UPDATES

കായികം

എല്ലാവരും പൂജാരെ അല്ല; ഓസീസ് ബാറ്റ്‌സ്മാന്‍മാരെ കളിയാക്കി ഋഷഭ് പന്ത്

ഓസീസ് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ക്വാജ പുറത്തായപ്പോഴായിരുന്നു പന്തിന്റെ പരിഹാസം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സാക്ഷാല്‍ എം എസ് ധോണിയുടെ പിന്‍ഗാമിയായി ഉയര്‍ത്തപ്പെട്ടു കഴിഞ്ഞ താരമാണ് ഋഷഭ് പന്ത്. ബാറ്റിംഗിലും കീപ്പിംഗിലും ധോണിയോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും ഈ യുവതാരം തന്റെ കഴിവ് ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ധോണിയും പന്തും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നു വ്യക്തമായിരിക്കുന്നത് ഇന്ത്യ-ഓസട്രേലിയ ആദ്യ ടെസ്റ്റിനിടയിലാണ്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിക്കറ്റിനു പിന്നിലെ പന്തിന്റെ രീതി ധോണിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. മിസ്റ്റര്‍ കൂള്‍ ആണ് ധോണി. അത് വിക്കറ്റിനു മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും. എതിരാളികളെ പ്രകോപിക്കാനോ കളിയാക്കാനോ നില്‍ക്കാറില്ല. ധോണി ശാന്തത കൈവിടുന്നത് വളരെ അപൂര്‍വം. എന്നാല്‍ പന്ത് അങ്ങനെയാണോ! അല്ലെന്നാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗിനിടയിലെ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സ്ലെഡ്ജിംഗില്‍ ആശാന്മാരായ ഓസീസ് താരങ്ങളെ തിരിച്ചങ്ങോട്ട് പരിഹസിക്കാന്‍ ഒരു മടിയും തനിക്കില്ലെന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വ്യക്തമാക്കിക്കൊണ്ടേയിരുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഓസീസ് താരം ഉസ്മാന്‍ ക്വാജയ്‌ക്കെതിരേയുള്ളതായിരുന്നു.

ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. കൃത്യമായ ഇടവേളകളില്‍ ഓസീസ് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിക്കൊണ്ടിരുന്നു. ഇതില്‍ ഉസ്മാന്‍ ക്വാജയുടെ വിക്കറ്റ് വീണപ്പോള്‍ സ്റ്റംബിനു പിറകില്‍ നിന്നുള്ള പന്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ‘ഇവിടെ എല്ലാവരും പൂജാരെ അല്ല…’ ക്വാജയെ പരിഹസിച്ചുകൊണ്ടുള്ള പന്തിന്റെ വാക്കുകള്‍ സ്റ്റംബ് മൈക്ക് പിടിച്ചെടുത്തതോടെയാണ് ലോകം കേട്ടത്.

ഒന്നാം ഇന്നിംഗ്‌സില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കിടയില്‍ ഓസീസ് ബൗളിംഗിനെ നേരിട്ട് സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരെയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് 250 ല്‍ എത്തിച്ചത്. 123 റണ്‍സ് നേടി വളരെ മികച്ചൊരു ഇന്നിംഗ്‌സ് ആയിരുന്നു പൂജാരെ കളിച്ചത്. പൂജാരെ നടത്തിയപോലെ ഒരു പ്രകടനം നടത്താന്‍ ഓസീസ് നിരയില്‍ ആരുമില്ലെന്നായിരുന്നു പന്തിന്റെ വാക്കുകളിലെ പരിഹാസം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 250 നെതിരേ ബാറ്റ് ചെയ്യുന്ന ഓസീസിന് 191 റണ്‍സ് എടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍