UPDATES

കായികം

റോസ്‌ഗോദില്‍ പാലുകാച്ച്.. സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ താലിക്കെട്ട്.. ക്ലൈമാക്‌സില്‍ അര്‍ജന്റീന

ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന-നൈജീരിയ, ക്രൊയേഷ്യ-ഐസ്‌ലന്‍ഡ് മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ എല്ലാം അനിശ്ചിതത്വത്തിലായിരുന്നു

Avatar

അമീന്‍

ഹോളിവുഡ് സിനിമയെ വെല്ലുന്ന ഉദ്വേഗം നിറഞ്ഞ അന്ത്യനിമിഷങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടി. സെന്റ് പീറ്റേഴ്സ്ബെര്‍ഗിലെയും റൊസ്തോവിലെയും പുല്‍മൈതാനങ്ങളില്‍ നൈജീരിയയുടെയും ഐസ്ലാന്‍ഡിന്റെയും കണ്ണീര്‍ വീണുണങ്ങി. നോക്കൗട്ട് ലഭിക്കാത്ത നിരാശയിലും ആഫ്രിക്കന്‍ വമ്പന്‍മാരായ നൈജീരിയയ്ക്കും പരിമിതികളില്‍ നിന്ന് ആദ്യ ലോകകപ്പിനെത്തിയ ഐസ്‌ലാന്‍ഡിനും അഭിമാനത്തോടെ തല ഉയര്‍ത്തിത്തന്നെ മടങ്ങാം. അവസാന നിമിഷം വരെ പ്രദര്‍ശിപ്പിച്ച പോരാട്ടവീര്യത്തിന്, കളിമികവിന്, ടീം സ്പിരിറ്റിന് ഒക്കെ അവര്‍ അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍, ഒത്തുകളി തടയുക എന്ന ലക്ഷ്യമുണ്ടെങ്കിലും ഗ്രൂപ്പിലെ ഒരേസമയം അവസാന മത്സരങ്ങള്‍ സംവിധാനം ചെയ്ത് ഉദ്വേഗത്തെ അതിന്റെ പാരമ്യത്തിലെത്തിച്ച ഫിഫയും ഒരു സല്യൂട്ട് അര്‍ഹിക്കുന്നു.

ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന-നൈജീരിയ, ക്രൊയേഷ്യ-ഐസ്‌ലന്‍ഡ് മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ എല്ലാം അനിശ്ചിതത്വത്തിലായിരുന്നു. നോക്കൗട്ട് ഉറപ്പിച്ച ക്രൊയേഷ്യയൊഴികെ മൂന്നു ടീമുകള്‍ക്കും സാധ്യത. മൂവരുടെയും സാധ്യതകള്‍ മറ്റു ടീമുകളുടെ മത്സരഫലങ്ങളെയും ആശ്രയിച്ചും. മത്സരം തുടങ്ങും മുമ്പ് ഗ്രൂപ്പില്‍ ഒരു മത്സരം ജയിച്ച നൈജീരിയയായിരുന്നു മൂന്ന് പോയിന്റുമായി ക്രൊയേഷ്യക്ക് പിന്നില്‍ രണ്ടാമത്. സമനിലയില്‍ നിന്ന് ലഭിച്ച ഓരോ പോയിന്റായിരുന്നു ഐസ്‌ലന്‍ഡിനും അര്‍ജന്റീനയ്ക്കുമുണ്ടായിരുന്നത്. ഗോള്‍ വ്യത്യാസത്തില്‍ ഐസ്‌ലന്‍ഡ് ഒരു ഗോളിന് മുന്നിലുമായിരുന്നു. ജയിച്ചാല്‍ നൈജീരിയ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും. സമനിലയായാലും ഐസ്‌ലന്‍ഡ് വമ്പന്‍ മാര്‍ജിനില്‍ ജയിച്ചാലേ ഭീഷണിയുള്ളൂ. അര്‍ജന്റീനയ്ക്ക് ജയവും ഐസ്‌ലന്‍ഡ് തോല്‍ക്കുകയും വേണം. അല്ലെങ്കില്‍ വിജയ മാര്‍ജിന്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലുമാകണം. ഐസ്‌ലന്‍ഡിന് ജയവും നൈജീരിയയുടെ തോല്‍വിയുമായിരുന്നു ആവശ്യം. അര്‍ജന്റീന ജയിച്ചാലും വന്‍ മാര്‍ജിനിലാവുകയുമരുത്.

കളി കണക്കുകളിലേക്കും കണക്കുകൂട്ടലുകള്‍ കളിയിലേക്കും പാറിനടന്ന നിമിഷങ്ങള്‍ക്കൊടുവില്‍ മത്സരങ്ങള്‍ക്ക് ഒരേസമയം തുടക്കമായി. മെസ്സിയുടെ മാന്ത്രികക്കാലുകള്‍ 14-ാം മിനിറ്റില്‍ തന്നെ നൈജീരിയന്‍ പ്രതിരോധം തകര്‍ത്തപ്പോള്‍ അര്‍ജന്റീനന്‍ ആരാധകര്‍ ആഘോഷത്തിലാഴ്ന്നു. ക്രൊയേഷ്യ-ഐസ്‌ലന്‍ഡ് മത്സരം ആദ്യപകുതി ഗോള്‍ രഹിതമായപ്പോള്‍ അര്‍ജന്റീന 1-0ന്റെ ആശ്വാസനിശ്വാസമിട്ടുകൊണ്ട് ഇടവേളയ്ക്ക് പിരിഞ്ഞു. എന്നാല്‍, ഹാഫ് ടൈമിന് ശേഷം ഉയിര്‍ത്തെണീറ്റ നൈജീരിയ 51-ാം മിനിറ്റില്‍ വിക്ടര്‍ മോസസിന്റെ പെനാല്‍റ്റിയിലൂടെ സമനില പിടിച്ചു. 53-ാം മിനിറ്റില്‍ ക്രൊയേഷ്യ സ്‌കോര്‍ ചെയ്തത് ആശ്വാസമായെങ്കിലും നൈജീരിയക്കെതിരെ സമനിലയില്‍ പോലും അര്‍ജന്റീനയെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും ഒരിഞ്ചു പോലും മുന്നോട്ടു നീക്കില്ലെന്നതായിരുന്നു സ്ഥിതി. ആക്രമണ പ്രത്യാക്രമണങ്ങളുമായി മത്സരം പുരോഗമിക്കേ റൊസ്തോവില്‍ നിന്നും അടുത്ത വാര്‍ത്തയെത്തി. 76-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഐസ്‌ലന്‍ഡ് സമനില പിടിച്ചിരിക്കുന്നു. സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ആരാധകര്‍ തൊണ്ടപൊട്ടി പാടിയെങ്കിലും അവരുടെ മികച്ച മുന്നേറ്റങ്ങള്‍ പോലും പെനാല്‍റ്റി ബോക്സില്‍ പൊലിഞ്ഞുകൊണ്ടിരുന്നു. ഡീഗോ മാറഡോണവരെ അതു കാണാനാകാതെ കണ്ണടച്ചു; തലതാഴ്ത്തി.

അവന്‍ ഇന്നലെ വെളിപ്പെട്ടു, സ്വപ്നങ്ങളില്‍ നമ്മോട് സംസാരിച്ചു

 

കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. രണ്ടു മത്സരങ്ങളിലും ഇനിയൊരു ഗോള്‍ പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥ. അര്‍ജന്റീന റിട്ടേണ്‍ ടിക്കറ്റ് ഉറപ്പാക്കിയ നിമിഷങ്ങള്‍. പക്ഷേ, ഫുട്ബോളെന്ന അനിശ്ചിതത്വം നിറഞ്ഞ ഗെയിം കാത്തുവെച്ചിരുന്നത് മറ്റൊന്നായിരുന്നു. അര്‍ജന്റീനയുടെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ പ്രതിരോധിച്ച നൈജീരിയക്ക് ചെറുതായൊന്നു പിഴച്ചു. പോസ്റ്റിനടുത്തുനിന്ന് ഗബ്രിയേല്‍ മെര്‍ക്കാഡോ നീട്ടിയ പന്ത് കാല്‍പാങ്ങിന് വരുമ്പോള്‍ ബോക്സിനകത്ത് മാര്‍ക്കസ് റോഹോ സര്‍വസ്വതന്ത്രന്‍. വന്നവേഗത്തില്‍ റോഹോ തൊഴിച്ചുവിട്ട പന്ത് വെടിയുണ്ട വേഗത്തില്‍ വലകുലുക്കിയപ്പോള്‍ ഞെട്ടിയത് നൈജീരിയ മാത്രാമായിരുന്നില്ല; സ്റ്റേഡിയം ഒന്നാകെയായിരുന്നു. ടിവിയില്‍ കളികണ്ടിരുന്നവ പോലും ഒരുവേള തലകുടഞ്ഞ് കണ്‍ചിമ്മി വീണ്ടും നോക്കിയിരിക്കണം. ടെലിവിഷന്‍ സ്‌ക്രീനില്‍ അര്‍ജന്റീന 2 നൈജീരിയ 1 എന്നെഴുതിനിപ്പുറം അപ്പോള്‍ മത്സരത്തിന്റെ സമയം 86 മിനിറ്റെന്നു കൂടി കാണാമായിരുന്നു. മത്സരം തീരാന്‍ അപ്പോള്‍ ബാക്കിയുണ്ടായിരുന്നത് (പിന്നീട് കൂട്ടിച്ചേര്‍ത്ത നാലു മിനിറ്റ് ഇഞ്ചുറി ടൈം ഉള്‍പ്പെടെ) എട്ടു മിനിറ്റ്.

അര്‍ജന്റീനയുടെ ഗോളിന്റെ അമ്പരപ്പ് തീരും മുമ്പേ അടുത്ത വാര്‍ത്തയുമെത്തി. ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യ ലീഡ് തിരിച്ചുപിടിച്ചിരിക്കുന്നു. ദൈവം അര്‍ജന്റീനയ്ക്കായി തിരക്കഥ എഴുതുകയാണോ എന്ന് അവരുടെ കടുത്ത ആരാധകര്‍ പോലും സംശയിച്ചിരിക്കാം. കളി ഇഞ്ചുറി ടൈമിലേക്ക് നീങ്ങുന്നു. ഇരു കളികളിലും നാലു മിനിറ്റ് അധികസമയം. ഇനിയുമൊരു ഗോളിലേക്ക്, ആന്റി ക്ലൈമാക്സിലേക്ക് കളി നീങ്ങുമോ എന്ന് അര്‍ജന്റീനയും ആരാധകരും മുള്‍മുനയില്‍. അതുവരെയുള്ള കളിയുടെ ഗതി ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ടെലിവിഷനില്‍ ഒരു മത്സരവും മൊബൈല്‍ സ്‌ക്രീനില്‍ മറ്റൊരു മത്സരവും കണ്ടുപോയ നിമിഷങ്ങള്‍. പന്ത് കയ്യില്‍വെക്കാന്‍ അര്‍ജന്റീനയും തട്ടിയെടുത്ത് കുതിപ്പു നടത്താന്‍ വെമ്പുന്ന നൈജീരിയയും ഒരു വശത്ത്. മറുവശത്ത് ഒരു ഗോളിനായി സര്‍വവും മറന്ന് കളിക്കുന്ന ഐസ്‌ലന്‍ഡുകാര്‍..

അവന്‍ ഉയര്‍ത്തെഴുന്നേറ്റു; അര്‍ജന്റീനയുടെ വിജയം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

പത്തു മിനിറ്റ് മുമ്പ് ഇഞ്ചുറി ടൈം പരമാവധി ലഭിക്കണേ എന്നു പ്രാര്‍ത്ഥിച്ച അര്‍ജന്റീനക്കാര്‍ക്ക് നാലു മിനിറ്റ് അധികസമയം നാലു യുഗങ്ങളായി തോന്നിയിരിക്കണം. കളിയുടെ വേഗം കുറയ്ക്കാനുള്ള ശ്രമത്തില്‍ ഇതിനിടെ മെസ്സി ഒരു മഞ്ഞക്കാര്‍ഡും വാങ്ങി. സ്‌ക്രീനിലെ സമയം 94-ാം മിനിറ്റില്‍ തൊട്ട നിമിഷം അര്‍ജന്റീനന്‍ ഡഗ് ഔട്ടില്‍ നിന്നും മാനേജര്‍ സാംപോളിയും മറ്റു താരങ്ങളും ലോങ് വിസിലിനായി മുറവിളി കൂട്ടി എഴുന്നേറ്റു. ഗ്രൗണ്ടില്‍ നിന്നും ചില അര്‍ജന്റീനന്‍ താരങ്ങളും കൈ ഉയര്‍ത്തുന്നത് കാണാമായിരുന്നു. ഇതിനിടെ നൈജീരിയ ഒരവസാന കുതിപ്പ് നടത്തി. അവസാന നിമിഷങ്ങളുടെ ആലസ്യത്തില്‍ ചിന്നിച്ചിതറിയിരുന്ന അര്‍ജന്റീനന്‍ ബോക്സിലേക്കുള്ള ആ കുതിപ്പ് അപകടകരമായിരുന്നു. എന്നാല്‍, ദൈവത്തിന്റെ തിരക്കഥ അര്‍ജന്റീനയ്ക്കനുകൂലമായിരുന്നു. പന്ത് മുന്നോട്ടുകയറിവന്ന അര്‍ജന്റീനന്‍ ഗോളി ഫ്രാങ്കോ അര്‍മാനിയുടെ കയ്യില്‍. അര്‍മാനി പന്തുമായി പച്ചപ്പുല്‍പ്പരപ്പിലേക്ക് കമിഴ്ന്നു. ലയണല്‍ മെസ്സിയെന്ന ഇതിഹാസം ആശ്വാസ നിശ്വാസമുതിര്‍ത്ത് നിലത്ത് കിടന്നു.

ലോങ് വിസില്‍ മുഴങ്ങി. ടീം മാനേജര്‍ സാംപോളി ക്രൊയേഷ്യക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ തോറ്റപ്പോഴെന്ന പോലെ വേഗത്തില്‍ ഡ്രസ്സിങ് റൂമിലേക്ക് പിന്തിരിഞ്ഞു നടന്നു. അപ്പോഴേക്കും സ്റ്റേഡിയം അര്‍ജന്റീന്‍ ആരാധകരുടെ ആഹ്ലാദത്താല്‍ പൊട്ടിത്തെറിച്ചിരുന്നു. വലിയ വേദിയിലെ വലിയ മത്സരത്തില്‍ വലിയ പോരാട്ടം നടത്തി തോറ്റതിന്റെ നിരാശയില്‍ നൈജീരിയന്‍ ടീമംഗങ്ങള്‍ തലതാഴ്ത്തി മൈതാനത്തിരുന്നു. ഇതിനിടെ ക്രൊയേഷ്യ-ഐസ്‌ലന്‍ഡ് മത്സരവും 2-1ന് അവസാനിച്ചിരുന്നു. ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി ഐസ്‌ലന്‍ഡ് ചാമ്പ്യന്‍മാര്‍. നാലു പോയിന്റുമായി അര്‍ജന്റീന രണ്ടാമത്. മൂന്ന് പോയിന്റുമായി നൈജീരിയയും ഒരു പോയിന്റുമായി ഐസ്‌ലന്‍ഡും പുറത്ത്.

“എല്ലാവരും കയറിക്കളിക്കണം” ക്യാപ്റ്റന്‍ മെസി പറഞ്ഞു; അങ്ങനെയാണ് സെന്റ്‌ പീറ്റെഴ്സ്ബര്‍ഗിലെ പുല്ലിന് തീ പിടിച്ചത്

ഗ്രൂപ്പ് ഡിയില്‍ നിന്ന് അപരാജിതരായെത്തുന്ന ക്രൊയേഷ്യക്ക് പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് സിയിലെ രണ്ടാംസ്ഥാനക്കാരായ ഡെന്‍മാര്‍ക്കാണ് എതിരാളികള്‍. കഷ്ടിച്ച് കടന്നുകൂടിയ അര്‍ജന്റീനയ്ക്ക് ഫ്രാന്‍സും. കിരീടമോഹവുമായെത്തുന്ന ഫ്രാന്‍സിനെ തളയ്ക്കാന്‍ അര്‍ജന്റീനയ്ക്ക് ഭാഗ്യത്തെ ഏറെ ആശ്രയിക്കാനാകില്ല. നൈജീരിയക്കെതിരായ മത്സരത്തിലെ അവസാന മിനിറ്റുകളിലെ ഒത്തിണക്കം തുടര്‍ന്നാല്‍.. ആ കളി കളിച്ചാല്‍.. അതേ പോലെ കളിച്ചാല്‍.. മെസിപടയ്ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി ‘ഈജിപ്തിന്റെ ഖലീഫ’

ഒടുവില്‍ മെസി ചിരിച്ചു, ലോകവും; ആ ഗോളുകള്‍ കാണാം

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

അര്‍ജന്റീന തോറ്റാലും മെസിയുടെ പിറന്നാള്‍ ഈ ചായക്കടക്കാരന്‍ കേമമാക്കും

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍