UPDATES

കായികം

‘ഇത് എന്റെ വിധിയാണ്’ ബിസിസിഐയുടെ വിലക്കില്‍ പ്രതികരണവുമായി പൃഥ്വി ഷാ

ബിസിസിഐയുടെ വിലക്ക് ലഭിച്ചതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി പൃഥ്വി ഷാ എത്തി

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ടെസ്റ്റ് താരം പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്കേര്‍പ്പെടുത്തി. വാഡ (വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തുകയായിരുന്നു. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയ ടെര്‍ബറ്റലൈനിന്റെ അംശമാണ് പൃഥ്വിക്ക് വിനയായത്.

ഈ വര്‍ഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാംപില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. സാംപിള്‍ പരിശോധനയ്ക്ക് അയച്ചത് മുതല്‍ ഈ വര്‍ഷം നവംബര്‍ 15 വരെയാണ് താരത്തിന് വിലേക്കേര്‍പ്പെടുത്തിയത്. ഇക്കാലയളവില്‍ പൃഥ്വി ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം.

ബിസിസിഐയുടെ വിലക്ക് ലഭിച്ചതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി പൃഥ്വി ഷാ എത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കത്തിലാണ് താരം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്. നിരോധിത ഘടകം ഉള്‍പ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു. ” ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞാന്‍. വീണ്ടും കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് മരുന്ന് കഴിക്കാനുള്ള പ്രോട്ടോകോള്‍ പാലിക്കാന്‍ എനിക്കായില്ല. എന്റെ വിധി ഞാന്‍ ആത്മാര്‍ഥതയോടെ സ്വീകരിക്കുന്നു”, ഷാ പറഞ്ഞു. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

വിലക്ക് ലഭിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരകളും താരത്തിന് നഷ്ടമാകാന്‍ സാധ്യതയുണ്ട്. അതേസമയം ഷായുടെ വിശദീകരണം തൃപ്തികരമാണെന്നും പ്രകടനം മെച്ചപ്പെടുത്താനായിട്ടല്ല ടെര്‍ബുട്ടാലൈന്‍ ഉപയോഗിച്ചതെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു. 2018-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു പൃഥ്വി ഷാ. 2018 ഒക്ടോബറിലാണ് താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഷാ റെക്കോഡ് ബുക്കിലും ഇടംപിടിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍