UPDATES

ട്രെന്‍ഡിങ്ങ്

ദൈവം ടെന്നീസ് കളിക്കുന്നു; റോജര്‍ ഫെഡററിലൂടെ…

മിയാമി ഓപ്പണില്‍ ജയിച്ച് തന്റെ 91-ാം എടിപി കിരീടത്തില്‍ മുത്തമിടുമ്പോള്‍, ഈ മുപ്പത്തിയഞ്ചുകാരന്‍ തോല്‍പിച്ചത് റാഫേല്‍ നദാലിനെ മാത്രമായിരുന്നില്ല, പ്രായത്തെയും പരിക്കിനെയും കൂടിയായിരുന്നു

ദൈവം ടെന്നീസ് കളിക്കുന്നു എന്നാണ് റോജര്‍ ഫെഡററുടെ കളിയെ കുറിച്ച് ആരാധകര്‍ പൊതുവില്‍ വിശേഷിപ്പിക്കാറുള്ളത്. ഒരിക്കലും ക്ഷോഭിക്കാത്ത, തോല്‍വിയെയും അന്യദൃശ്യമായ വിജയങ്ങളെയും പുഞ്ചിരിയോടെ നേരിടാന്‍ ശീലിച്ച, ഈ ആറടി ഒരിഞ്ച് ഉയരക്കാരന്‍ കാലത്തെയും മറികടന്ന് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നലെ രാത്രി മിയാമി ഓപ്പണില്‍ ജയിച്ച് തന്റെ 91-ാം എടിപി കിരീടത്തില്‍ മുത്തമിടുമ്പോള്‍, ഈ മുപ്പത്തിയഞ്ചുകാരന്‍ തോല്‍പിച്ചത് റാഫേല്‍ നദാലിനെ മാത്രമായിരുന്നില്ല, പ്രായത്തെയും പരിക്കിനെയും കൂടിയായിരുന്നു.

ടെന്നീസ് കോര്‍ട്ടുകളില്‍ അലൗകീക ലാസ്യത്തോടെ കളിക്കളത്തില്‍ ഒഴുകി നടക്കുന്ന ഈ സ്വിറ്റ്സര്‍ലന്റുകാരന്റെ കേളീ ശൈലി വിലയിരുത്തുക അത്ര എളുപ്പമല്ല. കഴിഞ്ഞ കാലത്തെ മികച്ച കളിക്കാരില്‍ ഒരാളായ ജിമ്മി കോണേഴ്‌സിന്റെ വാക്കുകള്‍ കടമെടുക്കുകയാവും എളുപ്പം. ‘വിദഗ്ധരുടെ ഇക്കാലത്ത്, നിങ്ങള്‍ക്ക് ഒരു കളിമണ്‍ കോര്‍ട്ട് വിദഗ്ധനാവാം, ഒരു ഗ്രാസ് കോര്‍ട്ട് വിദഗ്ധനാവാം അല്ലെങ്കില്‍ ഒരു ഹാര്‍ഡ് കോര്‍ട്ട് വിദഗ്ധനാവും….അല്ലെങ്കില്‍ നിങ്ങള്‍ റോജര്‍ ഫെഡറര്‍ ആവണം.’ വേഗത, കളിയിലെ ഒഴുക്ക്, അപ്രതീക്ഷിതമായി പായിക്കപ്പെടുന്ന ഷോട്ടുകള്‍ എന്നിവ കൊണ്ട് സഹകളിക്കാരെ അമ്പരപ്പിക്കാന്‍ റോജറിന് എളുപ്പം സാധിക്കുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ടതോ പരിശീലനത്തിലൂടെ വികസിപ്പിക്കപ്പെട്ടതോ ആയ ഒരു ശൈലിയല്ല ഫെഡററിന്റേത്. മറിച്ച്, അത് നൈസര്‍ഗികമായി വരുന്നതാണ്. അതുകൊണ്ട് തന്നെ തടസമില്ലാതെ, പുസ്തകത്തില്‍ എഴുതിയ വ്യാകരണങ്ങളുടെ സഹായമില്ലാതെ കാണികളുടെ മനസിലേക്ക് ഒഴുകി ഇറങ്ങുന്നു.

മണിക്കൂറില്‍ ശരാശരി 78.11 മൈല്‍ വേഗതയില്‍ എതിരാളിയുടെ കോര്‍ട്ടിലേക്ക് ചീറിപ്പായുന്ന ഫോര്‍ഹാന്റുകളാണ് അദ്ദേഹത്തിന്റെ വജ്രായുധം എന്ന് വിലയിരുത്തുന്നവരുണ്ട്. ടെന്നീസിലെ ഏറ്റവും ശക്തമായ ഷോട്ട് ഫെഡററുടെ ഫോര്‍ഹാന്റാണെന്ന് ഡേവിഡ് ഫോസ്റ്റര്‍ വലാസും സാക്ഷാല്‍ ജോണ്‍ മക്കന്റോയും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഒറ്റ കൈകൊണ്ട് കളിക്കുന്ന ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലാണ് ആ ശൈലിയുടെ സൗന്ദര്യവും ആകസ്മികതയും കുടികൊള്ളുന്നത്. എന്നാല്‍ ബാക്ക്ഹാന്‍ഡ് ഷോട്ടുകളില്‍ പോലും സൗന്ദര്യത്തോടൊപ്പം പവര്‍ ടെന്നീസിന്റെ ശക്തി ആവാഹിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. മണിക്കൂറില്‍ ശരാശരി 60.09 മൈല്‍ വേഗതയുള്ള ആ ഷോട്ട് പക്ഷെ കോര്‍ട്ടിന് പുറത്ത് നിന്ന് കാണുന്നവരെ സംബന്ധിച്ചിടത്തോളം വളരെ സൗമ്യമായി നീങ്ങുന്ന ഒന്നാണ് എന്ന് തോന്നും. ഒരു പക്ഷെ, പവര്‍ ടെന്നീസിനെ കളിയുടെ സൗന്ദര്യവുമായി കൂട്ടിയിണക്കിയ വിജയപീഡങ്ങളിലേറ്റിയതിന്റെ പേരിലാവും ഭാവിയില്‍ ഫെഡറര്‍ എന്ന പ്രതിഭ ഓര്‍ക്കപ്പെടുക.

എതിരാളികളുടെ ക്ഷമയാണ് ഫെഡററുടെ വിജയം എന്ന് പറയാം. പൊതുവില്‍ ബേസ് ലൈന്‍ കേന്ദ്രീകരിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് അദ്ദേഹം. പക്ഷെ, വേഗതയെ അപ്രസക്തമാക്കുന്ന കളിമണ്‍ കോര്‍ട്ടുകളുടെ രാജവേദിയായ ഫ്രഞ്ച് ഓപ്പണില്‍ ഒരു തവണയെ ജയിക്കാനായുള്ള എന്നത് ബേസ് ലൈനില്‍ കേന്ദ്രീകരിക്കുന്ന ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം വിരോധാഭാസമായി തോന്നാം. എന്നാല്‍ ഇന്ന് നിലവിലുള്ള കളിക്കാരില്‍ ഏറ്റവും ശക്തമായി വോളി പായിക്കുന്ന കളിക്കാരനും ഫെഡററാണ് എന്ന് തിരിച്ചറിയുമ്പോഴാണ് കോണേഴ്‌സിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നത്. ഒരു സമ്പൂര്‍ണ കളിക്കാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഓപ്പണ്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ കളിക്കാരനാണ് റോജര്‍ ഫെഡറര്‍ എന്ന് ടെന്നീസ് ലോകം ഒന്നടങ്കം വാഴ്ത്തുന്നു. അദ്ദേഹം അത് വിനയത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.

കളിക്കാരന്‍ എന്നതിനപ്പുറം ഒരു വലിയ മനുഷ്യന്‍ കൂടിയാണ് റോജര്‍ ഫെഡറര്‍ എന്ന് 2003ല്‍ അദ്ദേഹം സ്ഥാപിച്ച റോജര്‍ ഫെഡറര്‍ ഫൗണ്ടേഷന്‍ തെളിയിക്കുന്നു. റെക്കോഡുകള്‍ക്ക് പിന്നാലെ പായുമ്പോഴും ആഫ്രിക്കയിലെയും സ്വിറ്റ്‌സര്‍ലണ്ടിലെയും ദരിദ്രരായ കുട്ടികളുടെ ഉന്നമനം ലാക്കാക്കിയാണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. സ്വിസ് വംശജനായ പിതാവിന്റെയും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുള്ള അമ്മയുടെ കുടുംബത്തിന്റെയും ഓര്‍മ്മയ്ക്കാവാം അങ്ങനെ ഒരു തിരഞ്ഞെടുപ്പ്. 2003ല്‍ ആദ്യ ഗ്രാന്‍സ്ലാം കിരീടമായ വിംബിള്‍ഡണ്‍ നേടിയ ശേഷമായിരുന്നു അക്കാദമി സ്ഥാപിച്ചത്. താന്‍ അനുഭവിച്ച ഭാഗ്യങ്ങളില്‍ കുറച്ചെങ്കിലും ദരിദ്രരായ ഈ കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ പറ്റണമെന്ന ചിന്തയാണ് ഇതിന് പിന്നിലെന്ന് ഫെഡറര്‍ തന്നെ വെളിപ്പിടുത്തിയിട്ടുണ്ട്. ഒരു ഒളിമ്പിക് സ്വര്‍ണം എന്നതൊഴിച്ചുള്ള നേട്ടങ്ങളെല്ലാം സ്വന്തമാകുമ്പോഴും ഇപ്പോഴും ഫൗണ്ടേഷനു വേണ്ടി ധനസമാഹരണാര്‍ത്ഥം ടെന്നീസ് കളിക്കാന്‍ ഈ 35 കാരന്‍ തയ്യാറാവുന്നു. ഈ മാസം ആന്‍ഡെ മുറെയുമായി അങ്ങനെയൊരു പ്രദര്‍ശന മത്സരം നടക്കും.

മിയാമി ഓപ്പണിന് ശേഷം ഫ്രഞ്ച് ഓപ്പണിന് മുമ്പുള്ള തയ്യാറെടുപ്പ് ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന റോജര്‍ ഫെഡററുടെ പ്രസ്ഥാവന ടെന്നീസ് പ്രേമികള്‍ക്ക് ചെറുതല്ലാത്ത നിരാശ സമ്മാനിച്ചിട്ടുണ്ട്. എങ്കിലും നമുക്ക് കാത്തിരിക്കാം. ഫ്രഞ്ച് ഓപ്പണില്‍ ആ തെളിമയുള്ള ചിരി വിരിയുന്നതിനായി. നിങ്ങള്‍ക്ക് റോജര്‍ ഫെഡററെ ഇഷ്ടപ്പെടാതിരിക്കാം, അദ്ദേഹത്തിന്റെ കേളി ശൈലിയെ വിമര്‍ശിക്കാം പക്ഷെ ആ ചിരി മറക്കാനാവില്ല.

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍