ഏഴോവർ. ഈ ഓവറുകളിൽ നിന്ന് 42 റൺസ് വിട്ടുകൊടുക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ റെയ്നയ്ക്കായില്ല. ഒരു ഓൾ റൗണ്ടർ ഉൾപ്പെടെയുള്ള അ‌ഞ്ചു ബൗളർമാരെ വെച്ചുമാത്രം 50 ഓവർ ചെയ്യുകയെന്നത് ഏതൊരു ക്യാപ്ടനും ​വെല്ലുവിളിയാണ്. ഒരു ബൗളറെങ്കിലും അ‌സാമാന്യ പ്രകടനം കാഴ്ചവെക്കുകയോ ഭൂരിഭാഗം പേരും ശരാശരിക്ക് മുകളിലുള്ള പ്രകടനം കാഴ്ചവെക്കുകയോ ചെയ്താലേ ഈ അ‌വസ്ഥയിൽ പിടിച്ചുനിൽക്കാനാകൂ. മറ്റ് ഓപ്ഷനുകൾ ഇല്ലാത്തതിനാൽ ഒന്നോ രണ്ടോ പേരെ മാത്രം ടാർജറ്റു ചെയ്തു പോലും എതിർടീമിന് റൺറേറ്റ് ഉയർത്താനാകും. ഈ അ‌വസ്ഥയിൽ ക്യാപ്ടൻ നിരായുധനായിപ്പോകുന്നു.

ടീം കോമ്പിനേഷനിൽ മാറ്റം വരുത്തുക എന്നതാണ് ഈ സാഹചര്യം മറികടക്കാൻ ചെയ്യാവുന്ന ഒരു കാര്യം. ഒരു ബാറ്റ്സ്മാന് പകരം ഒരു ഓൾ റൗണ്ടറെ കൂടി ടീമിലെത്തിക്കാം. പേസ് ഓൾ റൗണ്ടറുള്ളപ്പോൾ സ്പിന്നറായ രവീന്ദ്ര ജഡേജ മികച്ച ഓപ്ഷനാണ്. പരിചയസമ്പന്നനായ ജഡേജ ലോവർ മിഡിൽ ഓർഡറിൽ ടീമിന് മുതൽക്കൂട്ടാകും. ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ ലിസ്റ്റില രണ്ടാം റാങ്കിലുള്ള ആളാണ് ജഡേജ. നാലാം റാങ്കിലുള്ള രവി അ‌ശ്വിനും ഐപിഎല്ലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ഡ്യ തുടങ്ങിയവരുമുണ്ട്.

England v India 3rd ODI – Highlights

ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരെ പാർട്ട് ​ടൈം ബൗളർമാരായി ഉപയോഗിക്കുകയോ അ‌തിനു പറ്റുന്നവരെ ടീമിലെത്തിക്കുകയോ ചെയ്യുക എന്നതാണ് പ്രായോഗികമായ മറ്റൊരു കാര്യം. മുമ്പും ഈ ടീം കോമ്പിനേഷനിൽ കളിക്കു​മ്പോൾ ഇന്ത്യക്കുള്ള മെച്ചം അ‌തായിരുന്നു. സച്ചിനും ഗാംഗുലിയും മുതൽ സെവാഗും യുവരാജും വരെയുള്ളവർ ഇത് ശരിവെക്കുന്നു. നാലു ബൗളർമാരെ മാത്രം വെച്ച് മൂന്ന് പാർട്ട് ​ടൈം ബൗളർമാരെ ഉപയോഗിച്ച് 10-25 ഓവർ ചെയ്യിക്കുന്ന രീതി വരെ ഇന്ത്യ പരീഷിച്ചിട്ടുണ്ട്. ഇടക്കാലത്ത് കേദാർ ജാദവിനെ പാർട്ട് ​ടൈം ബൗളറാക്കിയ കോഹ്‌ലിയുടെ പരീക്ഷണവും വിജയിച്ചിരുന്നു.

എന്നാൽ, നിലവിൽ ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരൊന്നും പന്ത് ‘​കൈ കൊണ്ട് തൊടുന്നില്ല’. ഓപ്പണർമാരായ രോഹിത് ശർമ, ശിഖർ ധവാൻ, മൂന്നാമനായ ക്യാപ്ടൻ കോഹ്ലി, ആദ്യ രണ്ടു മത്സരങ്ങളിലും നാലാമതിറങ്ങിയ ലോകേഷ് രാഹുൽ, അ‌വസാന ഏകദിനത്തിൽ നാലാമനായ ദിനേശ് കാർത്തിക്ക് എന്നി​വരൊന്നും ബൗൾ ചെയ്തിട്ടില്ല. ഇതിൽ ലോകേഷ് രാഹുലും ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പർമാർ കൂടിയാണ്. എന്നാൽ, ടീമിന്റെ ആവശ്യത്തിനനുസരിച്ച് സ്വയം പരിഷ്കരിക്കുക എന്നതാണ് ടീമിലെ സ്ഥാനമുറപ്പിക്കാനുതകുന്ന ഏറ്റവും നല്ല കാര്യം. നിരവധി പ്രതിഭാസമ്പന്നർ പുറത്തുനിൽക്കുകയും നാലാം നമ്പറിൽ ടീം പരീക്ഷണം തുടരുകയും ചെയ്യുന്ന കാര്യത്തിൽ പ്രത്യേകിച്ചും.

നാലാം നമ്പറിൽ തുടരുന്ന പരീക്ഷണം

നാലാം നമ്പറിൽ ഒരു സ്ഥിരം ബാറ്റ്സ്മാനെ കണ്ടത്താനുള്ള ഇന്ത്യയുടെ ശ്രമം ഇംഗ്ലണ്ട് പരമ്പരയിലും ഫലപ്രാപ്തിയിലെത്തിയില്ല. രണ്ടു മത്സരങ്ങളിൽ നാലാം സ്ഥാനത്തിറങ്ങിയ ലോകേഷ് രാഹുൽ ആദ്യ മത്സരത്തിൽ ഒമ്പത് റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ രണ്ടാം ഏകദിനത്തിൽ പൂജ്യനായി മടങ്ങി. അ‌വസാന ഏകദിനത്തിൽ രാഹുലിന് പകരമെത്തിയ കാർത്തിക് എടുത്തത് 22 പന്തിൽ 21 റൺസും. കരിയറിലെ മികച്ച ഫോമിലുള്ള കാർത്തിക്കിനെ ഇനിയും നാലാം നമ്പറിൽ പരീക്ഷിക്കാവുന്നതാണ്. ഒരു മത്സരത്തിലെ പരാജയം കൊണ്ട് ലോകേഷിനെയും തഴയാനാവില്ല.

ധോനി മുതൽ കാർത്തിക് വരെയുള്ളവരെ നാലാം സ്ഥാനത്ത് പരീക്ഷിച്ച സാഹചര്യത്തിൽ ​ക്യാപ്ടൻ കോഹ്ലി തന്നെ നാലാമനായിറങ്ങുന്ന കാര്യവും പരിഗണിക്കപ്പെടുന്നുണ്ട്. ടി-ട്വന്റിയിൽ ലോകേഷിനെ മൂന്നാമനാക്കി കോഹ്ലി നാലാമനായ പരീക്ഷണം വിജയിച്ചിരുന്നു. ഏകദിനത്തിലും പരീക്ഷിക്കാവുന്ന രീതിയാണെങ്കിലും മികച്ച ബാറ്റ്സ്മാൻമാർക്ക് കൂടുതൽ പന്തുകൾ കളിക്കാൻ അ‌വസരം നൽകുന്ന മൂന്നാം സ്ഥാനത്തുനിന്ന് ഏകദിനത്തിൽ കോഹ്ലി താഴേക്ക് പോകുന്നതിനെ പൊതുവേ വിദഗ്ധർ അ‌നുകൂലിക്കുന്നില്ല. മാത്രമല്ല, കഴിഞ്ഞ ഏതാനും വർഷങ്ങളായി മൂന്നമനായി കോഹ്ലി ലോകക്രിക്കറ്റിനെ തന്നെ കീഴടക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നതും.

നാലാം നമ്പറിൽ മാത്രമല്ല മധ്യനിരയാകെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പരമ്പരയിൽ കാഴ്ചവെച്ചത്. ധോനി മെല്ലെപ്പോക്കിന്റെ പേരിലാണ് വിമർശിക്കപ്പെട്ടത്. ആറിലേറെ റൺറേറ്റ് വേണ്ട രണ്ടാം ഏകദിനത്തിൽ ധോനി 59 പന്തിലെടുത്തത് 37 റൺസാണ്. മൂന്നാം ഏകദിനത്തിൽ 66 പന്തിൽ 42 റൺസും. കരിയറിൽ 88.13 സ്ട്രൈക്ക് റേറ്റുള്ള ധോനിയും പരമ്പരയിലെ സ്ട്രൈക്ക് റേറ്റ് 63.20 മാത്രം. സുരേഷ് റെയ്നയുടെ ഇംഗ്ലണ്ടിനെതിരായ ടിട്വന്റി-ഏകദിന പരമ്പരകളിലെ പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു. ടിട്വന്റി പരമ്പരയിലെ മൂന്ന് ഇന്നിങ്സുകളിൽ 27 റൺസും ഏകദിന പരമ്പരയിൽ 47 റൺസുമായിരുന്നു റെയ്നയുടെ സംഭാവന.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ മധ്യനിര അ‌വസരത്തിനൊത്തുയർന്നേ മതിയാകൂ. റിഷഭ് പന്ത്, ​അ‌ജിങ്ക്യ രഹാനെ, ശ്രേയസ് അ‌യ്യർ, അ‌മ്പാട്ടി റായുഡു, സഞ്ജു സാംസൺ തുടങ്ങി ഒരുപിടി താരങ്ങൾ -യുവാക്കളും പരിചയസമ്പന്നരും- അ‌വസരം കാത്ത് ടീമി​ന്റെ പടിവാതിൽക്കൽ നിൽക്കുകയാണ്. അ‌ടുത്ത ആറു മാസത്തിനുള്ളിൽ കൂടുതൽ സ്ഥിരതയാർന്ന ഒരു ടീം കോമ്പിനേഷൻ വളർത്തിയെടുക്കാൻ ടീം മാനേജ്മെന്റിന് കടുത്ത തീരുമാനങ്ങൾ തന്നെ വേണ്ടിവന്നേക്കാം.

ഇത് തുടക്കം മാത്രം, ഹിമ ആകാശങ്ങള്‍ കീഴടക്കും: പരിശീലകന്‍ നിപോണ്‍ ദാസ്/ അഭിമുഖം

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍