UPDATES

കായികം

ഇരട്ട കിരീടത്തിനായി റയല്‍; ആശങ്കപ്പെട്ട് ബാഴ്‌സ

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്‌

സ്പാനീഷ് ലീഗില്‍ അഞ്ച് വര്‍ഷത്തിന് ശേഷം റയല്‍ മഡ്രിഡ് വിജയ വഴിയില്‍. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലാഗയെ തോല്പിച്ചാണ് റയല്‍ കീരീടമണിഞ്ഞത്. ഇന്നലെ മലാഗയുമായി നടന്ന മത്സരത്തില്‍ റയലിന് ഒരു പോയിന്റ് മതിയായിരുന്നു ലീഗ് കിരീടം നേടാന്‍. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ക്രിസ്റ്റ്യാനോ റയലിന്റെ ആക്രമണ നയം വ്യക്തമാക്കി. രണ്ടാം പകുതിയിലെ ഫ്രഞ്ച് താരം കരീം ബെന്‍സെമയുടെ ഗോള്‍ കൂടെ ആയതോടെ, ബാഴ്‌സലോണയില്‍ നിന്നും ലീഗ് കിരീടം മാഡ്രിഡിലേക്ക്.

അവസാന മത്സരം വരെ ആവേശം കാത്ത് സൂക്ഷിച്ച ലാ ലീഗയില്‍, ചിരവൈരികളായ ബാഴ്‌സലോണയെ 3 പോയിന്റുകള്‍ക്ക് പിന്തള്ളിയാണ് റയല്‍ തങ്ങളുടെ 33-ാം സ്പാനീഷ് ലീഗ് കീരിടം മഡ്രിഡിലെ ട്രോഫീ റൂമില്‍ എത്തിച്ചത്. അതേ സമയം ഇന്നലെ നടന്ന ബാഴ്‌സലോണ- ഐബര്‍ പോരാട്ടത്തില്‍ കഷ്ടിച്ച് ജയിച്ചെങ്കിലും, റയിലിന്റെ വിജയക്കുതിപ്പ് തടയാന്‍ മെസ്സിക്കും സംഘത്തിനും കഴിഞ്ഞില്ല. എല്‍-ക്ലാസ്സിക്കോയില്‍ ബാഴ്‌സലോണയില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്നുള്ള മോചനം കൂടിയാണ് റയല്‍ മാഡ്രിഡിന് ഈ കീരിടം.


ഇതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെന്നായിരുന്നു, റയല്‍ കോച്ച് സിനദിന്‍ സിദാന്റെ പ്രതികരണം. കീരീട വിജത്തിന്റെ തേര് തെളിച്ച ക്രിസ്റ്റ്യാനോയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാനും സിദാന്‍ മറന്നില്ല. ‘കളി മാറ്റി മറയ്ക്കാന്‍ എപ്പോഴും ക്രിസ്റ്റ്യാനോ ഉണ്ടായിരുന്നു’ എന്നാണ് സിദാന്‍ പറഞ്ഞത്. 2016-ല്‍ സൂപ്പര്‍ താരം സിദാന്‍ പരീശിലകനായ ശേഷം റയല്‍ നേടുന്ന നാലാമത്തെ കീരീടമാണിത്.

സീസണില്‍ ഉടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന റയല്‍. എല്ലാ ലാ ലീഗ മത്സരങ്ങളിലും ഗോള്‍, 58 എവേ ഗോളുകള്‍, എന്നീ റെക്കോഡുകളും സ്വന്തമാക്കി. എവേ മത്സരങ്ങളിലെ ഉജ്ജ്വല ഫോമാണ് ഇത്തവണ റയിലിന്റെ വിജയത്തിന് അടിത്തറ പാകിയത്. സ്വന്തം ഗ്രൗണ്ടായ സാന്റിയാഗോ ബര്‍ണബ്യൂലേക്കാള്‍ വിജയങ്ങള്‍ ഇത്തവണ എവേ മത്സരങ്ങളില്‍ റയലിനുണ്ട്. ഇതും റെക്കോഡ് നേട്ടമാണ്. കൃത്യ സമയത്ത് ഫോമിലേക്ക് ഉയര്‍ന്നതും റയിലിന് തുണയായി. അവസാനത്തെ ആറ് ലീഗ് മത്സരങ്ങളും ജയിച്ച്, ആധികാരികമായി തന്നെയാണ് ഈ കീരിട നേട്ടം. എല്‍ ക്ലാസിക്കോയില്‍ സ്വന്തം മൈതാനത്ത് തോറ്റിട്ടും, ലീഗില്‍ റയല്‍ ഒരിക്കലും പ്രതിരോധത്തിലായില്ല. അതേ സമയം പല എവേ മത്സരങ്ങളിലും ഫോമിലേക്കുയരാന്‍ സാധിക്കാഞ്ഞത് ബാഴ്‌സക്ക് വിനയായി. എവേ മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമാണ് ബാഴ്‌സക്ക് നേരിടേണ്ടി വന്നത്, റയലാവട്ടെ രണ്ട് തോല്‍വിയും രണ്ട് സമനിലയും മാത്രമാണ് വഴങ്ങിയത്.

കീരീടം നഷ്ടപ്പെട്ടെങ്കിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള ‘പിച്ചിച്ചി’ അവാര്‍ഡ് ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കി. 37 ലീഗ് ഗോളുകളാണ് മെസ്സി ഈ സീസണില്‍ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള ലീഗ് ഗോളുകള്‍ ആവട്ടെ, 25 എണ്ണമാണ്. മെസ്സിയേക്കാള്‍ 12 എണ്ണം കുറവ്. ഗോളുകളുടെ എണ്ണം കുറവാണെങ്കിലും, റയലിന്റെ എല്ലാ വിജയങ്ങളിലും ക്രിസ്റ്റ്യാനോ സ്പര്‍ശം ഉണ്ടായിരുന്നു. ‘ഇത് റയലിന് വേണ്ടിയുള്ള എന്റെ ഏറ്റവും മികച്ച സീസണ്‍’ ആണെന്നാണ് താരം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കാനും താരം മടിച്ചില്ല. താന്‍ ടിവി കാണാറില്ലെന്നും, ടിവി കണ്ടാല്‍ കരിയര്‍ അവസാനിപ്പിക്കേണ്ടതായി വരുമെന്നും താരം പറഞ്ഞു.


ഈ സീസണില്‍ ബാഴ്‌സലോണയുടെ ഏക കീരീടം കഴിഞ്ഞ ആഗസ്റ്റില്‍ ലഭിച്ച സ്പാനിഷ് സൂപ്പര്‍ കപ്പാണ്. ചാമ്പ്യന്‍സ് ലീഗ്ഗില്‍ നിന്ന് നേരത്തെ പുറത്തായ ടീമിന് ഇനി പ്രതീക്ഷ വയ്ക്കാവുന്നത് കിങ്ങ്‌സ് കപ്പ് മാത്രമാണ്. ഈ സീസണോടെ ക്ലബ്ബ് വിടുന്ന പരിശീലകന്‍ ലൂയിസ് എന്റിക്വെക്ക് കിങ്ങ്‌സ് കപ്പ് വിജയത്തോടെ തൃപ്തിയടയേണ്ടി വരും. മെയ് 28-ന് ആണ് ഡെപോര്‍ട്ടിവോയുമായിട്ടുള്ള ബാഴ്‌സയുടെ കിങ്ങ്‌സ് കപ്പ് ഫൈനല്‍.

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്‌സില്‍ നിന്നേറ്റ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ ക്ലബ് വിടുകയാണെന്നും ബാഴ്‌സലോണ പ്രതിരോധത്തിലാണെന്നും വന്ന വാര്‍ത്തകളുണ്ട്. സ്പാനിഷ് ലീഗില്‍ നിന്നേറ്റ ഈ കനത്ത പരാജയം ബാഴ്‌സ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്നറിയാന്‍ ഉദ്വേഗത്തോടെ കാത്തിരിക്കണം. അതേ സമയം ജൂണ്‍ 3-ന് യുവന്റസുമായി നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കൂടെ ജയിച്ച് ഇരട്ടകീരിടം നേടാനുള്ള തയ്യാറെടുപ്പിലാണ് സിദാന്‍ പരീശിലിപ്പിക്കുന്ന റയല്‍ സംഘം.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍