UPDATES

കായികം

PREVIEW: ദ.കൊറിയക്ക് വെല്ലുവിളി മെക്‌സിക്കന്‍ വന്‍മതില്‍ ഒച്ചാവോ

കൊറിയയും, മെക്സിക്കോയും ഇത് ഏഴാം തവണയാണ് ഏറ്റു മുട്ടുന്നത് ഇരു ടീമുകളും ഈരണ്ട് മത്സരങ്ങൾ വീതം ജയിച്ചപ്പോൾ രണ്ടു മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ കലാശിച്ചു.

ആദ്യ മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ മെക്‌സിക്കന്‍ പട തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. ദക്ഷിണ കൊറിയ ഏകപക്ഷീയമായ ഒരു ഗോളിന് സ്വീഡന് മുന്നില്‍ തോല്‍വി സമ്മതിച്ചു കൊണ്ടാണ് റഷ്യന്‍ ലോകകപ്പിന് ആരംഭം കുറിച്ചത്. റൂസ്റ്റോ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 08.30-ന് ആണ് മത്സരം.

നേരത്തെ മികച്ച തന്ത്രം കൊണ്ട് ജര്‍മ്മനിയെ വെള്ളം കുടിപ്പിച്ച മെക്‌സിക്കോയ്ക്കു വേണ്ടി ഹിര്‍വിങ് ലൊസാനോയാണ് മുപ്പത്തിയഞ്ചാം മിനിറ്റില്‍ ചാമ്പ്യന്മാരെ വീഴ്ത്തിയ ഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു ഇത്. അതും ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ. ദക്ഷിണ കൊറിയക്കെതിരെയും മെക്‌സിക്കോയുടെ പ്രധാന പ്ലേയ് മേക്കര്‍ ലോസാനോ ആയിരിക്കും.

ജര്‍മ്മനി-മെക്‌സിക്കോ ഹൈലെറ്റ്‌സ്

ജര്‍മ്മന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച് കൗണ്ടര്‍ അറ്റാക്കുമായി കളം നിറഞ്ഞു കളിച്ച അതെ ശൈലി മെക്‌സിക്കോ ഇന്നും പിന്തുടര്‍ന്നാല്‍ ദക്ഷിണ കൊറിയയുടെ പ്രതിരോധം കുഴയും. അവസാന മിനിറ്റുകളില്‍ ജര്‍മ്മനി നിരന്തരം മെക്സിക്കോയുടെ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഒച്ചാവോ പണിത മതില്‍ പൊളിക്കാനായില്ല. ജര്‍മ്മനിക്കെതിരെയുള്ള മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ ഒച്ചാവോയുടെ പ്രകടനം ഇത് വരെയുള്ള മത്സരങ്ങയിലെ ഏറ്റവും മികവുറ്റതാണെന്ന് കളി നിരീക്ഷകര്‍ വിലയിരുത്തുന്നു. ജര്‍മനിക്കെതിരെ ഇറങ്ങിയ അതെ ടീമിന് തന്നെയായിരിക്കും മെക്‌സിക്കോ ഇന്നും പരീക്ഷിക്കാന്‍ സാധ്യത.

നേരത്തെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊറിയക്കെതിരെ സ്വീഡന്‍ ജയം സ്വന്തമാക്കിയത്. 65ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റിന്റെ പെനാല്‍റ്റി ഗോളാണ് സ്വീഡന് ജയം സമ്മാനിച്ചത്. കിം വിന്‍ മൂന്‍ ക്ലാസനെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിക്കപ്പെട്ടത്. വീഡിയോ റഫറിയാണ് പെനാല്‍റ്റി വിധിച്ചത്. മറുപടി ഗോളിനായി അവസാന മിനുട്ട് വരെ കൊറിയ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പ്രതിരോധ നിര താരം കിം മിന്‍ വൂ പരുക്കേറ്റ് പുറത്ത് പോയതും കൊറിയക്ക് തിരിച്ചടിയായി.


സ്വീഡന്‍-ദ.കൊറിയ ഹൈലെറ്റ്‌സ്‌

ജര്‍മ്മനിയും, സ്വീഡനും ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍ ആണ് ഏഷ്യന്‍ പ്രതീക്ഷയായ സൗത്ത് കൊറിയ ഉള്‍പ്പെടുന്നത്. ആദ്യ മത്സരത്തില്‍ തോല്‍വി പിണഞ്ഞെങ്കിലും അടുത്ത റൗണ്ടിലേക്കുള്ള പ്രവേശന സാധ്യതകള്‍ ഇപ്പോഴും സജീവമാണ്. ജര്‍മ്മനി, മെക്‌സിക്കോ എന്നീ രണ്ടു കടമ്പകള്‍ കടന്നു കിട്ടിയാല്‍ കൊറിയയും ആദ്യത്തെ പതിനാറില്‍ സ്ഥാനം പിടിക്കും.

നായകന്‍ കി സങ് യങ്ങും, സ്‌ട്രൈക്കര്‍ ഹ്യൂങ് മിന്‍ സണും സ്വീഡനെതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതാണ് ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ കൊറിയന്‍ ക്യാമ്പിന്റെ ആശ്വാസം. എന്നാല്‍ പ്രതിരോധത്തിലെ പിഴവുകളും, പരിചയക്കുറവും പരിശീലകന്‍ ഷിന്‍ തെ യോങ്ങിന് തലവേദനയാകും. മുന്‍പും ലോകകപ്പുകളില്‍ അത്ഭുതം സൃഷ്ടിച്ചിട്ടുള്ള കൊറിയക്കു ഇത്തവണയും അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊറിയന്‍ ഫുട്ബാള്‍ പ്രേമികള്‍.

കൊറിയയും, മെക്‌സിക്കോയും ഇത് ഏഴാം തവണയാണ് ഏറ്റു മുട്ടുന്നത്. ഇരു ടീമുകളും ഈരണ്ട് മത്സരങ്ങള്‍ വീതം ജയിച്ചപ്പോള്‍ രണ്ടു മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍