UPDATES

ഫെഡറര്‍… ഫെഡറര്‍… ഫെഡറര്‍; എട്ടാം തവണയും വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍

വിമ്പിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

റോജര്‍ ഫെഡറര്‍ എന്തുകൊണ്ട് ടെന്നീസിലെ ഇതിഹാസ താരമാണ് എന്നതിന് ഇനിയും തെളിവുകള്‍ ആവശ്യമില്ല. 35-ാം വയസില്‍ എട്ടാം തവണയും വിമ്പിള്‍ഡണില്‍ മുത്തമിട്ടുകൊണ്ട് ഫെഡറര്‍ താന്‍ പകരം വയ്ക്കാനില്ലാത്ത ജേതാവാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ക്രൊയേഷ്യയുടെ മരിന്‍ സിലിക്കിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചു കൊണ്ടാണ് ഫെഡറര്‍ തന്റെ 19-ാമത് ഗ്രാന്‍ഡ്സ്ലാം നേടിയത്. സ്‌കോര്‍- 6-3, 6-1, 6-4.

ടൂര്‍ണമെന്റിലുടനീളം ഒറ്റ സെറ്റ് പോലും നഷ്ടമാകാതെയാണ് ഫെഡറര്‍ വിമ്പിള്‍ഡണ്‍ നേടിയത് എന്ന പ്രത്യേകതയുമുണ്ട്. വിമ്പിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ഫെഡറര്‍. 1976-ല്‍ ആര്‍തര്‍ ആഷെ വിമ്പിള്‍ഡണ്‍ നേടുമ്പോള്‍ 32 വയസായിരുന്നു അദ്ദേഹത്തിനു പ്രായം. അതാണ് തന്റെ 35-ാം വയസില്‍ അസാമാന്യ തിരിച്ചുവരവ് നടത്തി ഫെഡറര്‍ മറികടന്നിരിക്കുന്നത്. 2012-നു ശേഷം ഫെഡറര്‍ ആദ്യമായാണ് വിമ്പിള്‍ഡണ്‍ നേടുന്നത്.

ഏറെ വികാര വിക്ഷോഭങ്ങള്‍ കണ്ട ഒന്നുകൂടിയായിരുന്നു ഇത്തവണത്തെ ഫൈനല്‍. കിരീട പ്രതീക്ഷ കല്‍പ്പിക്കപ്പെട്ടിരുന്ന ആന്‍ഡി മറെ, നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരൊക്കെ പാതിവഴിയില്‍ കാലിടറി വീണപ്പോള്‍ ഫെഡറര്‍ ഒറ്റ സെറ്റ് പോലും എതിരാളികള്‍ക്ക് വിട്ടുകൊടുക്കാതെ അജയ്യനായി മുന്നേറുകയായിരുന്നു. അതിന്റെ ഫലം സിലിക്കിലും പ്രതിഫലിച്ചു. രണ്ടാം സെറ്റില്‍ 3-0-ത്തിന് പിന്നിലായതോടെ ക്രൊയേഷ്യന്‍ താരത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. 2014-ലെ യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയായ ഈ ഏഴാം സീഡുകാരന് വിമ്പിള്‍ഡണ്‍ കൈവിട്ടു പോകുന്നുവെന്ന് മനസിലായപ്പോള്‍ കണ്ണീരടക്കാനായില്ല.

കിരീട നേട്ടത്തോടടുത്തപ്പോള്‍ വിശ്രമ സമയത്ത് വിതുമ്പുന്ന ഫെഡററും ഈ ടൂര്‍ണമെന്റിന്റെ കാഴ്ചയായി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍