UPDATES

ട്രെന്‍ഡിങ്ങ്

96 മിനുറ്റ് 46 സെക്കന്‍ഡ്; ആദ്യം ചിരിച്ച നെയ്മര്‍ പിന്നെ കരഞ്ഞതെന്തിന്?

മല്‍സരത്തിന്റെ അവസാന നിമിഷത്തില്‍ കുട്ടീഞ്ഞോയുടെയും നൈമറിന്റെയും ഗോള്‍ വീണില്ലായിരുന്നെങ്കില്‍ ബ്രസീലിന്റെയും നൈമറിന്റെയും വിധി മറ്റൊന്നായേനെ.

96 മിനിറ്റ് 46 സെക്കന്റ്, ബ്രസീല്‍ – കോസ്‌റ്ററിക്ക മല്‍സരം നിശ്ചിത സമയം പിന്നിട്ട് ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയപ്പോള്‍ മത്സരത്തില്‍ ബ്രസീല്‍ വിജയം ഉറപ്പിച്ചുകൊണ്ട് നൈമര്‍ ഗോള്‍ നേടിയ നിമിഷം. ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന സമയം. 91ാം മിനിറ്റില്‍ കുട്ടീഞ്ഞോയുടെ ഗോളിന് തൊട്ടുപിറകെ 2018 ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേടിയ നൈമര്‍ ആദ്യം ചിരിച്ചു. പിന്നീട് മൈതാനത്ത് മുഖം പൊത്തിയിരുന്ന് വിതുമ്പി. എന്തിനായിരുന്നു നൈമര്‍ വികാരാധീനനായത്? മല്‍സര ശേഷം ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം അറിയാന്‍ ആഗ്രഹിച്ചത് അതായിരുന്നു. അരാധകരുടെ ആഗ്രഹം പോലെതന്നെ സംഭവത്തില്‍ വിശദ്ധീകരണവുമായി നൈമര്‍ തന്നെ രംഗത്തെത്തി.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു നൈമറിന്റെ പ്രതികരണം. ഞാനിവിടെ വന്നതെന്തിനാണെന്ന് എല്ലാവര്‍ക്കും അറിയില്ല. ഇതെന്റെ സന്തോഷ കണ്ണുനീരായിരുന്നു, എന്റെ ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല, ഇതുവരെയും, സ്വപ്‌നം തുടരുന്നു, അല്ല സ്വപ്‌നമല്ല, ലക്ഷ്യം – നൈമര്‍ പറയുന്നു.

എന്നാല്‍, മത്സരത്തിന്റെ അവസാന നിമിഷത്തില്‍ കുട്ടീഞ്ഞോയുടെയും നൈമറിന്റെയും ഗോള്‍ വീണില്ലായിരുന്നെങ്കില്‍ ബ്രസീലിന്റെയും നൈമറിന്റെയും വിധി മറ്റൊന്നായേനെ. പിന്നെ എങ്ങനെ നെയ്‌മറിന് കരയാതിരിക്കാനാവും? മത്സരം സമനിലയില്‍ അവസാനിച്ചിരുന്നെങ്കില്‍ റഷ്യയിലെ ബ്രസീലിന്റെ പെരുമ അവസാനിക്കുമായിരുന്നു. നൈമര്‍ ദുരന്ത നായകനായിമാറുമായിരുന്നു.

അതൊന്നും ഉണ്ടായില്ല, കളി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ മുന്‍പ് നൈമര്‍ നേടിയ ഗോള്‍ തിരികെ കൊണ്ടുവന്നത് തന്റെ നായക പരിവേഷമാണ്. ഫിറ്റ്‌നസിനെ അലട്ടുന്ന പരിക്കുമായിട്ടായിരുന്നു നൈമര്‍ ഇത്തവണ റഷ്യയിലെത്തിയത്. താരം 100 ശതമാനം ഫിറ്റല്ലെന്ന കോച്ച് പോലും അഭിപ്രായപ്പെടുന്ന അവസ്ഥ. സ്വിറ്റ്‌സര്‍ലാന്റിനെതിരായ മല്‍സരത്തില്‍ പാളിപ്പോയ നീക്കങ്ങള്‍ അരാധകരെ കൊണ്ടു പോലും പറയിച്ചു നൈമര്‍ പൂര്‍ണ സജ്ജനല്ലെന്ന്.

നൈമറിന് മുന്നില്‍ 2014 ലോകകപ്പിന്റെ വേദന കൂടി ബാക്കിയുണ്ടായിരുന്നു. കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ പരിക്കേറ്റ് പിന്‍മാറേണ്ടി വന്നതിന്റെ വേദന. അതും മറികടക്കണമായിരുന്നു ആ യുവതാരത്തിന്. ഇത്തരത്തില്‍ സമ്മര്‍ദങ്ങളുടെ നടുവില്‍ കളിച്ചിരുന്ന നൈമര്‍, ഇത്തരമൊരു നേട്ടം സ്വന്തമാക്കുമ്പോള്‍ കരയുകയല്ലാതെ പിന്നെ എന്തു ചെയ്യും?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍